‘ഞാനും നവ്യയും ശത്രുക്കൾ അല്ല!! എല്ലാ വർഷവും കലോത്സവമാകുമ്പോൾ ആ വീഡിയോ അയച്ച് തരും..’ – അമ്പിളി ദേവി

സംസ്ഥാന സ്കൂൾ കലോത്സവം കൊല്ലത്ത് വളരെ ഗംഭീരമായി നടന്നുകൊണ്ടിരിക്കുകയാണ്. കലാതിലകപ്പട്ടം സ്വന്തമാക്കിയിട്ടുള്ള കൊല്ലംകാരിയായ അഭിനയത്രിയാണ് നടി അമ്പിളി ദേവി. വർഷങ്ങൾക്ക് മുമ്പ് നടന്ന ആ കലോത്സവത്തെ കുറിച്ച് ഓർക്കുമ്പോൾ ആദ്യം മനസ്സിലേക്ക് ഓർമ്മ വരുന്ന രണ്ട് മുഖങ്ങളാണ് അമ്പിളി ദേവിയുടേതും നടി നവ്യ നായരുടേതും. നവ്യയെ പിന്തള്ളിയാണ് അന്ന് അമ്പിളി ദേവി കലാതിലകം നേടിയത്.

മാധ്യമങ്ങൾക്ക് മുമ്പ് അന്ന് നവ്യ പൊട്ടിക്കരഞ്ഞതൊക്കെ ഇന്നും കലോത്സവമാകുമ്പോൾ സമൂഹ മാധ്യമങ്ങളിൽ ഇടംപിടിക്കാറുണ്ട്. കലോത്സവത്തിൽ പങ്കെടുക്കാൻ വേണ്ടി അമ്പിളി ദേവി കൊല്ലത്ത് എത്തിയപ്പോൾ ഈ വിഷയമായി ബന്ധപ്പെട്ട് ഒരു ചാനൽ രംഗത്ത് വന്നിരുന്നു. ഇതിന് അമ്പിളി ദേവി നൽകിയ മറുപടിയാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. താനും നവ്യയും ശത്രുക്കൾ അല്ലെന്ന് അമ്പിളി പ്രതികരിച്ചു. “എല്ലാവർഷവും കലോത്സവ സമയമാകുമ്പോൾ ആരെങ്കിലും ഒക്കെ ഈ വീഡിയോ അയച്ചു തരാറുണ്ട്.

അയ്യോ ഇത് വീണ്ടും വന്നോ എന്ന് ചിന്തിക്കും. ഇതിനേക്കാൾ വലിയയൊരു സംഭവം ഉണ്ടായാൽ ഇത് മാഞ്ഞുപോയേക്കാം. എല്ലാം ഞാൻ പോസിറ്റീവ് ആയിട്ടാണ് എടുക്കുന്നത്. ഇങ്ങനെയൊരു വീഡിയോ ഉള്ളടിത്തോളം കാലം എന്നെയും നവ്യയെയും ഒന്നും ആരും മറക്കാൻ പോകുന്നില്ല. 2001-ൽ നടന്ന സംഭവമാണ്, ഇപ്പോഴും പുതിയ തലമുറ അത് കാണുന്നില്ലേ! അന്ന് ജനിച്ചിട്ടുപോലുമില്ലാത്ത കുഞ്ഞുങ്ങളാണ് ഇപ്പോൾ കലോത്സവത്തിൽ പങ്കെടുക്കുന്നത്. ഞങ്ങൾ തമ്മിൽ ഒരു ശത്രുതയുമില്ല. ആ സംഭവം ഉണ്ടായ ശേഷം നവ്യ സിനിമയിലേക്ക് വന്നു.

നവ്യ നല്ലയൊരു കലാകാരിയല്ലേ.. നല്ലയൊരു അഭിനയത്രിയാണ്, ഡാൻസറാണ്. അത് തെളിയിച്ചിട്ടുള്ള വ്യക്തിയാണ്. ഞങ്ങളുടെ രണ്ടുപേരുടെയും ലൈഫിൽ ഈ കാലഘട്ടത്തിൽ പലപല മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ഞങ്ങൾ തമ്മിൽ അങ്ങനെ ഒരു വിഷയവും ഉണ്ടായിട്ടില്ല. ആ സമയത്തെ സംഭവങ്ങൾ നവ്യ തന്നെ പറഞ്ഞിട്ടുണ്ടല്ലോ.. അതിൽ കൂടുതൽ എന്താ പറയാനുള്ളത്..”, അമ്പിളി ദേവി പ്രതികരിച്ചു. ഇരുവരും മലയാളത്തിൽ പിന്നീട് നിരവധി സിനിമകളിൽ നായികമാരായി അഭിനയിച്ചിട്ടുണ്ട്. നവ്യയാണ് കുറച്ചും കൂടി കൂടുതൽ ഇരുവരിൽ തിളങ്ങിയത്.