‘ഹാപ്പി ആനിവേഴ്സറി മൈ ചെമ്പോസ്‌കാ!! മൂന്നാം വിവാഹ വാർഷികം ആഘോഷിച്ച് ചെമ്പനും മറിയവും..’ – ആശംസ നേർന്ന് താരങ്ങൾ

പ്രശസ്ത സിനിമ നടനും തിരക്കഥാകൃത്തും നിർമ്മാതാവുമായ ചെമ്പൻ വിനോദ് ജോസും ഭാര്യ മറിയം തോമസും മൂന്നാം വിവാഹ വാർഷികം ആഘോഷിക്കുകയാണ്. 2020 ഏപ്രിൽ 29-നായിരുന്നു ചെമ്പന്റെയും മറിയം തോമസിന്റെയും വിവാഹം നടന്നത്. നായകൻ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് ചെമ്പൻ വിനോദ്. 13 വർഷമായി സിനിമ മേഖലയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്തു.

ഹാസ്യ നടനായും നായകനായും വില്ലനായും സഹനടനായും ഒക്കെ ചെമ്പൻ കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. നീലവെളിച്ചം, സുലേഖ മൻസിൽ എന്നീ സിനിമകളാണ് ചെമ്പന്റെ അവസാനമായി പുറത്തിറങ്ങിയത്. സുലേഖ മൻസിലിന്റെ നിർമ്മാതാക്കളിൽ ഒരാളുകൂടിയാണ് ചെമ്പൻ. ചെമ്പന്റെ ഭാര്യ മറിയം തോമസാണ് തങ്ങളുടെ വിവാഹ വാർഷികത്തെ കുറിച്ച് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.

2020-ൽ ചെമ്പൻ മറിയത്തെ വിവാഹം ചെയ്തപ്പോൾ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ വാർത്തകൾ വന്നിരുന്നു. ഇരുവരും തമ്മിലുള്ള പ്രായ വ്യത്യാസമായിരുന്നു ഏവരുടെയും ചർച്ച. “ഹാപ്പി ആനിവേഴ്സറി മൈ ചെമ്പോസ്‌കാ..”, എന്ന ക്യാപ്ഷനോടെയാണ് ചെമ്പന്റെ ഭാര്യ മറിയം പോസ്റ്റ് പങ്കുവച്ചത്. താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് ഇരുവർക്കും വിവാഹ വാർഷികാശംസകൾ നേർന്ന് കമന്റുകൾ ഇട്ടിരിക്കുന്നത്.

ചെമ്പനും വിവാഹ വാർഷിക ദിനത്തിൽ ഫോട്ടോ പങ്കുവച്ചിട്ടുണ്ട്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രത്തിലൂടെ വന്ന ചെമ്പൻ, അദ്ദേഹത്തിന് ഒപ്പം ധാരാളം സിനിമകൾ ചെയ്തിട്ടുണ്ട്. ലിജോയുടെ അങ്കമാലി ഡയറീസിന്റെ തിരക്കഥ എഴുതിയത് ചെമ്പൻ ആയിരുന്നു. അൺലോക്ക്, കിംഗ് ഓഫ് കൊത്ത എന്നിവയാണ് ചെമ്പന്റെ ഇനി ഇറങ്ങാനുള്ള ചിത്രങ്ങൾ. ചെമ്പൻ നേരത്തെ വിവാഹം ചെയ്തിരുന്നെങ്കിലും ആ ബന്ധം വേർപ്പെടുത്തിയ ശേഷമാണ് മറിയവുമായി പ്രണയിച്ച് വിവാഹം ചെയ്തത്.