‘തെലുങ്കിൽ വീണ്ടും മനം കവർന്ന് അനുപമ പരമേശ്വരൻ, 18 പേജെസ് ട്രെയിലർ പുറത്തിറങ്ങി..’ – വീഡിയോ കാണാം

മലയാള സിനിമയിലൂടെ കരിയർ ആരംഭിച്ച് ഇന്ന് തെലുങ്ക് ചിത്രങ്ങളിൽ നിറസാന്നിദ്ധ്യമായി അവിടെ ആരാധകരെ നേടിക്കൊണ്ടിരിക്കുന്ന ഒരാളാണ് നടി അനുപമ പരമേശ്വരൻ. പ്രേമം എന്ന സിനിമയിലെ മേരിയായി വന്ന് ജന ഹൃദയങ്ങൾ കീഴടക്കിയ അനുപമ വളരെ പെട്ടന്ന് തന്നെ തെലുങ്കിൽ അഭിനയിക്കാൻ ക്ഷണം ലഭിക്കുകയും അവിടെ സൂപ്പർഹിറ്റ് സിനിമകളിൽ നായികയായി മാറുകയും ചെയ്തു.

ഇതിനിടയിൽ ഇടയ്ക്ക് അനുപമ മലയാളത്തിൽ അഭിനയിക്കുന്നുണ്ട്. തെലുങ്കിൽ വളരെ ചെറിയ ബഡ്ജറ്റിൽ ഇറങ്ങി നൂറ് കോടിയിൽ അധികം കളക്ഷൻ നേടിയ കാർത്തികേയ 2-വാണ് അനുപമയുടെ അവസാന റിലീസ് ചിത്രം. അതിൽ അനുപമയുടെ നായകനായി അഭിനയിച്ചത് നിഖിൽ സിദ്ധാർഥ് ആയിരുന്നു. നിഖിലിന്റെ നായികയായി തന്നെയാണ് അനുപമ അടുത്ത സിനിമയിൽ അഭിനയിച്ചിരിക്കുന്നത്.

ആ സിനിമയും റിലീസ് ചെയ്യാൻ തയാറായി നിൽക്കുകയാണ്. 18 പേജെസ് എന്നാണ് സിനിമയുടെ പേര്. ഇപ്പോഴിതാ സിനിമയുടെ ട്രെയിലർ പുറത്തിറങ്ങിയിരിക്കുകയാണ്. റൊമാന്റിക് ത്രില്ലർ ചിത്രമായിരിക്കുമെന്ന് ട്രെയിലറിൽ നിന്ന് വ്യക്തമാണ്. ഇരുവരും തമ്മിലുള്ള കെമിസ്ട്രി കഴിഞ്ഞ സിനിമയിൽ തന്നെ പ്രേക്ഷകർ കണ്ടതാണ്. ഹിറ്റായി ജോഡിയായി മാറുമോ എന്ന് വൈകാതെ തന്നെ കണ്ടറിയാം.

ട്രെയിലറിൽ ഉടനീളം പരസ്പരം ഒരുമിച്ചുള്ള രംഗങ്ങൾ ഇല്ലാതെയുള്ള പ്രണയ നിമിഷങ്ങളാണ് കാണിച്ചിരിക്കുന്നത്. മുന്നോട്ട് പോകുംതോറും കുറച്ചുകൂടി സസ്പെൻസ് നിറച്ചുള്ള ട്രെയിലറായി മാറുകയും ചെയ്യുന്നുണ്ട്. ഡിസംബർ 23-നാണ് സിനിമ റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. മലയാളിയായ ഗോപി സുന്ദറാണ് ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്. പാൽനടി സൂര്യ പ്രതാപാണ് സംവിധാനം.