‘അവന് തെറ്റുപറ്റി, അത് അംഗീകരിച്ച് മാപ്പ് പറഞ്ഞു! സിബിനെ പിന്തുണച്ച് നടി ആര്യ ബഡായ്..’ – പിആർ ഏറ്റെടുത്തോ എന്ന് പ്രേക്ഷകർ

ബിഗ് ബോസ് അതിന്റെ ആറാം സീസൺ മുന്നേറികൊണ്ടിരിക്കുകയാണ്. ഏഴ് ആഴ്ചകൾ പിന്നിട്ട ബിഗ് ബോസിന്റെ വീക്കെൻഡ് എപ്പിസോഡുകൾ നടക്കുകയാണ് ഇപ്പോൾ. മോഹൻലാൽ എത്തി തെറ്റുകൾ ചൂണ്ടിക്കാണിച്ച് പ്രേക്ഷകർക്ക് പറയാനുള്ളത് നടപ്പിലാക്കുകയാണ് പതിവ്. ഈ വീക്കെൻഡ് എപ്പിസോഡിൽ സഹമത്സരാർത്ഥിയോട് മോശം ആംഗ്യം കാണിച്ചതിനെതിരെ സിബിൻ ബെഞ്ചമിന് എതിരെ പ്രതികരിച്ചിരുന്നു.

സഹമത്സരാർത്ഥിയായ ജാസ്മിൻ ജാഫറിന് നേരെയാണ് സിബിൻ മോശമായ ആംഗ്യം ദേഷ്യത്തിൽ കാണിച്ചത്. ഇതിന് എതിരെ മോഹൻലാൽ സംസാരിക്കുകയും സിബിനെ ഡയറക്റ്റ് നോമിനേഷനിൽ ഇടുകയും അതുപോലെ പവർ ടീമിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. ഇത്രയും ആഴ്ചകൾക്ക് ഇടയിൽ ആദ്യമായി ജാസ്മിൻ പ്രേക്ഷകർ പിന്തുണ ലഭിച്ചതും ഈ കാര്യത്തിനായിരുന്നു. ജാസ്മിന്റെ ഭാഗത്തായിരുന്നു ന്യായം.

പൊതുവേ പ്രേക്ഷകർ ജാസ്മിനെതിരെയാണ് സംസാരിക്കാറുളളത്. ഈ വിഷയത്തിൽ സിബിൻ അതിര് വിട്ടുവെന്ന് പ്രേക്ഷകർ തന്നെ പറയുന്നു. എങ്കിലും ജാസ്മിനെ ഇഷ്ടമില്ലാത്തവർ സിബിന് പിന്തുണ നൽകി രംഗത്തുമുണ്ട്. സിബിൻ ജാസ്മിനോട് മാപ്പ് പറയുകയും ചെയ്തിരുന്നു. വരും ആഴ്ചയിൽ സിബിൻ-ജാസ്മിൻ പോരായിരിക്കും പ്രേക്ഷകർ കാണാൻ പോകുന്നതെന്ന് ഇതോടെ ഏകദേശം ഉറപ്പായി കഴിഞ്ഞിരിക്കുകയാണ്.

അതേസമയം സിബിൻ പിന്തുണ അറിയിച്ചുകൊണ്ട് വന്നിരിക്കുകയാണ് സുഹൃത്തും നടിയുമായ ആര്യ ബഡായ്. സിബിനൊരു തെറ്റ് പറ്റിയെന്നും അത് അംഗീകരിച്ചുകൊണ്ട് തന്നെ മാപ്പ് പറയുകയും ചെയ്തുവെന്നും പക്ഷേ ചിലർ സിബിനെ പിന്തുണയ്ക്കുന്നു എന്ന കാരണത്തിൽ ഫേക്ക് ഐഡികളിൽ നിന്ന് വന്ന് തന്നോട് മോശമായി കമന്റ് ഇടുന്നുവെന്ന് ആര്യ പ്രതികരിച്ചു. എന്തെങ്കിലും പറയാനുണ്ടെങ്കിൽ സിബിന്റെ അക്കൗണ്ടിൽ പോവുക എന്നും അവൻ പുറത്തുവന്ന ശേഷം വേണ്ട മറുപടി തരുമെന്നും ആര്യ പ്രതികരിച്ചു.

സിബിന്റെ തെറ്റ് മനസ്സിലാക്കി അവനൊപ്പം നിൽക്കുന്നവർക്ക് നന്ദി എന്നും ആര്യ സ്റ്റോറിയിലൂടെ അറിയിച്ചു. സിബിൻ വൈൽഡ് കാർഡായി വന്ന സമയത്ത് തന്നെ ആര്യ പിന്തുണ അറിയിച്ച് പോസ്റ്റ് ഇട്ടിരുന്നു. സിബിന്റെ പിആർ ആര്യ ഏറ്റെടുത്തിരിക്കുകയാണോ എന്നും മുമ്പുള്ള സീസണിൽ ആര്യയ്ക്ക് കപ്പ് കൊടുക്കാൻ ഏഷ്യാനെറ്റ് കുറെ നോക്കിയെന്നും അതിന് പകരം സിബിനെ ഇറക്കിയതാണോ എന്നുമൊക്കെ ചിലർ പ്രതികരിക്കുന്നുണ്ട്.