‘ഹണി മൂൺ ആഘോഷിക്കാൻ നേപ്പാളിൽ! കാഠ്മണ്ഡു ചുറ്റിക്കണ്ട് ഗോവിന്ദും ഗോപികയും..’ – ഫോട്ടോസ് വൈറൽ

മലയാളികൾ ഏറെ ആസ്വദിച്ച് കണ്ടൊരു താരവിവാഹമായിരുന്നു കഴിഞ്ഞ മാസം നടന്ന നടൻ ഗോവിന്ദ് പദ്മസൂര്യയുടെയും നടി ഗോപിക അനിലിന്റേയും വിവാഹം. മലയാള സിനിമ, സീരിയൽ രംഗത്ത് പ്രവർത്തിക്കുന്ന ഒരുപാട് താരങ്ങൾ പങ്കെടുത്തോരു താരവിവാഹം തന്നെയായിരുന്നു ഇരുവരുടെയും. വിവാഹം കഴിഞ്ഞ് ഇരുവരുടെയും ആരാധകർ കാത്തിരുന്നത് എവിടേക്കാണ് ഹണിമൂൺ ആഘോഷിക്കാൻ പോകുന്നതെന്നായിരുന്നു.

ഇപ്പോഴിതാ ഇരുവരും ഒരുമിച്ച് നേപ്പാളിലെ കാഠ്മണ്ഡുവിൽ യാത്ര ചെയ്തതിന്റെ ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. “നമ്മുടെ ഏറ്റവും സൗഹൃദവും സന്തോഷകരവുമായ അയൽപക്കമായ നേപ്പാളിലെ ബുദ്ധൻ്റെ നാട്ടിൽ ഞങ്ങളുടെ മുദ്രകൾ അടയാളപ്പെടുത്തിക്കൊണ്ട് ഞങ്ങൾ ഞങ്ങളുടെ ആദ്യത്തെ അന്താരാഷ്ട്ര യാത്ര ആരംഭിച്ചു! മലയാളിയുടെ സ്വന്തം അക്കുസോട്ടോയുടെയും ഉണ്ണിക്കുട്ടൻ്റെയും കുട്ടിമാമയുടെയും ഡോൾമ അമ്മായിയുടെയും നാട്.

കുട്ടിമാമ ഞങ്ങൾ ശരിക്കും ഞെട്ടി മാമാ..”, ഗോവിന്ദ് ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് കുറിച്ചു. ജിജി സെലിബ്രേഷൻസ് എന്ന ഹാഷ്ടാഗും ചിത്രങ്ങൾക്ക് ഒപ്പം ഗോവിന്ദ് കുറിച്ചിട്ടുണ്ട്. ഇരുവരും ഒരുമിച്ച് ഒരു ബുദ്ധ ക്ഷേത്രത്തിൽ നിൽക്കുന്നതിന്റെ ഫോട്ടോസും ഗോവിന്ദ് പോസ്റ്റ് ചെയ്തിട്ടുണ്ട്. പ്രണയ ദിനത്തിലാണ് ഇരുവരും നേപ്പാളിൽ എത്തിയിരിക്കുന്നതെന്നും ശ്രദ്ധേയമായ ഒരു കാര്യമാണ്. വേറെയും ഫോട്ടോസ് ഇരുവരും പോസ്റ്റ് ചെയ്തിട്ടുണ്ട്.

സാധാരണ എല്ലാവരും ഹണിമൂൺ ആഘോഷിക്കാൻ മാലിദ്വീപിലും തായ്‌ലൻഡിലും ഒക്കെയല്ലേ പോകുന്നത് ജിപിയും ഗോപികയും നേപ്പാളിലേക്ക് ആണല്ലോ പോയതെന്നും ചിലർ സംശയം ചോദിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ബാംഗ്ലൂരിലെ വണ്ടർലായിൽ പോയതിന്റെ ചിത്രങ്ങളും ഇരുവരും പങ്കുവച്ചിട്ടുണ്ടായിരുന്നു. ഗോപികയുടെ അനിയത്തി കീർത്തനയും ഒപ്പമുണ്ടായിരുന്നു. രണ്ടുപേർക്കും ഒപ്പമുള്ള ഫോട്ടോയും ജിപി പോസ്റ്റ് ചെയ്തിരുന്നു.