‘അവശതകൾ മാഞ്ഞു, ചുറുചുറുക്കോടെ ശ്രീനിവാസൻ! വീട്ടിൽ എത്തി കണ്ട് സത്യൻ അന്തിക്കാട്..’ – ഏറ്റെടുത്ത് മലയാളികൾ

എൺപതുകളിലും തൊണ്ണൂറുകളിലും മലയാള സിനിമയിലെ ഒരു സൂപ്പർഹിറ്റ് കോംബോ ആയിരുന്നു ശ്രീനിവാസനും സത്യൻ അന്തിക്കാടും. ശ്രീനിവാസന്റെ തിരക്കഥയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത നിരവധി സൂപ്പർഹിറ്റ് സിനിമകളാണ് സംഭവിച്ചിട്ടുള്ളത്. ഒരു സാധാരണക്കാരന്റെ ജീവിതം എങ്ങനെയാണെന്ന് പലപ്പോഴും ശ്രീനിവാസനും സത്യനും ചേർന്ന് മലയാളികൾക്ക് കാണിച്ചുതന്നിട്ടുണ്ട്.

ഇരുവരും അവസാനമായി ഒന്നിച്ച് പുറത്തിറങ്ങിയ ചിത്രം 2018-ൽ ഇറങ്ങിയ ഞാൻ പ്രകാശനാണ്. പതിനാറ് വർഷങ്ങൾക്ക് ശേഷമായിരുന്നു ശ്രീനിവാസൻ, സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ ആ സിനിമ ഇറങ്ങിയത്. ഇത്രയും വർഷത്തെ ഇടവേള വന്നിട്ടും സിനിമ ഇറങ്ങിയപ്പോൾ തിയേറ്ററുകളിൽ വമ്പൻ ഹിറ്റാവുകയും ചെയ്തു. ഇന്നും പ്രേക്ഷകരുടെ പൾസ് അറിയുന്ന തിരക്കഥാകൃത്തും സംവിധായകനുമാണ് ഇരുവരും.

ഒന്ന്, രണ്ട് വർഷങ്ങളായി ശ്രീനിവാസൻ ആരോഗ്യപ്രശ്നനങ്ങളാൽ ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. പൊതുവേദികളിൽ ശ്രീനിവാസൻ വരുമ്പോൾ തന്നെ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മലയാളികൾക്ക് മനസ്സിലായി. ഇപ്പോഴിതാ ശ്രീനിവാസനെ വീട്ടിൽ എത്തി കണ്ടിരിക്കുകയാണ് സത്യൻ അന്തിക്കാട്. ഏറെ സന്തോഷം തരുന്ന കാര്യം എന്താണെന്ന് വച്ചാൽ ശ്രീനിവാസനെ കുറച്ചുകൂടി ഊർജസ്വലനായിട്ടാണ് കാണുന്നത്.

പഴയ ആ പുഞ്ചിരിയും അദ്ദേഹത്തിലേക്ക് തിരിച്ചുവന്നിട്ടുണ്ട്. സത്യനും ഒപ്പം മകനും സംവിധായകനുമായ അനൂപും ഉണ്ടായിരുന്നു. അനൂപാണ് ഇരുവരും കണ്ടുമുട്ടിയപ്പോഴുള്ള ഫോട്ടോസ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ശ്രീനിവാസനുമായി സംസാരിച്ച കാര്യങ്ങളും അനൂപ് എഴുതിയിട്ടുണ്ട്. “ശ്രീനി അങ്കിൾ: ‘ഞാൻ ഇപ്പോൾ ടാഗോറിന്റെ ചെറുകഥകൾ വായിക്കുകയാണ്’. ഞാൻ: ‘കൊള്ളാം.. അങ്കിൾ എന്തെങ്കിലും പ്രചോദനം തേടുകയാണോ?’.

ശ്രീനി അങ്കിൾ: ‘ഹേയ്.. അങ്ങനെയൊന്നുമില്ല. ഇതൊരു ഗൃഹപാഠം പോലെയാണ്. സത്യജിത്ത് റേ എങ്ങനെയാണ് ഇതിൽ നിന്ന് ഉൾകൊണ്ട് മനോഹരമായ ചിത്രങ്ങൾ എടുത്തിരിക്കുന്നതെന്ന് ഞാൻ പഠിക്കുകയാണ്..”, അനൂപ് സത്യൻ അവരുടെ സംഭാഷണം കുറിച്ചു. സത്യനും ശ്രീനിയും തമ്മിലുള്ള സംസാരം കേൾക്കാൻ ഭാഗ്യം ലഭിച്ച അനൂപ് എത്ര ഭാഗ്യം ചെയ്ത ആളെന്ന് ചിലർ കമന്റ് ഇട്ടിട്ടുണ്ട്. എന്തായാലും പഴയ ശ്രീനിവാസനിലേക്ക് തിരിച്ചുവരുന്നത് കണ്ടതിന്റെ സന്തോഷത്തിലാണ് മലയാളികൾ.