‘എത്ര വയസ്സുണ്ടെങ്കിലും നിങ്ങളുടെ കണ്ണിൽ മക്കളും കൊച്ചുമക്കളും ഒരേ പ്രായക്കാരാണ്..’ – ഉമ്മയ്ക്ക് ജന്മദിനം ആശംസിച്ച് ദുൽഖർ

മാതാപിതാക്കളുടെ പാത പിന്തുടർന്ന് സിനിമയിലേക്ക് എത്തിയ നിരവധി താരങ്ങൾ മലയാള സിനിമയിലുണ്ട്. ഇത്തരത്തിൽ മലയാളത്തിലെ മെഗാസ്റ്റാറായ മമ്മൂട്ടിയുടെ പാത പിന്തുടർന്ന് സിനിമയിലേക്ക് എത്തിയ താരമാണ് നടൻ ദുൽഖർ സൽമാൻ. ഇന്ന് ഇന്ത്യൻ സിനിമയിൽ തന്നെ അറിയപ്പെടുന്ന താരമായി ദുൽഖർ വളർന്നു കഴിഞ്ഞു. ബോളിവുഡിലും തെന്നിന്ത്യയിലെ ഒരുപോലെ അഭിനയിച്ച് പ്രേക്ഷകർ പ്രിയങ്കരനായി മാറി.

മമ്മൂട്ടിയുടെ ഭാര്യയും ദുൽഖറിന്റെ ഉമ്മയുമായ സുൽഫത്തിന്റെ ജന്മദിനമായിരുന്നു ഈ കഴിഞ്ഞ ദിവസം. ജന്മദിനത്തിൽ ദുൽഖർ എഴുതിയ മനോഹരമായ കുറിപ്പാണ് ശ്രദ്ധനേടുന്നത്. ഉമ്മയുടെ ഒരു പഴയ ഫോട്ടോ പങ്കുവച്ചുകൊണ്ടാണ് ദുൽഖർ കുറിപ്പ് എഴുതിയത്. “എൻ്റെ പ്രിയപ്പെട്ട ഉമ്മാ, നിങ്ങളുടെ ജന്മദിനത്തിന് പോസ്റ്റുചെയ്യാൻ ഞാൻ ഫോട്ടോകൾ നോക്കുകയായിരുന്നു, ഈ ചിത്രം ഞാൻ കണ്ടെത്തി. ഈ സാരിയിൽ നിങ്ങൾ എന്റെ കുട്ടിക്കാലത്തേയും ഞങ്ങളുടെ ചിത്രങ്ങളേയും ഓർമ്മിപ്പിച്ചു.

ഞാൻ മറിയത്തേക്കാൾ(ദുൽഖറിന്റെ മകൾ) ചെറുപ്പമായിരുന്നു. അത് പോലെ തന്നെ ഞാൻ വീണ്ടും ഒരു കുട്ടിയായ പോലെ തോന്നി. നിങ്ങൾ ഇപ്പോഴും എന്നെ അങ്ങനെയാണ് കാണുന്നത് എന്ന് എനിക്കറിയാം, വാസ്തവത്തിൽ ഞങ്ങളെ എല്ലാവരെയും. ഞങ്ങൾക്ക് എത്ര വയസ്സുണ്ടെങ്കിലും നിങ്ങളുടെ കണ്ണുകളിലും ഹൃദയത്തിലും നിങ്ങളുടെ മക്കളും കൊച്ചുമക്കളും ഒരേ പ്രായക്കാരാണ്. നിങ്ങൾ ഞങ്ങളെ എല്ലാവരെയും കുഞ്ഞുങ്ങളെ പോലെയാണ് നോക്കുന്നത്.

ഞങ്ങൾ നിങ്ങളെ സ്നേഹിക്കുന്നു അമ്മേ.. നിങ്ങൾക്ക് ഏറ്റവും സന്തോഷകരമായ ജന്മദിനം നേരുന്നു..”, ദുൽഖർ ചിത്രത്തോടൊപ്പം കുറിച്ചു. ദുൽഖറിന്റെ പോസ്റ്റിന് താഴെ താരങ്ങളുടെ കമന്റിന്റെ മേളമാണ്. കാജൽ അഗർവാൾ, സുപ്രിയ മേനോൻ, അനുമോൾ, വീണ നായർ, ശിവദ, മാളവിക മേനോൻ, സൈജു കുറുപ്പ്, അപർണ ഗോപിനാഥ്, സൗബിൻ, രമേശ് പിഷാരടി തുടങ്ങിയ താരങ്ങൾ ദുൽഖറിന്റെ പോസ്റ്റിന് താഴെ സ്നേഹപൂർവ്വം കമന്റ് ഇട്ടിട്ടുണ്ട്.