‘ഒരു പെൺകുഞ്ഞിന്റെ അച്ഛനായ വിവരം ഏറെ സന്തോഷത്തോടെ അറിയിക്കുന്നു..’ – വിശേഷം പങ്കുവച്ച് ബേസിൽ ജോസഫ്

വളരെ പെട്ടന്ന് തന്നെ മലയാളി മനസ്സുകളിൽ സ്ഥാനം നേടിയെടുത്ത നടനും സംവിധായകനുമായ താരമാണ് ബേസിൽ ജോസഫ്. മിന്നൽ മുരളി എന്ന സിനിമയിലൂടെ പാൻ ഇന്ത്യയിൽ വരെ ചർച്ചയായി നിൽക്കുന്ന സംവിധായകനായ ബേസിൽ ധാരാളം സിനിമകളിൽ അഭിനയിച്ചിട്ടുമുണ്ട്. നായകനായും സഹനടനായും ഹാസ്യ താരവുമായി എല്ലാം ബേസിൽ ഈ കാലയളവിൽ അഭിനയിച്ച് കൈയടി നേടിയിട്ടുണ്ട്.

2017-ലായിരുന്നു ബേസിൽ തന്റെ കാമുകിയായ എലിസബത്ത് സാമുവലിനെ വിവാഹം ചെയ്തത്. ഏഴ് വർഷത്തെ പ്രണയത്തിന് ഒടുവിലായിരുന്നു ബേസിലിന്റെ വിവാഹം. തിരുവനന്തപുരം ഇൻഫോസിസിൽ ജോലി ചെയ്യുകായായിരുന്ന ബേസിൽ ആ സമയത്ത് തന്നെ ഷോർട്ട് ഫിലിമുകൾ സംവിധാനം ചെയ്തിട്ടുണ്ട്. പിന്നീട് സിനിമയോടുള്ള ഇഷ്ടം കൊണ്ട് ബേസിൽ ആ ജോലി രാജി വെക്കുകയും ചെയ്തു.

ഇന്ന് മലയാളത്തിൽ ഏറെ അറിയപ്പെടുന്ന ഒരു സംവിധായകനും നടനുമായി മാറാനും അതുകൊണ്ട് ബേസിലിന് സാധിച്ചു. കുഞ്ഞിരാമായണം, ഗോദ എന്നിവയാണ് ബേസിൽ സംവിധാനം ചെയ്ത മറ്റ് സിനിമകൾ. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഒരു വിശേഷ വാർത്ത ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. താനൊരു പെൺകുഞ്ഞിന്റെ അച്ഛനായ വിവരമാണ് ബേസിൽ ആരാധകർക്ക് ഒപ്പം പങ്കുവച്ചത്.