സിനിമയിൽ പ്രേക്ഷകർ സ്വീകരിച്ച കഥാപാത്രങ്ങൾ വീണ്ടും ബിഗ് സ്ക്രീനിൽ കാണാൻ ആഗ്രഹിക്കുന്ന ഒരുപാട് പേരുണ്ട്. ആ കഥാപാത്രത്തെ വേറെയൊരു താരമാണ് അവതരിപ്പിച്ചിരുന്നെങ്കിൽ എന്തായിരിക്കും സംഭവിക്കുക എന്ന് ചിന്തിക്കുന്നവരുമുണ്ട്. വർഷങ്ങൾക്ക് മുമ്പ് പ്രേക്ഷകർ സ്വീകരിച്ച കഥാപാത്രങ്ങൾ മറ്റൊരു രീതിയിൽ തിരിച്ചുവരണമെന്ന് ആഗ്രഹിക്കുന്നവർക്ക് സോഷ്യൽ മീഡിയയുടെ വരവോടെ അത് സാധ്യമാവാറുണ്ട്.
യുവതാരങ്ങൾ ആ ലുക്കിൽ ഫോട്ടോഷൂട്ടുകൾ ചെയ്താണ് പ്രേക്ഷകരെ വീണ്ടും ഓർമ്മിപ്പിക്കുന്നത്. തമിഴിൽ രജനികാന്തും മമ്മൂട്ടിയും ഒരുമിച്ച് അഭിനയിച്ച് സൂപ്പർഹിറ്റായി മാറിയ ഒരു സിനിമയായിരുന്നു ദളപതി. അതിൽ മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള നടി ശോഭന ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. സുബ്ബലക്ഷ്മി എന്ന കഥാപാത്രത്തെയാണ് ശോഭന ആ സിനിമയിൽ അവതരിപ്പിച്ചത്. ഒരു ട്രഡീഷണൽ തമിഴ് പെൺകുട്ടിയായിരുന്നു അത്.
ഇപ്പോഴിതാ ദൃശ്യത്തിലെ തെന്നിന്ത്യയിലെ ഒട്ടാകെ ശ്രദ്ധനേടിയ നടി എസ്തർ അനിൽ ശോഭന അവതരിപ്പിച്ച ആ കഥാപാത്രത്തിന്റെ ലുക്കിൽ ഒരു ഫോട്ടോഷൂട്ട് ചെയ്തിരിക്കുകയാണ്. ശോഭനയെ പോലെ തന്നെ ഒരു തമിഴ് പെൺകുട്ടിയെ പോലെ സാരിയിൽ അതിസുന്ദരിയായി എസ്തറിനെയും ചിത്രങ്ങളിൽ കാണാൻ സാധിക്കും. ഐശ്വര്യ രാജാണ് ഈ മനോഹരമായ ലുക്കിലെ ഫോട്ടോഷൂട്ട് എടുത്തിരിക്കുന്നത്.
“ദളപതിയിൽ നിന്ന് ശോഭന മാമിന്റെ ലുക്ക് പുനഃസൃഷ്ടിക്കാൻ ഞങ്ങൾ ശ്രമിച്ചു. സിനിമ ഷൂട്ട് ചെയ്ത അതേ ലൊക്കേഷനിൽ. ഇത് പരീക്ഷിച്ചത് വളരെ മികച്ച അനുഭവമാണ്..”, എസ്തർ ഫോട്ടോഷൂട്ട് പോസ്റ്റ് ചെയ്തതിന് ഒപ്പം കുറിച്ചു. ആര്യ ദി ട്രാൻസ്ഫോർമിംഗ് സ്റ്റുഡിയോയാണ് എസ്തറിന് മേക്കപ്പ് ചെയ്തിരിക്കുന്നത്. ശോഭനയുടെ ലുക്ക് വന്നിട്ടില്ലെന്ന് ചിലർ അഭിപ്രായം പങ്കുവച്ചിട്ടുണ്ടെങ്കിലും കൂടുതലും നന്നായിട്ടുണ്ടെന്നാണ് പറഞ്ഞത്.