‘പറക്കും തളികയിലെ മണവാളൻ ഇനിയില്ല! നടൻ കലാഭവൻ ഹനീഫ് അന്തരിച്ചു..’ – ഞെട്ടലോടെ സിനിമ ലോകം

പ്രശസ്ത സിനിമ നടനും മിമിക്രി താരവുമായ കലാഭവൻ ഹനീഫ് അന്തരിച്ചു. 61 വയസ്സായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഒരാഴ്ചയായി അത് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ചെപ്പു കിലുക്കണ ചങ്ങാതി എന്ന സിനിമയിലാണ് ഹനീഫ് ആദ്യമായി അഭിനയിക്കുന്നത്. മിമിക്രി കലാകാരനായിരുന്നു ആദ്യം.

കലാഭവനിൽ ചേർന്ന് ശേഷം സ്റ്റേജ് ഷോകളിൽ മിമിക്രി താരമായി നിറഞ്ഞ് നിന്ന ഹനീഫ് 1990-ലാണ് സിനിമയിൽ ആദ്യമായി അഭിനയിക്കുന്നത്. വിവാഹിതനായ ഹനീഫിന് രണ്ട് മക്കളുമുണ്ട്. വാഹിദ എന്നാണ് ഹനീഫിന്റെ ഭാര്യയുടെ പേര്. മൂത്തമകനായ ഷാരൂഖ് ഹനീഫിന്റെ വിവാഹം ഈ വർഷം ആദ്യമായിരുന്നു. ഹനീഫിന്റെ സിനിമ സുഹൃത്തുക്കൾ ഒക്കെ പങ്കെടുത്തിരുന്ന വലിയ ഒരു ചടങ്ങ് ആയിരുന്നു അത്. സിത്താര ഹനീഫ് എന്നാണ് മകളുടെ പേര്.

എറണാകുളം മട്ടാഞ്ചേരി സ്വദേശിയാണ് ഹനീഫ്. ഹനീഫിന്റെ വിയോഗം സിനിമ, മിമിക്രി രംഗത്ത് പ്രവർത്തിക്കുന്ന താരങ്ങൾക്ക് ഒരു ഞെട്ടൽ തന്നെയാണ്. ദിലീപ് നായകനായ ഈ പറക്കും തളികയിൽ കല്യാണപ്പയന്റെ കഥാപാത്രമാണ് ഹനീഫിനെ കുറിച്ച് ഓർക്കുമ്പോൾ മലയാളികളുടെ മനസ്സിലേക്ക് പെട്ടന്ന് ഓർമ്മ വരുന്ന കഥാപാത്രം. ദിലീപിന്റെ സിനിമകളിൽ തന്നെയാണ് ഹനീഫ് കൂടുതൽ അഭിനയിച്ചിട്ടുള്ളത്.

സന്ദേശം, തെങ്കാശിപ്പട്ടണം, പാണ്ടിപ്പട, ഛോട്ടാമുംബൈ, ഉസ്താദ് ഹോട്ടൽ, ദൃശ്യം, കട്ടപ്പനയിലെ ഹൃതിക് റോഷൻ, ഡ്രൈവിംഗ് ലൈസൻസ്, വൺ, 2018 തുടങ്ങിയ മലയാള സിനിമകളിൽ ഹനീഫ് ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. നൂറിൽ അധികം സിനിമകളിൽ ഹനീഫ് അഭിനയിച്ചിട്ടുണ്ട്. മലയാള സിനിമയിലെ താരങ്ങളിൽ പലരും ഹനീഫിന് അനുശോചനം അറിയിച്ച് സാമൂഹിക മാധ്യമങ്ങളിൽ കുറിപ്പ് പങ്കുവച്ചിട്ടുണ്ട്.