‘ഇതൊരു ചെറിയ വാർത്ത ആണോ?, ആശങ്ക പ്രകടിപ്പിച്ച് ബിജു മേനോൻ..’ – അധികാരികൾ കണ്ണ് തുറക്കട്ടെയെന്ന് ആരാധകർ

മാന്നാർ മത്തായി സ്പീകിംഗ് എന്ന ചിത്രത്തിലെ മഹേന്ദ്ര വർമ്മ എന്ന വില്ലൻ കഥാപാത്രം തൊട്ട് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒരുപിടി കഥാപാത്രങ്ങൾ ചെയ്ത ഇഷ്ടതാരമായി മാറിയ ഒരാളാണ് നടൻ ബിജു മേനോൻ. 27 വർഷത്തോളമായി സിനിമ മേഖലയിൽ സജീവമായി നിൽക്കുന്ന ബിജു മേനോൻ ഇന്നും മലയാളത്തിൽ ഏറെ തിരക്കുള്ള നടന്മാരിൽ ഒരാളാണ്. പൊതു കാര്യങ്ങളിൽ ഒന്നും അധികം സംസാരിക്കാത്ത ഒരാളാണ് ബിജു മേനോൻ.

ഇപ്പോഴിതാ ബിജു മേനോൻ തന്റെ ഫേസ്ബുക്ക് സുഹൃത്തുകൾക്ക് ഒപ്പം ഒരു ആശങ്ക പങ്കുവച്ചിരിക്കുകയാണ്. ഒരു വർഷത്തിനിടയിൽ റോഡ് അപകടത്തിൽ മരിക്കുന്ന കാൽനട യാത്രക്കാരുടെ എണ്ണം സൂചിപ്പിച്ചുള്ള വാർത്ത കണ്ടാണ് താരം ആശങ്ക പ്രകടിപ്പിച്ചത്. 1000-ൽ അധികം ആളുകൾക്കാണ് തങ്ങളുടെ ജീവനുകൾ നഷ്ടമായത്. “ഇതൊരു ചെറിയ വാർത്ത ആണോ??” എന്ന തലക്കെട്ട് നൽകിയാണ് ബിജു മേനോൻ പോസ്റ്റ് ഇട്ടത്.

ബിജു മേനോന്റെ പോസ്റ്റിന് താഴെ നിരവധി പേരാണ് പ്രതികരണവുമായി എത്തിയിരിക്കുന്നത്. ഇനി എങ്കിലും അധികാരികൾ കണ്ണ് തുറക്കട്ടെയെന്ന് ചിലർ അഭിപ്രായപ്പെട്ടു. ഈ വിഷയത്തിൽ സർക്കാരിന്റെ ഒരു ഇടപ്പെടൽ എത്രയും പെട്ടന്ന് ഉണ്ടാവണമെന്നും അഭിപ്രായങ്ങൾ ഉയർന്നിട്ടുണ്ട്. ഇത്തരം സാമൂഹികമായ കാര്യങ്ങളിൽ ഇടപ്പെടുന്നതിന് നിരവധി പേർ താരത്തിനെ അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്.

2021 ജൂൺ മുതൽ 2022 ജൂൺ വരെയുള്ള കണക്കുകളിൽ 8000-ൽ അധികം കാൽനട യാത്രക്കാരാണ് അപകടത്തിൽ പെട്ടിട്ടുളളതെന്ന് മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചിരുന്നു. റോഡ് അപകടങ്ങളിൽ 3200-ൽ അധികം പേർക്ക് ജീവൻ നഷ്ടമായിടത്ത് 1000 പേരും കാൽനട യാത്രക്കാരാണെന്നത് ഏറെ ഭീതി ഉണർത്തുന്നതുമാണ്. 27000-ൽ അധികം പേർക്ക് റോഡ് അപകടങ്ങളിൽ പരിക്കേറ്റിട്ടുമുണ്ട്.