‘ഭീഷ്മപർവ്വത്തിലെ മൈക്കിളിന്റെ ലാൻഡ് ക്രൂസർ, വാഹന പ്രേമികളുടെ മനസ്സ് കീഴടക്കിയ ഐറ്റം..’ – വീഡിയോ

ഭീഷ്മപർവം എന്ന സിനിമ തിയേറ്ററുകളിൽ വലിയ വിജയം നേടി മുന്നേറികൊണ്ടിരിക്കുകയാണ്. സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകരുടെ മനസ്സിൽ കഥാപാത്രങ്ങൾക്ക് ഒപ്പം തന്നെ മനസ്സിൽ ഇടംപിടിക്കുന്ന ഒരു ഐറ്റമുണ്ട്. പ്രതേകിച്ച് കേരളത്തിലെ വാഹനപ്രേമികളുടെ മനസ്സിൽ, അതെ മമ്മൂട്ടിയുടെ മൈക്കിളിന്റെ സ്വന്തം കെ.സി.എഫ് 7733 ലാൻഡ് ക്രൂസർ കാർ.

യഥാർത്ഥത്തിൽ ഈ വാഹനം കോഴിക്കോട് സ്വദേശിയായ അശ്വിന്റെയാണ്. സിനിമയിൽ ഉപയോഗിച്ചിരിക്കുന്ന ഈ കാർ 1983 മോഡൽ ലാൻഡ് ക്രൂസറാണ്. 2006-ലാണ് അശ്വിൻ ഈ വാഹനം സ്വന്തമാകുന്നത്. അതും സിംഗപ്പൂരിൽ നിന്ന് ഖത്തർ വഴിയാണ് വാഹനം കേരളത്തിലേക്ക് എത്തിയത്. സിനിമയിൽ ഉപയോഗിച്ചിരിക്കുന്ന നമ്പറിനോട് സാമ്യമായ നമ്പർ തന്നെയാണ് അശ്വിനും ഉപയോഗിക്കുന്നത്.

കെ.എൽ 11ജെ 7733 എന്നാണ് വാഹനത്തിന്റെ യഥാർത്ഥ നമ്പർ. ഇതിന് മുമ്പ് മറ്റു സിനിമകളിൽ ഒന്നും ഈ വാഹനം ഉപയോഗിച്ചിട്ടില്ല എന്ന് അശ്വിൻ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. സൗബിനും മമ്മൂട്ടിയും മാത്രമാണ് ഇത് ഓടിച്ചുനോക്കിയിട്ടുള്ളതെന്നും അശ്വിൻ പറഞ്ഞിരുന്നു. എൻജിൻ പണി വന്ന ശേഷം 2017-ലാണ് വീണ്ടും വണ്ടി റണ്ണിങ്‌ കണ്ടിഷനിലായത്. പാകിസ്ഥാനിൽ നിന്ന് പൊളിച്ച ഒരു വണ്ടിയുടെ പാർട്സാണ് ഇതിനായി ഉപയോഗിച്ചതെന്നും അശ്വിൻ അഭിമുഖത്തിൽ പറഞ്ഞു.

അശ്വിൻ വാഹനത്തിന്റെ ചിത്രങ്ങളും വീഡിയോസും ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. എൻജിൻ പണി വന്ന ശേഷമുള്ള ലുക്കിൽ നിന്ന് സിനിമയിലെ ലുക്കിലെക്കുള്ള മാറ്റമെല്ലാം ചിത്രങ്ങളിൽ നിന്ന് വ്യക്തമാണ്. അതെ സമയം ഭീഷ്മപർവം മമ്മൂട്ടിയുടെ ആദ്യ 50 കോടി ചിത്രമായി മാറിക്കഴിഞ്ഞു. കളക്ഷൻ റെക്കോർഡുകൾ പലതും ഭേദിച്ചുകൊണ്ടാണ് മമ്മൂട്ടി ഈ നേട്ടം സ്വന്തമാക്കിയത്.