‘ഇനി സഖാവ്!! ചിന്തിക്കാൻ കഴിയുന്നവർക്ക് ബിജെപിയിൽ പ്രവർത്തിക്കാൻ പറ്റില്ല..’ – സിപിഎമ്മിൽ ചേർന്ന് നടൻ ഭീമൻ രഘു

നടൻ ഭീമൻ രഘു ബിജെപിയിൽ നിന്ന് സിപിഎമ്മിൽ ചേർന്നു. തിരുവനന്തപുരത്ത് എകെജി സെന്ററിൽ എത്തി മുതിർന്ന നേതാക്കളെ കണ്ട ശേഷമാണ് ഭീമൻ രഘു സിപിഎം അംഗ്വതം എടുത്തത്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ, മന്ത്രിമാരായ വി ശിവൻകുട്ടി, അബ്ദു റഹുമാൻ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ഭീമൻ രഘു പാർട്ടിയിലേക്ക് എത്തിയത്. ഗോവിന്ദൻ മാസ്റ്റർ തന്നെ ചുവന്ന പൊന്നാടയും അണിയിച്ചെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

“ഇത് വളരെ സന്തോഷകരമായ നിമിഷമായിട്ടാണ് ഞാൻ കണക്കാക്കുന്നത്. പെട്ടന്നൊരു മാറ്റമുണ്ടായതായി എനിക്ക് തന്നെ തോന്നുന്നു. ആദർശപരമായ വിയോജിപ്പുകൾ കൊണ്ടാണ് ഞാൻ ബിജെപി വിട്ടത്. ചിന്തിക്കാൻ കഴിവുള്ളവർക്ക് അവിടെ പ്രവർത്തിക്കാൻ പറ്റില്ല. വിജയിക്കാൻ വേണ്ടിയല്ല ഞാൻ അവിടെ നിന്നത്. പക്ഷേ നമുക്കുള്ള കഴിവ് കാണിക്കാൻ അവർ അവസരം തരുന്നില്ല. 2016 ഇലെക്ഷൻ സമയത്ത് ഒരുപാട് പ്രയാസപ്പെട്ടു. എനിക്കും ഒരാളുണ്ടല്ലോ..

സുരേഷ് ഗോപി ചേട്ടനെ ഒന്ന് വിളിക്കാമെന്ന് ഞാൻ വിചാരിച്ചു. ഏഴെട്ട് തവണയും എടുത്തത് അദ്ദേഹത്തിന്റെ പിഎയാണ്. അവസാനം ഒരു തവണ അദ്ദേഹം എടുത്തു. ഞാൻ പറഞ്ഞു എനിക്ക് വേണ്ടി ഒന്ന് ക്യാമ്പയിൻ ചെയ്യാൻ വരുമോ എന്ന് ചോദിച്ചു. പക്ഷേ അദ്ദേഹം നല്ല തിരക്കാണ്. പ്രധാനമന്ത്രിയുടെ ഒരുപാട് പരിപാടിയിൽ പങ്കെടുക്കേണ്ടതുണ്ട് എന്നൊക്കെ പറഞ്ഞു. ഞാൻ പലപ്പോഴും താഴെക്കിടയിൽ വർക്ക് ചെയ്യുന്നവരോട് പറഞ്ഞു. ഗ്രാസ് റൂട്ട് ലെവലിൽ വർക്ക് ചെയ്താലേ നമ്മുക്ക് ഇവിടെ പച്ച പിടിക്കാൻ പറ്റുകയുള്ളു.

അതിനൊരു ഉദാഹരണമാണ് എൽഡിഎഫിന്റെ വർക്കാണ്. അവർ താഴേക്കിറങ്ങി നല്ല രീതിയിൽ വർക്ക് ചെയ്യുന്നുണ്ട്. കൃത്യമായ ഒരു ഐഡിയോളോജി ഉള്ളതുകൊണ്ടാണ് ഞാൻ ഇപ്പോൾ സിപിഎമ്മിലേക്ക് വന്നത്. നരേന്ദ്ര മോദിയെ കുറിച്ച് എനിക്ക് പ്രതേകിച്ച് അഭിപ്രായം ഒന്നുമില്ല. പക്ഷേ സംസ്ഥാന ബിജെപിയിലുള്ളവർ എല്ലാം കണക്കാണ്. ബിജെപിയിൽ ആയതുകൊണ്ട് ഇപ്പോൾ സിനിമ ഒന്നുമില്ലേ എന്ന് പലരും എന്നോട് ചോദിച്ചിട്ടുണ്ട്. മൂന്നാമതും പിണറായി വിജയൻ തന്നെ ഭരിക്കും.. അതിൽ സംശയമൊന്നും വേണ്ട..”, ഭീമൻ രഘു പറഞ്ഞു.