‘എല്ലാവരുടേം തൃപ്തി ഉറപ്പാക്കി, ഒടുവിലാണ് അമ്മ കഴിക്കാൻ ഇരിക്കുക..’ – അശ്വതി ശ്രീകാന്തിന്റെ കുറിപ്പ് വൈറലാകുന്നു

‘എല്ലാവരുടേം തൃപ്തി ഉറപ്പാക്കി, ഒടുവിലാണ് അമ്മ കഴിക്കാൻ ഇരിക്കുക..’ – അശ്വതി ശ്രീകാന്തിന്റെ കുറിപ്പ് വൈറലാകുന്നു

സുരാജ് വെഞ്ഞാറമൂട്, നിമിഷ സജയൻ എന്നിവർ പ്രധാനവേഷത്തിൽ എത്തിയ ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’ എന്ന സിനിമയെ കുറിച്ചുള്ള അഭിപ്രായങ്ങളും ചർച്ചകളും സമൂഹമാധ്യമങ്ങളിൽ നടന്നു കൊണ്ടിരിക്കുകയാണ്. സിനിമയിൽ കാണിച്ചതൊക്കെ എല്ലാം ശരിയാണെന്ന് ധാരണ പലർക്കും ഇല്ലെങ്കിലും ചിലതൊക്കെ സത്യമാണെന്ന് പറയേണ്ടി തന്നെ വരും. സ്ത്രീകൾ അടക്കളയിൽ നിന്ന് അരങ്ങത്തേക്ക് വരുന്ന കാലമാണിത്. ഇന്നും അടുക്കളയിൽ നിന്ന് ഒതുങ്ങി പോകേണ്ടി വരുന്ന ഭാര്യമാരെ മലയാളക്കരയിൽ കാണാൻ സാധിക്കും.

സിനിമ ഓ.ടി.ടി റീലീസായി കേരളത്തിൽ എത്തിയപ്പോൾ, വലിയ ഒരു പോസിറ്റീവ് അഭിപ്രായവും സ്വീകാര്യത ലഭിച്ചിരിക്കുകയാണ്. ഒരുപക്ഷേ തീയേറ്ററിൽ റിലീസ് ചെയ്തിരുന്നെങ്കിൽ വൻ വിജയമായി തീർന്നേനെ സിനിമ. ഇപ്പോഴിതാ നടിയും അവതാരകയും എഴുത്തുകാരിയുമായ അശ്വതി ശ്രീകാന്ത് തന്റെ വീട്ടിൽ സംഭവങ്ങൾ സിനിമ കണ്ട ശേഷം ഓർത്തെടുത്ത് തുറന്ന് എഴുതിയിരിക്കുകയാണ്. കൂടുതൽ അശ്വതിയുടെയും ഭർത്താവിന്റെയും വീട്ടിലെ അമ്മമാരേ കുറിച്ചാണ് അശ്വതി പങ്കുവച്ചിരിക്കുന്നത്. ഇത് സിനിമയുടെ റിവ്യൂ അല്ല, കണ്ടപ്പോൾ ഓർത്ത ചില കാര്യങ്ങൾ മാത്രമാണെന്ന് അശ്വതി പറയുന്നു. അശ്വതിയുടെ കുറിപ്പിലെ പ്രധാന കാര്യങ്ങൾ :-

‘വീട്ടിൽ ഞാൻ ഒറ്റക്കാണ് രാവിലെ പാചകം എങ്കിൽ ദോശയ്ക്ക് സാമ്പാർ ആവും കറി. ഒരേ തരം ദോശ, ഒരേ ഒരു സാമ്പാർ. ഇനി എന്റെ ഭർത്താവിന്റെ അമ്മയാണ് അടുക്കളയിൽ എങ്കിൽ അത് പല തരം ദോശകളും 3 തരം സാമ്പാറും ആവും. കട്ടിയുള്ളതും ഇല്ലാത്തതും, മൊരിഞ്ഞതും അല്ലാത്തതും നെയ് പുരട്ടിയതും പുരട്ടാത്തതുമായ ദോശകൾ. അവസാനത്തെ ആളും കഴിച്ചെഴുന്നേൽക്കും വരെ ചൂടു ദോശകൾ ഡൈനിങ് ടേബിളിലേയ്ക്ക് പറന്നു കൊണ്ടിരിക്കും. എല്ലാവരുടേം തൃപ്തി ഉറപ്പാക്കി ഒടുവിലാണ് അമ്മ കഴിക്കാൻ ഇരിക്കുക. അതിന് മുൻപ് അച്ഛനോ ഞങ്ങളോ എത്ര വിളിച്ചാലും ഒരു ദോശ അടുപ്പത്തുണ്ടെന്ന ന്യായത്തിൽ അമ്മ പിടിച്ച് നിൽക്കും.

ഭർത്താവിന്റെയും മക്കളുടെയും മരുമക്കളുടെയും കൊച്ചു മക്കളുടെയും കുഞ്ഞു കുഞ്ഞു ഇഷ്ടങ്ങൾ പോലും നോക്കി അവരെ നാലു നേരം ഊട്ടുകയെന്നതാണ് അമ്മയുടെ ഏറ്റവും പ്രധാനപ്പെട്ട ജീവിത ലക്ഷ്യം. സഹായത്തിന് അടുക്കളയിൽ ആരൊക്കെയുണ്ടായാലും അമ്മയുടെ കൈ തൊടാതെ വീട്ടിൽ ഒരു കറിയും അടുപ്പിൽ നിന്നിറങ്ങിയിട്ടില്ല. ഉച്ചയൂണിന് ഇരിക്കുമ്പോൾ തന്നെ അമ്മ സ്വയം പറയും ‘ഉച്ചയ്ക്കത്തേടം അങ്ങനെ കഴിഞ്ഞു, ഇനി വൈകിട്ടത്തേക്ക് എന്താണാവോ?’. ഊണ് കഴിഞ്ഞ് കൈ കഴുകിയിട്ട് ആലോചിച്ചാൽ പോരേ എന്ന് ഞങ്ങൾ അമ്മയെ കളിയാക്കും. പക്ഷേ ഞാൻ കണ്ട കാലം മുതൽ അമ്മ അങ്ങനെയാണ്.

