‘ബാലേട്ടനും മക്കളും വീണ്ടും കണ്ടുമുട്ടി! മോഹൻലാലിനെ നേരിൽ കണ്ട് ഗോപിക..’ – അവസരം ഒരുക്കി ഗോവിന്ദ് പദ്മസൂര്യ

മോഹൻലാലിനെ നായകനാക്കി വിഎം വിനു സംവിധാനം ചെയ്ത സൂപ്പർഹിറ്റായി മാറിയ ചിത്രമായിരുന്നു ബാലേട്ടൻ. കുടുംബപ്രേക്ഷകർ ഏറ്റെടുത്ത ആ സിനിമ തിയേറ്ററുകളിൽ വലിയ വിജയമായി തീർന്നു. ഒരു നാട്ടിൻപുറത്ത് നടക്കുന്ന കഥയായിരുന്നു. മലയാളികളുടെ ലാലേട്ടൻ ബാലേട്ടൻ എന്ന കഥാപാത്രമായി മികച്ച പ്രകടനം കാഴ്ചവച്ചപ്പോൾ അദ്ദേഹത്തിന്റെ ഭാര്യ റോളിൽ തിളങ്ങിയത് നടി ദേവയാനി ആയിരുന്നു.

സിനിമയിൽ മോഹൻലാലിന് രണ്ട് മക്കളുള്ള കഥാപാത്രമായിരുന്നു. ആ രണ്ട് മക്കളായി അഭിനയിച്ചവർ യഥാർത്ഥ ജീവിതത്തിലും സഹോദരിമാരായിരുന്നു. ഗോപിക അനിൽ, കീർത്തന അനിൽ എന്നിവരായിരുന്നു ബാലേട്ടനിൽ മോഹൻലാലിൻറെ മക്കളായി അഭിനയിച്ചത്. ഇതിൽ ഗോപിക ഇപ്പോൾ സാന്ത്വനം എന്ന സീരിയലിലെ അഞ്ജലി എന്ന കഥാപാത്രമായി തിളങ്ങി കൊണ്ടിരിക്കുകയാണ്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ്.

ഗോപിക ബാലേട്ടനിൽ അഭിനയിക്കുന്നതിന് മുമ്പ് ശിവം എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷമായിരുന്നു ഗോപികയുടെ വിവാഹനിശ്ചയം നടന്നത്. നടനും അവതാരകനുമായ ഗോവിന്ദ് പദ്മസൂര്യയാണ് ഗോപികയുടെ ഭാവിവരൻ. വിവാഹം ഈ ജനുവരി മാസം 28-നാണ്. വിവാഹത്തിന് മുന്നോടിയായി ഗോവിന്ദ് പദ്മസൂര്യ ഗോപികയ്ക്കും കുടുംബത്തിനും ഒരു വലിയ സർപ്രൈസ് നൽകിയിരിക്കുകയാണ്.

മോഹൻലാലിനെ വിവാഹം ക്ഷണിക്കാൻ വേണ്ടി സർപ്രൈസ് ആയി ഗോപികയെയും കുടുംബത്തെയും കൂട്ടുന്നതാണ് വീഡിയോയിൽ കാണിച്ചിരിക്കുന്നത്. വർഷങ്ങൾക്ക് ശേഷം ബാലേട്ടന്റെ മക്കൾ അദ്ദേഹവുമായി വീണ്ടും ഒന്നിച്ച് നിൽക്കുന്ന ഫോട്ടോയും ഇതിനോടകം വൈറലായി കഴിഞ്ഞു. ഗോപികയും ഗോവിന്ദും ഒരുമിച്ച് മോഹൻലാലിന് ഒപ്പം നിൽക്കുന്ന ഫോട്ടോയുമുണ്ട്. എമ്പുരാന്റെ ഷൂട്ടിങ്ങിന് വേണ്ടി മോഹൻലാൽ അമേരിക്കയിലേക്ക് പോവുകയാണ്. അതുകൊണ്ട് വിവാഹത്തട്ടിൽ പങ്കെടുക്കുമോ എന്നത് സംശയമാണ്.