‘ഞാൻ ഇപ്പോഴും ഇടവേളയിലാണ്, സ്വയം റീചാർജ് ചെയ്യാൻ കുറച്ച് സമയം എടുക്കും..’ – പോസ്റ്റുമായി അമൃത സുരേഷ്

സംഗീത റിയാലിറ്റി ഷോയിലൂടെ മത്സരാർത്ഥിയായി വന്ന് പിന്നീട് മലയാള സിനിമ മേഖലയിൽ ഗായികയായി മാറിയ ഒരാളാണ് അമൃത സുരേഷ്. സംഗീത പ്രോഗ്രാമുകളിലും സ്റ്റേജ് പരിപാടികളിലും മ്യൂസിക് ബാൻഡുമായി സജീവമായി നിൽക്കുന്ന അമൃത ആത്മീയ പാതയിലാണോ എന്ന സംശയത്തിലാണ് ആരാധകരിൽ പലരും. ഈ അടുത്തിടെ പങ്കുവെക്കുന്ന പോസ്റ്റുകളാണ് ഇതിന് കാരണമായി കാണുന്നത്.

ആദ്യ വിവാഹബന്ധം വേർപ്പെടുത്തുകയും പിന്നീട് കഴിഞ്ഞ വർഷം ഗോപി സുന്ദറുമായി ഒന്നിച്ച് ജീവിക്കാൻ തീരുമാനം എടുത്തതുമൊക്കെ മലയാളികൾ കണ്ടതാണ്. പക്ഷേ കുറച്ച് നാളുകളായി ഗോപി സുന്ദറിന് ഒപ്പമുള്ള ചിത്രങ്ങൾ ഒന്നും അമൃത പങ്കുവെക്കുന്നില്ല. ഇരുവരും തമ്മിൽ പിരിഞ്ഞുവെന്ന തരത്തിൽ റിപ്പോർട്ടുകളും വരുന്നുണ്ട്. ഇതിന് പിന്നാലെയാണ് അമൃതയുടെ ആത്മീയ പരമായ യാത്രകൾ.

ഇപ്പോൾ കാശിയിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോസുമാണ് അമൃത പോസ്റ്റ് ചെയ്യുന്നത്. അതിനിടയിൽ ഇപ്പോൾ അമൃത എന്തുകൊണ്ട് ഈ യാത്ര നടത്തുന്നുവെന്ന കാരണം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. “പ്രിയപ്പെട്ട ആളുകൾക്ക് നമസ്കാരം, ഞാൻ ഇപ്പോഴും ഇടവേളയിലാണ്. റീചാർജ് ചെയ്യാനും സുഖപ്പെടുത്താനും എന്റെ ആന്തരിക യാത്രയെ സ്വീകരിക്കാനും കുറച്ച് സമയമെടുക്കുന്നു.

പര്യവേക്ഷണം ചെയ്യാനും പ്രതിഫലിപ്പിക്കാനും വളരാനും എന്നെ അനുവദിച്ചുകൊണ്ട് എന്റെ യാത്രകൾ ഈ പ്രക്രിയയുടെ ഒരു പ്രധാന ഭാഗമാണ്. ഓർമ്മിക്കുക, ജീവിതം ശോഭയുള്ള നിമിഷങ്ങളാൽ നിറഞ്ഞ ഒരു മനോഹരമായ യാത്രയാണ്, ഞാൻ ഓരോന്നും ആസ്വദിക്കുകയാണ്. കൂടുതൽ വിസ്മയകരമായ നിമിഷങ്ങളും സംഗീതവും പങ്കിടാൻ തയ്യാറായി ഞാൻ ഉടൻ തന്നെ നിങ്ങളോടൊപ്പം മടങ്ങിവരും. ഇവിടെ തന്നെ നിൽക്കുക! അനുഗ്രഹിക്കൂ..”, അമൃത കുറിപ്പ് പങ്കുവെച്ചു.