‘വയ്യാത്ത മകളുടെ തലയിൽ കൈവെച്ച് പറയാം, ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല..’ – പൊട്ടിക്കരഞ്ഞ് നടൻ ബിനു അടിമാലി

നടനും ഹാസ്യതാരവുമായ ബിനു അടിമാലിക്ക് എതിരെ കഴിഞ്ഞ ദിവസങ്ങളിൽ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് സുഹൃത്തും ബിനുവിന്റെ സോഷ്യൽ മീഡിയ മാനേജറുമായിരുന്ന ജിനീഷിനെ ബിനു മര്‍ദ്ദിച്ചുവെന്ന് ആരോപിച്ച്‌ മാധ്യമങ്ങൾക്ക് മുന്നിൽ വന്നിരുന്നു. ഇത് വലിയ രീതിയിൽ വാർത്തയാവുകയും ബിനു അടിമാലിക്ക് എതിരെ വിമർശനങ്ങൾ ഉയരുകയും ചെയ്തിരുന്നു. ഇപ്പോഴിതാ തന്റെ ഭാഗം വിശദീകരിച്ച് മുന്നോട്ട് വന്നിരിക്കുകയാണ് ബിനു അടിമാലി. ഒരു അഭിമുഖത്തിലാണ് പൊട്ടിക്കരഞ്ഞുകൊണ്ട് ബിനു തന്റെ ഭാഗം വിശദീകരിച്ചത്.

“പുള്ളി പല ചാനലിലും പല കാര്യങ്ങളാണ് പറയുന്നത്. ചിലതിൽ ഞാൻ എടുത്ത് എറിഞ്ഞുവെന്ന് പറഞ്ഞു, ചിലതിൽ ചവിട്ടികൂട്ടിയെന്ന് പറയുന്നു. ഞാൻ അത് ചെയ്തിട്ടില്ല. സ്റ്റാർ മാജിക്കിൽ വരുമ്പോഴാണ് ഞാനീ വ്യക്തിയെ ആദ്യമായി കാണുന്നത്. പുള്ളി അവിടെ ആ ഷോയുടെ ഫോട്ടോ എടുക്കാൻ വന്നയാളാണ്. പുള്ളി എന്നോട് പറഞ്ഞു, ബിനു ചേട്ടന്റെ പേജ് നമ്മുക്ക് ശരിയാക്കേണ്ട എന്ന് ചോദിച്ചു. എനിക്ക് ആണേൽ ഫോട്ടോ ഇടാൻ പോലും അറിയില്ലായിരുന്നു. ശരി ഞാൻ പുള്ളിയോട് ഒക്കെ പറഞ്ഞു. എന്നിട്ട് പുള്ളി തന്നെ എന്നോട് ഒരിക്കൽ ചോദിച്ചു ഈ പേജ് കൊടുക്കുന്നുണ്ടോ എന്ന്!

പുള്ളിക്ക് റീച്ചുള്ള ഒരു പേജ് വേണം. പുള്ളി പല പ്രാവശ്യം എന്നോട് ഇത് ചോദിച്ചു. പേജ് വഴി മിസ്യൂസ് ചെയ്യുന്ന പല കാര്യങ്ങളുണ്ടായി. എന്നോട് ചോദിക്കാതെ പാസ്സ്‌വേർഡ് മാറ്റി. ഞാൻ ട്രിപ്പ് പോകുമ്പോൾ ഫോട്ടോ ഇടാൻ നോക്കിയപ്പോൾ കയറാൻ പറ്റുന്നില്ല. ഹാക്ക് ചെയ്യാൻ സാധ്യത ഉള്ളതുകൊണ്ട് ഞാൻ പാസ്സ്‌വേർഡ് മാറ്റിയിട്ടുണ്ട്. പലപ്പോഴും ഇത് നടന്നപ്പോൾ ശരിയല്ലെന്ന് എനിക്ക് തോന്നി. പൈസ വന്നപ്പോൾ എനിക്ക് അഹങ്കാരമായി എന്നൊക്കെ പറയുന്നുണ്ട്. എന്റെ മോനെ വിദേശത്ത് പഠിക്കാൻ വിടാൻ ലോൺ എടുത്ത്, അവന്റെ ലോണും വീടിന്റെ ലോണും അടക്കാൻ പറ്റാത്തതുകൊണ്ട് ഉള്ള വീട് വിറ്റു.

