‘ഏജന്റിലെ നഷ്ടം ഭോല ശങ്കറിൽ നികത്താമെന്ന് കരുതി, ഇരട്ടി ആഘാതമേറ്റ്‌ നിർമാതാവ്..’ – നഷ്ടമായത് 100 കോടി

തമിഴിൽ സൂപ്പർഹിറ്റായ അജിത് നായകനായ വേതാളം എന്ന സിനിമയുടെ തെലുങ്ക് റീമേക്കായ ഭോല ശങ്കർ രജനികാന്ത് ചിത്രമായ ജയിലറിന് ഒപ്പം തിയേറ്ററുകളിൽ എത്തിയതാണ്. ബോക്സ് ഓഫീസിൽ കളക്ഷൻ വാരിക്കൂട്ടുമെന്ന് കരുതിയ സിനിമ കൂപ്പുകുത്തിയിരിക്കുകയാണ്. ചിരഞ്ജീവി നായകനായ സിനിമ ആദ്യ ഏഴ് ദിവസം പിന്നിട്ടപ്പോൾ 45 കോടിയാണ് നേടിയത്. 100 കോടിയ്ക്ക് അടുത്താണ് സിനിമയുടെ ബഡ്ജറ്റ്.

അടുത്തിറങ്ങിയ ചിരഞ്ജീവിയുടെ സിനിമകളിൽ ഏറ്റവും പരാജയം ഏറ്റുവാങ്ങിയ സിനിമയായി ഇതോട് ഭോല ശങ്കർ മാറി കഴിഞ്ഞു. മിക്ക തിയേറ്ററുകളിൽ നിന്നും ഭോല ശങ്കറിന്റെ ഷോകൾ ക്യാൻസൽ ചെയ്തിരിക്കുകയാണ്. പ്രേക്ഷകരും സിനിമയെ തഴഞ്ഞിരിക്കുകയാണ്. ജയിലറിന്റെ തെലുങ്ക് ഡബ് വേർഷൻ ഇറങ്ങിയതും മികച്ച പ്രതികരണം ലഭിച്ചതോടെ ഭോല ശങ്കറിന് കൂടുതൽ നഷ്ടം ഏറ്റുവാങ്ങേണ്ടി വന്നു.

അതേസമയം നിർമാതാവായ അനിൽ സുങ്കരയ്ക്ക് ഇതിപ്പോൾ ഇരട്ടി പ്രഹരമായിരിക്കുകയാണ്. അഖിൽ അക്കിനേനിയെ നായകനാക്കി ഇതിന് മുമ്പ് സംവിധാനം ചെയ്ത ഏജന്റ് സിനിമയും വമ്പൻ പരാജയമായിരുന്നു. 67 കോടി ബഡ്ജറ്റിൽ ഇറങ്ങിയ സിനിമ നേടിയതാകട്ടെ വെറും 12 കോടിയാണ്. അതിന്റെ നഷ്ടം ഇതിലൂടെ നികത്താൻ സാധിക്കുമെന്ന് വിചാരിച്ച നിർമ്മാതാവിന് ഇരട്ടി ആഘാതമാണ് ലഭിച്ചത്.

മലയാളത്തിന്റെ സ്വന്തം മമ്മൂട്ടി ഏജന്റിൽ വളരെ പ്രധാന വേഷത്തിൽ അഭിനയിച്ചിട്ടുണ്ടായിരുന്നു. ഏജന്റ് ഇതുവരെ ഒടിടിയിൽ റിലീസും ചെയ്തിട്ടില്ല. അതേസമയം ഭോല ശങ്കറിൽ തനിക്ക് ലഭിച്ച പ്രതിഫലത്തിൽ നിന്ന് 10 കോടി ചിരഞ്ജീവി തിരികെ നിർമ്മാതാവിന് നൽകിയെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. തെലുങ്കിലെ ബില്ലയുടെ സംവിധായകനായ മെഹർ രമേശാണ് ഭോല ശങ്കറും റീമേക്ക് ചെയ്തിരിക്കുന്നത്.