‘മകന് കാൻസർ സ്ഥിരീകരിച്ചിട്ട് ഇന്നേക്ക് 10 വർഷം..’ – ഹൃദയം തൊടുന്ന കുറിപ്പുമായി ബോളിവുഡ് നടൻ ഇമ്രാൻ ഹാഷ്മി

കേരളത്തിലെ യുവതീയുവാക്കൾക്ക് ഇടയിൽ 2003-2008 കാലഘട്ടങ്ങളിൽ ഏറെ തരംഗമായി തീർന്നിരുന്ന ഒരു ബോളിവുഡ് നടനായിരുന്നു ഇമ്രാൻ ഹാഷ്മി. ഗ്ലാമറസ് ഗാനങ്ങൾ രംഗങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ പോലും ഇടംപിടിച്ച ഇമ്രാൻ ഹാഷ്മി ആ കാലത്ത് ഏറെ തിരക്കുള്ള ഒരു യുവനടൻ ആയിരുന്നു. ബോളിവുഡിൽ അദ്ദേഹം നായകനായി അഭിനയിച്ച് നിരവധി സൂപ്പർഹിറ്റുകളാണ് ആ കാലഘട്ടത്തിൽ സമ്മാനിച്ചിട്ടുള്ളത്.

ഇപ്പോഴും ബോളിവുഡിൽ സജീവമായി നിൽക്കുന്ന അദ്ദേഹം കഴിഞ്ഞ വർഷം സെൽഫി, ടൈഗർ 3 തുടങ്ങിയ സിനിമകളുടെ ഭാഗമായി മാറുകയും ചെയ്തിരുന്നു. ഇമ്രാനെ പോലെ തന്നെ അദ്ദേഹത്തിന്റെ മകനും പ്രേക്ഷകർക്ക് സുപരിചിതനാണ്. അത് മകൻ സിനിമയിൽ അഭിനയിച്ചിട്ടുള്ളതുകൊണ്ടല്ല. ഒരു ക്യാൻസർ വിമുക്തൻ ആയതുകൊണ്ടാണ്. ചെറിയ പ്രായത്തിൽ തന്നെ അതിനോട് പോരാടി ജയിച്ച് വന്നയൊരാളാണ്.

ഇപ്പോഴിതാ മകന് ആദ്യമായി കാൻസർ എന്നെന്ന് സ്ഥിരീകരിച്ചിട്ട് പത്ത് വർഷങ്ങൾ പിന്നിട്ടെന്ന് അദ്ദേഹം തന്റെ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുകയാണ്. ഏവരുടെയും ഹൃദയം തൊടുന്ന തരത്തിലുള്ള ഒരു കുറിപ്പാണ് ഇമ്രാൻ ഹാഷ്മി പങ്കുവച്ചിട്ടുള്ളത്. “ഈ ദിവസം തന്നെ അയാൻ രോഗനിർണയം നടത്തിയിട്ട് പത്ത് വർഷമായി. ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ ഘട്ടം, എന്നാൽ വിശ്വാസത്തോടും പ്രത്യാശയോടും കൂടി ഞങ്ങൾ അതിനെ മറികടന്നു.

അതിലും പ്രധാനമായി, അവൻ അതിനെ തരണം ചെയ്തു.. ശക്തമായി നിലകൊണ്ടു. നിങ്ങളുടെ സ്നേഹത്തിനും പ്രാർത്ഥനയ്ക്കും കൂടെ നിന്നതിന് നന്ദി..”, ഇമ്രാൻ ആരാധകരുമായി പങ്കുവച്ചു. മകനൊപ്പമുള്ള ഒരു പഴയ ഫോട്ടോയാണ് ഇമ്രാൻ പോസ്റ്റ് ചെയ്തത്. “എനിക്ക് എപ്പോഴും ആശ്രയിക്കാൻ കഴിയുന്ന ഒരാൾ. എൻ്റെ മകൻ, എൻ്റെ സുഹൃത്ത്, എൻ്റെ സൂപ്പർഹീറോ – അയാൻ..”, മകൻ ഒപ്പമുള്ള പുതിയ ഒരു ഫോട്ടോ പങ്കുവച്ചുകൊണ്ട് മറ്റൊരു പോസ്റ്റിൽ ഇമ്രാൻ കുറിച്ചു.