‘ആരോ എവിടെയോ ഇരുന്ന് ഗണപതി മിത്ത് ആണെന്ന് പറഞ്ഞാൽ നമ്മൾ സഹിക്കുമോ..’ – പ്രതികരിച്ച് അനുശ്രീ

ഗണപതിയെ പറ്റിയുള്ള സ്പീക്കർ എ.എൻ ഷംസീറിന്റെ വിവാദ പ്രസ്താവന ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല എന്നതാണ് തെളിഞ്ഞുകൊണ്ടിരിക്കുന്നത്. ഈ കഴിഞ്ഞ ദിവസം വിനായക് ചതുർഥി ദിനത്തോടെ അനുബന്ധിച്ച് നടന്ന ഗണേശോത്സവത്തിൽ പങ്കെടുക്കുമ്പോൾ ഇതിനെതിരെ നിരവധി പേരാണ് പ്രതികരിച്ചിട്ടുള്ളത്. നടന്മാരായ ഉണ്ണി മുകുന്ദൻ, ജയസൂര്യ എന്നിവർ പ്രതികരിച്ചത് സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

ഇതിന് പിന്നാലെ ഇപ്പോഴിതാ നടി അനുശ്രീ പാലക്കാട് ഒറ്റപ്പാലത്ത് ഗണേശോത്സവത്തിൽ പങ്കെടുക്കാൻ എത്തിയപ്പോൾ പറഞ്ഞ കാര്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി കൊണ്ടിരിക്കുകയാണ്. സ്‌പീക്കറിന്റെ പേര് പറയാതെയാണ് ഷംസീർ പറഞ്ഞത് അനുശ്രീ വിമർശിച്ചത്. “ആരോ എവിടെയോ ഇരുന്ന് പറയുന്നു, ഗണപതിയൊക്കെ കെട്ടുകഥയാണ്, ഗണപതി മിത്താണ് എന്നൊക്കെ! നമ്മൾ സഹിക്കുമോ? സഹിക്കില്ല. അപ്പോൾ അണ്ണാറക്കണ്ണനും തന്നാലായത് എന്ന് പറഞ്ഞത് പോലെ എന്റെയൊരു ചെറിയ പ്രതിഷേധം.

പ്രതികരണമൊക്കെ അറിയിക്കാനുള്ള ഒരു സദസ്സായിട്ട് കാണുന്നു. അത് ഗണപതി എനിക്ക് അനുഗ്രഹിച്ച് തന്ന ഒരു സദസ്സായിട്ടാണ് ഞാൻ ഇതിനെ കാണുന്നത്. അതുകൊണ്ടാണ് ഞാൻ ഇങ്ങോട്ട് ആവശ്യപ്പെട്ട് ഇവിടെ വന്നത്. ആരൊക്കെയോ എവിടെയൊക്കെയോ വിശ്വസിക്കുന്നുണ്ട്, അല്ലെങ്കിൽ ഒരു മിഥ്യധാരണയുണ്ട്, നമ്മുക്ക് നട്ടെല്ലിന് കുറച്ച് ബലം കുറവാണെന്ന്! നട്ടെലിന് ബലം കുറവുണ്ടോ? നമ്മുക്ക് നട്ടെലിന് ബലം കുറവുണ്ടോ? ഇല്ല! അത് എന്നാൽ കഴിയുന്ന രീതിയിൽ എനിക്ക് പ്രതികരിക്കണമെന്ന് തോന്നി അതിന് പറ്റിയ ഒരു സദസ്സാണ് ഇത്.

ഇത്രയും പേർക്ക് ഇവിടെ വരാമെങ്കിൽ, നമ്മൾ വിശ്വാസികൾക്ക് നട്ടെല്ല് ഉണ്ടെന്നാണ് പലർക്കും കാണിച്ചു കൊടുക്കുന്നത്. എന്ന് വച്ച് ആരെങ്കിലും എന്തേലുമൊക്കെ പറഞ്ഞെന്ന് വച്ച് നമ്മൾ എന്തെങ്കിലും പ്രശ്നം ഉണ്ടാക്കണമെന്നോ ആക്രമണം ഉണ്ടാക്കണമെന്നോ എന്നൊന്നുമല്ല ഞാൻ പറയുന്നത്. ഒരു വർഗീയ വാദവുമല്ല ഞാൻ സംസാരിക്കുന്നത്. ഒരു രാഷ്ട്രീയ പരമായ കാര്യവുമല്ല ഞാൻ സംസാരിക്കുന്നത്..”, അനുശ്രീ മിത്ത് വിവാദത്തിന് കുറിച്ച് ആദ്യമായി പ്രതികരിച്ചു.