‘ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല അർപ്പിച്ച് ദിവ്യ എസ് അയ്യർ ഐഎഎസ്, കൈയടിച്ച് മലയാളികൾ..’ – വീഡിയോ വൈറൽ

ഭക്തിനിർഭരമായ ഒരു ആറ്റുകാൽ പൊങ്കാലയ്ക്ക് കൂടി ഇന്നലെ സമാപനം ആയിരിക്കുകയാണ്. രാജ്യത്തിൻറെ പല കോണുകളിൽ നിന്ന് സ്ത്രീകൾ ഈ കൊല്ലവും ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല അർപ്പിക്കാൻ വേണ്ടി എത്തിയിരുന്നു. എങ്കിലും സിനിമ, സീരിയൽ അഭിനയിക്കുന്ന നടിമാർ പൊങ്കാല ഇടാൻ വേണ്ടി എത്തുമ്പോൾ അത് വലിയ രീതിയിൽ സമൂഹ മാധ്യമങ്ങളിൽ ഇടംപിടിക്കാറുണ്ട്. സ്ഥിരമായി വരുന്ന ചിപ്പിയുടെ വീഡിയോ ആളുകൾ തിരഞ്ഞ് കാണാറുണ്ട്.

ഇപ്പോഴിതാ സിനിമയിലോ സീരിയലിലോ അഭിനയിച്ചിട്ടില്ലാത്ത എന്നാൽ മലയാളികൾ ഏറെ നെഞ്ചോട് ചേർത്ത് വെക്കുന്ന ഒരാളുടെ പൊങ്കാല അർപ്പിക്കുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ഇടംപിടിക്കുന്നത്. പത്തനംതിട്ടയുടെ മുൻ കളക്ടറും വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ മാനേജിങ് ഡയറക്ടറുമായ ദിവ്യ എസ് അയ്യരാണ് ആൾ. കടുത്ത ഒരു ഈശ്വര വിശ്വാസിയാണ് ദിവ്യ എസ് അയ്യർ.

ശബരിമല സമയത്തും ദിവ്യയുടെ പ്രാർത്ഥനകളുടെ വീഡിയോ ഒക്കെ വൻ രീതിയിൽ വൈറലായിട്ടുണ്ട്. ഒരു ഐഎഎസുകാരി ആയിരുന്നിട്ടും ദിവ്യ തന്റെ വിശ്വാസത്തെയും ഭക്തിയെയും കൊണ്ടുനടക്കുന്നതിൽ മലയാളികൾ ദിവ്യയെ അഭിനന്ദിച്ച് കമന്റുകൾ ഇടുകയും ചെയ്തിരുന്നു. ഭർത്താവ് ശബരിനാഥിനും മകൾക്കും ഒപ്പം ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല അർപ്പിക്കുന്ന ഫോട്ടോയും ദിവ്യ പങ്കുവച്ചിട്ടുണ്ട്.

പാൽക്കുളങ്ങരയിലെ സ്വന്തം വസതിയ്ക്ക് മുന്നിലാണ് ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല അർപ്പിച്ചത്. പാൽകുളങ്ങരയിലെ അയൽവാസി കുടുംബങ്ങൾക്ക് ഒപ്പം ലളിതാസഹസ്രനാമജപം ചൊല്ലുന്ന വീഡിയോയും ദിവ്യ തന്നെ പങ്കുവച്ചിട്ടുണ്ട്. “പെൺപൊരുത്തം കൊണ്ടാടും പൊങ്കാല” എന്ന ക്യാപ്ഷനോടെയാണ് ദിവ്യ വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. ദിവ്യയുടെ പോസ്റ്റുകൾക്ക് താഴെ അമ്മയുടെ അനുഗ്രഹം ഉണ്ടാകുമെന്ന് നിരവധി പേരാണ് കമന്റ് ഇട്ടിരിക്കുന്നത്.