‘വഴിപാടായി നൽകിയതിനും വിമർശിച്ചു! എത്ര കളിയാക്കിയാലും അച്ഛൻ നാട്ടുകാർക്ക് വേണ്ടി പ്രവർത്തിക്കും..’ – ഭാഗ്യ സുരേഷ്

സുരേഷ് ഗോപിക്ക് എതിരെയുണ്ടായ വിമർശനങ്ങളെ കുറിച്ച് പ്രതികരിച്ച് ഈ വർഷം വിവാഹിതയായ മകൾ ഭാഗ്യ. അച്ഛനെ എത്ര കളിയാക്കിയാലും നാട്ടുകാർക്ക് ചെയ്യാനുള്ളത് അച്ഛൻ ചെയ്യുമെന്നും അതിപ്പോൾ ജയിച്ചാലും തോറ്റാലും അതിൽ മാറ്റമുണ്ടാകില്ലെന്നും ഭാഗ്യ മാധ്യമങ്ങളോട് പ്രതികരിച്ചു. ചേട്ടന്റെ സിനിമയുടെ പ്രീവ്യൂവിന് വന്നപ്പോഴാണ് ഭാഗ്യ ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ ചോദ്യത്തിന് മുന്നിൽ പ്രതികരിച്ചത്.

“അച്ഛനിപ്പോൾ കുറെ വർഷങ്ങളായിട്ട് പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ട്, നാട്ടുകാർക്ക് വേണ്ടിയിട്ടാണ്. അത് ജയിച്ചാലും ഇല്ലേലും അച്ഛനത് തുടരുമെന്ന് തെളിയിച്ചതാണ്. അതുകൊണ്ട് ഈ തവണ ജയിച്ചില്ലെങ്കിൽ അച്ഛന്റെ പ്രവർത്തനത്തിൽ വലിയ മാറ്റം ഒന്നും ഉണ്ടാവുകയില്ലായിരുന്നു. അച്ഛൻ അതുപോലെ നാട്ടുകാർക്ക് വേണ്ടി നടുഓടിച്ചാണ് പണിയെടുക്കുന്നത്. അത് നിങ്ങളൊക്കെ കണ്ടാലും ഇല്ലെങ്കിലും! ജയിക്കുന്നതിന് മുമ്പും അച്ഛൻ ഇതുപോലെ തന്നെയാണ് പ്രവർത്തിച്ചുകൊണ്ടിരുന്നത്.

അതുകൊണ്ട് വലിയ വ്യത്യാസം ഒന്നുമില്ല. ഇന്നലെ ആയിട്ടല്ലേയുള്ളൂ. ഇനി നമ്മുക്ക് അറിയില്ല.. വിമർശനങ്ങളിൽ വിഷമം തോന്നിയിട്ടുണ്ട്. നിങ്ങളെ ആണെങ്കിലും നിങ്ങളുടെ അച്ഛനെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ വിഷമം തോന്നില്ലേ? അച്ഛൻ ചെയ്തിട്ടുള്ളതാണെന്ന് നാട്ടുകാർക്ക് അറിയാം. അതുകൊണ്ട് അതൊന്നും വലുതായിട്ട് എടുക്കേണ്ട കാര്യമില്ല. ആൾക്കാർ പലതും പറയും.. അച്ഛൻ നല്ലത് ചെയ്താലും ആളുകൾ അതിൽ കുറ്റം കണ്ടുപിടിക്കും. അതൊന്നും നമ്മൾ ചിന്തിച്ചിട്ട് കാര്യമില്ല!

അച്ഛൻ അച്ഛന്റെ പണി നോക്കി പോവുകയാണ്. നാട്ടുകാർക്ക് വേണ്ടി എത്രയൊക്കെ ചെയ്യാൻ പറ്റുന്നുണ്ടോ അത്രയൊക്കെ ചെയ്യുന്നുണ്ട്. എത്ര വിമർശനം വന്നാലും ആളുകൾ കളിയാക്കിയാലും ട്രോൾ ചെയ്താലും അച്ഛൻ അച്ഛന്റെ ജോലി മുന്നിൽ നിർത്തി, അച്ഛന്റെ കുടുംബത്തെ മുന്നിൽ നിർത്തി, അച്ഛന്റെ ആൾക്കാരെ മുന്നിൽ നിർത്തി, അച്ഛന്റെ നാട്ടുകാരെ മുൻനിർത്തി തന്നെയാണ് പ്രവർത്തിക്കുന്നത്. അത് അങ്ങനെ തന്നെ പോവുകയും ചെയ്യും.

ആളുകൾ എന്തൊക്കെ പരദൂഷണം പറഞ്ഞാലും അച്ഛൻ അച്ഛന്റെ പണി ചെയ്തിരിക്കും. കേന്ദ്രമന്ത്രിയാകുമോ എന്നൊന്നും നമ്മുക്ക് അറിയില്ല. അതൊക്കെ അതിന്റെ വഴിക്ക് നടക്കും, എനിക്ക് അതിൽ വലിയ പിടിയില്ല..”, ഭാഗ്യ സുരേഷ് പറഞ്ഞു. ഈ വർഷം ജനുവരിയിലായിരുന്നു ഭാഗ്യയുടെ വിവാഹം. പ്രധാനമന്ത്രി ഉൾപ്പടെയുള്ളവർ പങ്കെടുത്ത ഒരു വലിയ താരവിവാഹം ആയിരുന്നു അത്. സുരേഷ് ഗോപിയുടെ പ്രചാരണം തുടങ്ങിയതും അതിലൂടെയാണെന്ന് വ്യക്തമാണ്.