ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരൻ എന്ന സിനിമയിൽ ദിലീപിന്റെ നായികയായി അഭിനയിച്ചുകൊണ്ട് സിനിമയിലേക്ക് എത്തിയ താരമാണ് നടി മീര ജാസ്മിൻ. ഏറെ വേറിട്ട ഒരു പ്രമേയം അവതരിപ്പിച്ച സിനിമ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു. ദിലീപിന്റെ ജോഡിയായി മീര ജാസ്മിനെ പ്രേക്ഷകർ അംഗീകരിക്കുകയും ഇരുവരും ഒരുമിച്ച് വേറെയും സിനിമകൾ വരികയും ചെയ്തിരുന്നു.
ഗ്രാമഫോൺ, പെരുമഴക്കാലം, വിനോദയാത്ര, കൽക്കട്ട ന്യൂസ് തുടങ്ങിയ സിനിമകളിലും മീര ജാസ്മിൻ ദിലീപിന്റെ നായികയായി അഭിനയിച്ചു. ഒരു ഭാഗ്യജോഡിയായി ഇരുവരും മാറുകയും ചെയ്തു. കൽക്കട്ട ന്യൂസിന് ശേഷം ദിലീപും മീര ജാസ്മിനും ഒരുമിച്ച് സിനിമകൾ ചെയ്തിട്ടില്ല. 2008-ലായിരുന്നു ആ സിനിമ റിലീസ് ചെയ്തത്. പിന്നീട് സിനിമയിൽ തുടർന്ന മീര ജാസ്മിൻ ഇടയ്ക്ക് കുറച്ച് വർഷം ബ്രേക്ക് എടുക്കുകയും ചെയ്തു.
പതിനഞ്ച് വർഷമായി ദിലീപും മീരയും ഒരുമിച്ചുള്ള സിനിമകൾ വന്നിട്ടില്ല. ഈ കഴിഞ്ഞ ദിവസം മീര ജാസ്മിന്റെ ചേച്ചിയുടെ മകളുടെ വിവാഹത്തിന് ദിലീപ് പങ്കെടുത്തിരുന്നു. വിവാഹത്തിന് പങ്കെടുക്കുക മാത്രമല്ല വർഷങ്ങളോളം താരജോഡികളായി അഭിനയിച്ച മീരയും ദിലീപും വധുവരന്മാർക്ക് ഒപ്പം നിന്ന് ഫോട്ടോ എടുക്കുകയും ചെയ്തിരുന്നു. ഈ ഫോട്ടോയാണ് ഇപ്പോൾ ട്രെൻഡായി മാറിയിരിക്കുന്നത്.
വർഷങ്ങൾക്ക് ശേഷമാണ് ദിലീപും മീര ജാസ്മിനും ഒരുമിച്ചുള്ള ഒരു ഫോട്ടോ പുറത്തുവരുന്നത്. ഭാഗ്യജോഡികൾ സിനിമയിൽ വീണ്ടും ഒന്നിക്കണമെന്ന് ആരാധകർ പോസ്റ്റിന് താഴെ കമന്റുകൾ ഇടുന്നുണ്ട്. അതേസമയം ദിലീപ് നായകനായി എത്തുന്ന ബാന്ദ്രയുടെ ഷൂട്ടിംഗ് ഇപ്പോഴും നടക്കുകയാണ്. വോയിസ് ഓഫ് സത്യനാഥനാണ് അടുത്ത റിലീസ് ചിത്രം. മീര ജാസ്മിൻ തമിഴിൽ വീണ്ടും അഭിനയിക്കുന്ന വാർത്തകളും പുറത്തുവരുന്നുണ്ട്.