‘മുഖ്യമന്ത്രി ജനങ്ങളിലേക്ക് ഇറങ്ങി വന്ന് പരാതി കേൾക്കുന്നു..’ – നവകേരള സദസ്സിനെ പുകഴ്ത്തി നടി അനുമോൾ

സംസ്ഥാന സർക്കാരിന്റെ നവകേരള സദസ്സ് എന്ന ജനകീയ പരിപാടി വിജയകരമായി ഓരോ ജില്ലകൾ തോറും പിന്നിട്ടുകൊണ്ടിരിക്കുകയാണ്. കാസർഗോഡ് ജില്ലയിൽ നിന്ന് ആരംഭിച്ച നവകേരള സദസ്സ് ഇപ്പോൾ തൃശൂർ ജില്ലയിൽ എത്തി നിൽക്കുകയാണ്. അവിടെയുള്ള ജനങ്ങളുടെ പരാതികൾ കേൾക്കുകയും അത് പരിഹരിക്കാനുള്ള നടപടികൾ ചെയ്യുകയുമാണ് നവകേരള സദസ്സ് എന്ന പരിപാടിയുടെ ഉദ്ദേശം.

നവകേരള സദസ്സ് ആരംഭിച്ചപ്പോൾ ഒരുപാട് വിമർശനങ്ങൾ കേൾക്കേണ്ടി വന്നെങ്കിലും ഇപ്പോൾ അത്തരത്തിൽ വലിയ രീതിയിൽ വിമർശനം ഒന്നും തന്നെ ഉയർന്നുവരുന്നില്ല. ആകെയുള്ള അധികച്ചിലവ് ഒഴിവാക്കാൻ വേണ്ടി മുഖ്യമന്ത്രിയും മന്ത്രിമാരും ഒരു ആഡംബര ബസ് വാങ്ങിക്കുകയും അവരവരുടെ സ്വന്തം വാഹനങ്ങൾ ഒഴിവാക്കുമെന്നുമാണ് പറഞ്ഞത്. എന്നാൽ അങ്ങനെയല്ല നടന്നുകൊണ്ടിരിക്കുന്നത്. ബസിനൊപ്പം മന്ത്രിമാരുടെയും വാഹനങ്ങൾ പോകുന്നുണ്ട്.

ഈ ഒരു ആരോപണമാണ് പ്രധാനമായുള്ളത്. അതേസമയം പരിപാടിയിൽ വലിയ ജനപങ്കാളിത്തമാണ്. ഇപ്പോഴിതാ നടിയും നർത്തകിയുമായ അനുമോൾ നവകേരള സദസ്സിനെ പുകഴ്ത്തി സംസാരിച്ച വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. “ഞാൻ പട്ടാമ്പിയിൽ നവകേരള സദസ്സിന്റെ ഭാഗമായി വന്നതാണ്. വലിയ ഒരു സന്തോഷമാണ് തോന്നുന്നത്. ഭരിക്കുന്ന ആളുകൾ ഒരു സ്ഥലത്ത് ഇരുന്ന് ഭരിക്കുക എന്നതിന് അപ്പുറത്ത്,

നമ്മുടെ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും നാട്ടിൽ വന്ന് ജനങ്ങളുടെ അടുത്ത് ഇടപ്പെട്ട് അവരുടെ പരാതി കേൾക്കുന്നു എന്നുള്ളതിന്റെ ഒരു ആദ്യപടിയായിട്ടാണ് ഞാൻ ഈ സദസ്സിനെ കാണുന്നത്. ഒരു ആർട്ടിസ്റ്റ് എന്ന രീതിയിലും അല്ലെങ്കിൽ ഒരു പൗര എന്ന രീതിക്കും ഞാൻ എന്റെ ഒരു ഭാഗത്തുനിന്നുള്ള കുറച്ച് അഭിപ്രായങ്ങൾ, സാംസ്കാരിക പരമായിട്ടുള്ളതും, ടൂറിസം പരമായിട്ടുള്ള കാര്യങ്ങൾ, ആർട്ട് പരമായിട്ടുള്ള കാര്യങ്ങൾ ഒക്കെ സംസാരിക്കുന്ന ഒരു വേദി ആയിരുന്നു.

ഞാനെന്ന് മാത്രമല്ല, ഒരുപാട് ആളുകൾക്ക് പല മേഖലയിൽ നിന്നുള്ള ആളുകൾക്ക് സംസാരിക്കാനുള്ള ഒരു അവസരം ഉണ്ടായിരുന്നു. അതിന് അപ്പോൾ തന്നെ പറ്റാവുന്ന മറുപടികൾ എല്ലാം ബഹുമാനപ്പെട്ട മുഖ്യമന്ത്രി തന്നിട്ടുണ്ടായിരുന്നു. പരിഗണിക്കപ്പെടണ്ട കാര്യങ്ങൾ എല്ലാം പരിഗണിക്കാമെന്നും പറഞ്ഞിട്ടുണ്ട്. അത് വലിയയൊരു പ്രതീക്ഷ നൽകുന്നുണ്ട്. ഈ സദസ്സിനെ ശേഷം അതിന് വേണ്ട നടപടികൾ വളരെ വേഗം ഉണ്ടാകുമെന്നുള്ള പ്രതീക്ഷയുമുണ്ട്. വളരെ സന്തോഷം..”, അനുമോൾ പ്രതികരിച്ചു.