1991-ൽ പുറത്തിറങ്ങിയ ഗോഡ് ഫാദർ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതമായ മുഖമാണ് നടി ബീന ആന്റോണിയുടേത്. അതിൽ കോളേജ് വിദ്യാർത്ഥിനിയായി അഭിനയിച്ച ബീന ആന്റണി പിന്നീട് അഭിനയ മേഖലയിൽ നിറസാന്നിദ്ധ്യമായി മാറുകയും ചെയ്തു. നായികയായും ബീന സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. 1992-ൽ ഇണക്കം പിണക്കം എന്ന പരമ്പരയിലൂടെ ടെലിവിഷൻ രംഗത്തേക്കും ബീന ചുവടുവച്ചു.
ചെറുതും വലുതമായ നിരവധി കഥാപാത്രങ്ങൾ സിനിമയിൽ ബീന അവതരിപ്പിച്ചിട്ടുണ്ട്. സീരിയലുകളിൽ പ്രധാന നായികാ വേഷത്തിലും അതുപോലെ തന്നെ നെഗറ്റീവ് റോളിലുമൊക്കെ ബീന അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ സിനിമയേക്കാൾ കൂടുതൽ സജീവമായി നിൽക്കുന്നത് സീരിയലുകളിലാണ്. 2016-ൽ ധനയാത്രയാണ് ബീനയുടെ അവസാനമിറങ്ങിയ സിനിമ. അതിന് ശേഷമാണ് സീരിയലുകളിൽ മാത്രമായി ബീന അഭിനയിച്ചത്.
ഏഷ്യാനെറ്റിൽ ഇപ്പോൾ സംപ്രേക്ഷണം ചെയ്യുന്ന മൗനരാഗം എന്ന പരമ്പരയിലാണ് ബീന അഭിനയിക്കുന്നത്. അതിലും നെഗറ്റീവ് റോളിലാണ് ബീന അഭിനയിച്ചിട്ടുളളത്. ടെലിവിഷൻ ഷോകളിലും ബീന സജീവമായി നിന്നിട്ടുള്ള ഒരാളാണ്. സീരിയൽ നടനായ മനോജ് നായരുമായിട്ടാണ് ബീന വിവാഹിതയായത്. ഒരു മകനും താരദമ്പതികൾക്കുണ്ട്. സമൂഹ മാധ്യമങ്ങളിൽ സജീവമായി നിൽക്കുന്നവരാണ് ബീനയും ഭർത്താവ് മനോജ്.
ഇപ്പോഴിതാ വീണ്ടും ജിമ്മിൽ പോകാൻ തുടങ്ങിയതിന്റെ സന്തോഷം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് ബീന. “പുതിയ വർഷത്തിന്റെ തുടക്കം. കേക്കും വൈനും എന്നെ തകർത്തു കളഞ്ഞു, വീണ്ടും പരിശ്രമം തുടരുന്നു..”, ഇതായിരുന്നു ചിത്രങ്ങൾക്ക് ഒപ്പം ബീന ആന്റണി കുറിച്ചത്. മുന്നോട്ട് പോവൂ ചേച്ചി എന്ന് നടി രശ്മി സോമനും കമന്റ് ഇട്ടു. ചേച്ചിയെ തടിയോടു കാണാനാണ് ഭംഗി എന്നൊക്കെ പ്രതികരണങ്ങളും വന്നിട്ടുണ്ട്.