എക്കണോമിക്സ് പഠിച്ച അമ്മയ്ക്ക് അന്ന് എന്തെങ്കിലും ജോലിക്ക് പോകാമായിരുന്നില്ലേ എന്ന് ചോദിച്ചാൽ അമ്മ പറയും ‘ഓഹ് അന്നതൊന്നും നടന്നില്ലെന്ന്.. അതു കൊണ്ട് പിള്ളേരെങ്കിലും നല്ല പോലെ വളർന്നല്ലോ എന്ന്’. മക്കൾ പ്രത്യേകിച്ച് നന്നായോ എന്ന് ചോദിച്ചാൽ ഇല്ല എന്നതാണ് സത്യം. അവർ ആവറേജ് സ്റ്റുഡന്റസ് ആയി പഠിച്ച് സാധാരണ ജോലികൾ തന്നെ ചെയ്യുന്നു. മറിച്ച് അമ്മ ഒരു അധ്യാപികയോ ബാങ്ക് ജീവനക്കാരിയോ ആയി ഇന്ന് റിട്ടയർ ചെയ്തിരുന്നെങ്കിൽ ഈ മക്കളും മരുമക്കളും ഭർത്താവും പോലും കുറച്ച് കൂടി അഭിമാനത്തോടെ അമ്മയെക്കുറിച്ച് സംസാരിക്കുമായിരുന്നു. ‘എന്റെ അമ്മയെ കണ്ട് പഠിക്കണം നീ’ എന്ന് എന്റെ ഭർത്താവെങ്ങാൻ പറഞ്ഞിരുന്നെങ്കിൽ എന്റെ കഥ തന്നെ മറ്റൊന്നായേനേയെന്ന് അത്ഭുതത്തോടെ ഞാൻ ഓർക്കാറുണ്ട്.

ആർക്കും ഒരു പരാതിക്കും ഇടവരുത്താതെ, സ്വന്തം ആരോഗ്യം നോക്കാതെ അമ്മ വച്ചു വിളമ്പി ഊട്ടി തേച്ചു മെഴുക്കി തുടച്ച് ഒടുവിൽ സമ്പാദിച്ചത് വിട്ടുമാറാത്ത നടുവേദനയും കണംകാലിൽ നീരും ഇടയ്ക്കിടെ താളം മറക്കുന്ന ഇറെഗുലർ ഹാർട്ട് ബീറ്റുമാണ്. വീട്ടിലെ സകലർക്കും അമ്മയോട് സ്നേഹമുണ്ട്. കാസറോളിൽ ദോശ ചുട്ട് വച്ച് എല്ലാരും വേണ്ടത് എടുത്ത് കഴിച്ചോളാൻ പറഞ്ഞിട്ട് ഫാർമസിയിൽ പോയിരുന്ന, എട്ടാം ക്ലാസ് മുതൽ അവനവന്റെ തുണികൾ അലക്കിച്ചിരുന്ന, പാത്രം കഴുകിച്ചിരുന്ന, ബോറടിച്ചാൽ അടുക്കള പൂട്ടി സിനിമ കാണാൻ പോവാം എന്ന് പറഞ്ഞിരുന്ന എന്റെ സ്വന്തം അമ്മയോട് എനിക്കുള്ള സ്നേഹത്തേക്കാൾ ഒട്ടും കൂടുതലല്ല എന്റെ ഭർത്താവിന്റെ അമ്മയോട്.

രണ്ട് പേരും ഒരുമിച്ച് ജോലി കഴിഞ്ഞ് വീടെത്തിയാൽ ഭർത്താവ് ന്യൂസ് കാണാനും ഭാര്യ ചപ്പാത്തിയ്ക്ക് കുഴയ്ക്കാനും പോകുന്ന പതിവ് മാറ്റി കട്ടക്ക് കൂടെ നിൽക്കുന്ന എത്രയോ പുരുഷന്മാരുണ്ട്. അതൊരു പ്രതീക്ഷ തന്നെയാണ്. ഇനി അങ്ങനെയല്ലാത്തവർക്ക്, ഒരു ഗ്ലാസ് വെള്ളത്തിന് പോലും ‘ഡീ’ എന്ന് വിളിച്ച് ശീലിച്ച് പോയവർക്ക് കഴിഞ്ഞ നൂറ്റാണ്ടിന്ന് കയറി പോരാൻ പറഞ്ഞു വിട്ട വണ്ടിയാണ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ. ഞാൻ എന്റെ ഫ്ളാറ്റിലെ എഴുത്തു മേശയുടെ സ്വാസ്ഥ്യത്തിൽ ഇരുന്ന് ഇത് എഴുതുമ്പോളും, തൊടുപുഴയിലെ വീട്ടിലിരുന്ന് ഉച്ചയ്ക്ക് എന്ത് കറി വയ്ക്കുമെന്ന്, ഇത്തിരി കപ്പ കൂടി ഉണ്ടെങ്കിൽ അച്ഛന് സന്തോഷമാവില്ലേ എന്ന് ചേട്ടത്തിയോട് കൂടിയാലോചന നടത്തുകയാവും അമ്മ..’, അശ്വതിയുടെ കുറിച്ചു.

CATEGORIES
TAGS