‘സിനിമ എനിക്ക് കലയും കൊലയും ഒന്നുമല്ല, അതൊരു ജോലി മാത്രമാണ്..’ – തുറന്ന് പറഞ്ഞ് ധ്യാൻ ശ്രീനിവാസൻ

സിനിമയിൽ അഭിനയിക്കുന്നതിനോടൊപ്പം തന്നെ അഭിമുഖങ്ങളിൽ സജീവമായി നിൽക്കുന്ന ഒരു താരമാണ് നടൻ ധ്യാൻ ശ്രീനിവാസൻ. ധ്യാൻ ഈ കഴിഞ്ഞ ദിവസം നടത്തിയ അഭിമുഖത്തിൽ സിനിമ തനിക്ക് കലയും കൊലയുമൊന്നുമല്ല ജോലി ആണെന്ന് പറഞ്ഞത് ശ്രദ്ധനേടുകയാണ്. എന്തുകൊണ്ട് പരാജയ ചിത്രങ്ങളിൽ അഭിനയിക്കുന്നു എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ധ്യാൻ.

“എന്തുകൊണ്ട് ചെയ്തതെന്ന് ചോദിച്ചാൽ അതിന് പല കാരണങ്ങളുണ്ട്. ആ കാരണങ്ങൾ ഇവിടെ വന്നു പറയേണ്ട കാര്യമില്ല ഒന്നാമത്. അത് ചിലപ്പോൾ പേർസണൽ ആയിരിക്കാം. അതിനേക്കാൾ വലിയ ചോദ്യം, ഇത്രയും സിനിമ പരാജയപ്പെട്ടിട്ടും എന്തുകൊണ്ട് എനിക്ക് ഇത്രയും സിനിമ ലഭിക്കുന്നു എന്നതാണ്. ഞാൻ ആരുടേയും അടുത്തുപോയി എനിക്ക് സിനിമ താ, സിനിമ താ എന്ന് പറയാറില്ല. എന്നിട്ടും പ്രൊഡ്യൂസറും ഡയറക്ടറും എന്റെ അടുത്ത് വരാറുണ്ട്.

എനിക്ക് വരുന്ന സിനിമകൾ കൃത്യമായി ഞാൻ ആ ജോലി തീർക്കുന്നു. എനിക്ക് ഇഷ്ടപ്പെട്ടോ ഇല്ലയോ എന്നൊന്നുമില്ല. ഞാൻ ഇതൊരു ജോലി ആയിട്ടേ കണക്കാക്കുന്നോള്ളൂ. സ്ക്രിപ്റ്റ് പറയാൻ വരുന്നവരോട് ഞാൻ പറയാറുണ്ട് ഇത് മോശമാണ്, പക്ഷേ ഞാൻ ചെയ്യും. ഇത്രയും പരാജയം ഉണ്ടായിട്ടും എന്റെ സിനിമയുടെ എണ്ണം കൂടിയിട്ടേയുള്ളു. എനിക്ക് വരുന്ന ജോലികൾ ഞാൻ കൃത്യമായിട്ട് ചെയ്തുകൊടുക്കും.

ഇതൊരു കലയായിട്ട് ഒക്കെ കാണുന്നവർക്ക് അത് വേറെ രീതി ആയിരിക്കും. ഇത് കലയല്ലേ ഇതിനെ കൊല്ലാൻ പാടുണ്ടോ? എനിക്ക് ഇത് കലയും കൊലയും ഒന്നുമല്ല. എനിക്കിത് സിനിമയാണ്.. ഇതൊരു ജോലിയാണ്. ആ ജോലി വരുമ്പോൾ ഞാൻ കൃത്യമായിട്ട് ചെയ്യും. അത്രേയുള്ളൂ! എന്റെ ചോയിസ് കൊണ്ട് ഞാൻ ഇന്നുവരെ സിനിമ അഭിനയിച്ചിട്ടില്ല. എന്റെ ചോയിസ് കൊണ്ട് ഞാനൊരു സിനിമ സംവിധാനം ചെയ്തിട്ടുണ്ട്…”, ധ്യാൻ പറഞ്ഞു.