ഇതൊക്കെ കേൾക്കുമ്പോൾ വളരെ വിഷമമുണ്ട്. ഓരോ ദിവസം ഓരോ പ്രശ്നങ്ങളാണ്. സോഷ്യൽ മീഡിയ വഴി എന്നെ നാറ്റിക്കുമെന്നാണ് ഇത് ഒത്തുതീർപ്പാക്കാൻ ചെല്ലുന്നവരോട് ജിനീഷ് പറയുന്നത്. പാലാരിവട്ടം സ്റ്റേഷനിൽ ഇനി ഞാൻ ബിനു അടിമാലിയെ സോഷ്യൽ മീഡിയ വഴി ഉപദ്രവിക്കില്ല എന്ന് എഴുതി ഒപ്പുവച്ചിട്ടുണ്ട് അവൻ. എന്റെ കൈയിൽ നിന്ന് പലപ്പോഴായി 52000 രൂപയോളം കടം മേടിച്ചിട്ട് അത് തന്നിട്ടിട്ടില്ല. എന്റെ കൈയിൽ തെളിവുണ്ട്. പാലായിൽ ഒരു ബേക്കറിയുടെ ഉദ്‌ഘാടനത്തിന് പുള്ളി വിളിച്ചു. പുള്ളിയുടെ ആണെന്ന് പറഞ്ഞാണ് എന്നെ വിളിച്ചത്.

ഞാൻ പൈസ മേടിക്കാതെ പോയി ചെയ്തു. പിന്നീടാണ് അവരായി ടൈ അപ്പായി ചെയ്തതാണ്. അവന്റെ ആണോ എന്ന് പോലും എനിക്ക് സംശയമാണ്. പിന്നെ സുധിയുടെ വീട്ടിൽ പോയത്. ഇവനാണ് നമ്മുടെ മാർക്കറ്റ് ഇടിയും പോയില്ലെങ്കിൽ എന്ന് പറഞ്ഞത്. എന്റെ പേജിൽ വീഡിയോ ഇടാമെന്ന് ഇവൻ പറഞ്ഞു. അങ്ങനെയൊരു വരുമാനം എനിക്ക് വേണ്ടെന്ന് ഞാൻ അവനോട് പറഞ്ഞു. ഞാൻ ഇരിക്കേണ്ടത് അവൻ ഇരുന്ന്, എനിക്ക് പകരക്കാരനായി പോയവനാണ് സുധി. ഇവൻ എന്റെ കൂടെ വന്നിട്ട്, ഞങ്ങൾ അറിയാതെ വീഡിയോ എടുത്തു. അത് എന്റെയൊരു സുഹൃത്ത് എന്നെ കാണിച്ചു തന്നു.

ഞാൻ അവനോട് ചോദിച്ചപ്പോൾ ഇത് ആ സുഹൃത്ത് ചെയ്തതാണെന്ന് പറഞ്ഞു. അങ്ങനെ കുറെ പണികൾ ഇവൻ കാണിച്ചിട്ടുണ്ട്. ഈ വ്യക്തിയെ ഞാൻ ഇടിച്ചെന്ന് പറയുന്നു. ഞാൻ തല്ലിയതിന്റെ ഒരു പാഡോ ഒരു മുറിവോ ഹോസ്പിറ്റലിലെ മെഡിക്കൽ റിപ്പോർട്ടോ കാര്യങ്ങൾ കാണിക്കാനുണ്ടോ ഇവന്റെ കൈയിൽ. പിന്നെ ക്യാമറ തല്ലിപൊട്ടിച്ചെന്ന് പറഞ്ഞു, ക്യാമറയുടെ മുന്നിൽ നിന്ന് അരി മേടിക്കുന്നവനാണ്. ഞാൻ ഒരിക്കലും ഒരു ക്യാമറ എടുത്ത് നിലത്ത് അടിക്കാനുള്ള മനസ്സില്ല. അങ്ങനെ ഞാൻ ചെയ്യില്ല.. ചെയ്തിട്ടുമില്ല. ഒമ്പത് ലക്ഷം രൂപ ഞാൻ ആ വ്യക്തിക്ക് കൊടുക്കണമെന്നാണ് പറയുന്നത്. പലരെയും വിട്ട് എന്നോട് ചോദിച്ചു.

എന്റെ കൈയിൽ കൊടുക്കാൻ നിവർത്തിയില്ല. എന്റെ സുഖമില്ലാത്ത മകളാണ് ഏറ്റവും വലിയ ദുഖം. ആ മകളുടെ തലയിൽ കൈവെച്ച് ഞാൻ പറയുകയാണ്, ജിനീഷ് എന്ന് പറഞ്ഞ ആ വ്യക്തിയെ തല്ലിയിട്ടില്ല. അവന്റെ ക്യാമറ ഞാൻ തല്ലിപൊളിച്ചിട്ടില്ല. അവന് വർക്ക് ചെയ്തതിന് പൈസ കൊടുത്തിട്ടില്ല എന്ന് പറഞ്ഞു. എന്ത് ചെയ്താലും അവന് ഞാൻ പൈസ കൊടുക്കാറുണ്ട്. യൂട്യൂബ് വരുമാനത്തിലെ ഒരു വിഹിതം കൊടുക്കാറുണ്ട്. എന്റെ മകൾക്ക് വേണ്ടി ജീവിക്കുന്ന ഒരാളാണ് ഞാൻ. അതിലും വലിയയൊരു സത്യമിടാൻ എനിക്ക് പറ്റില്ല. ഞാൻ ഇത് ചെയ്തിട്ടില്ല..”, പൊട്ടിക്കരഞ്ഞുകൊണ്ട്‌ ബിനു അടിമാലി പറഞ്ഞു.