‘ഇനി ഹിന്ദുസ്ഥാനി!! നടൻ അക്ഷയ് കുമാറിന് ഇന്ത്യൻ പൗരത്വം ലഭിച്ചു..’ – സന്തോഷം പങ്കുവച്ച് താരം

പഞ്ചാബിലെ അമൃതസറിൽ ജനിച്ച് ബോളിവുഡിലെ സൂപ്പർസ്റ്റാറുകളിൽ ഒരാളായി മാറിയ താരമാണ് നടൻ അക്ഷയ് കുമാർ. 30 വർഷത്തിന് മുകളിൽ സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന ഒരാളാണ് അക്ഷയ് കുമാർ. അക്ഷയ് കുമാർ ഒരു ഇന്ത്യക്കാരൻ ആണെങ്കിലും 2011-ൽ കനേഡിയൻ പൗരത്വം എടുത്തിരുന്നു. ഇതിന്റെ പേരിൽ പലപ്പോഴും വിമർശനങ്ങൾ കേൾക്കേണ്ടി വന്നിട്ടുള്ള ഒരാളാണ് അക്ഷയ് കുമാർ.

2019-ൽ, താനൊരു ഇന്ത്യൻ പാസ്‌പോർട്ടിന് അപേക്ഷിച്ചിട്ടുണ്ടെന്നും കനേഡിയൻ പൗരത്വം ഉപേക്ഷിക്കാൻ തീരുമാനിച്ചുവെന്നും പറഞ്ഞിരുന്നു. പിന്നീട് ഇത്രയും വർഷം കഴിഞ്ഞിട്ടും ഇന്ത്യൻ പൗരത്വം അക്ഷയ്‌ക്ക് കിട്ടിയിരുന്നില്ല. ഇപ്പോഴിതാ ഇന്ത്യൻ പൗരത്വം കിട്ടിയതിന്റെ സന്തോഷം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് അക്ഷയ് കുമാർ. സോഷ്യൽ മീഡിയകളിലൂടെയാണ് ഈ കാര്യം പുറത്തുവിട്ടത്.

2023 ഓഗസ്റ്റ് 15-ന്, സ്വാതന്ത്ര്യ ദിനത്തിൽ, കുമാർ തനിക്ക് ഇന്ത്യൻ പൗരത്വം തിരികെ ലഭിച്ചതായി സ്ഥിരീകരിച്ചു. ഇന്ത്യൻ നിയമപ്രകാരം അക്ഷയ് കുമാർ തന്റെ കനേഡിയൻ പൗരത്വം ഉപേക്ഷിക്കുകയും ചെയ്തു. “ഹൃദയവും പൗരത്വവും, രണ്ടും ഹിന്ദുസ്ഥാനി.. സ്വാതന്ത്ര്യദിനാശംസകൾ! ജയ് ഹിന്ദ്!” അക്ഷയ് കുമാർ ഇന്ത്യൻ പൗരത്വം കിട്ടിയതിന്റെ സർട്ടിഫിക്കറ്റ് സന്തോഷത്തോടെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.

കോവിഡ് പ്രതിസന്ധികൾ കാരണമാണ് 2019-ൽ അപേക്ഷിച്ചിട്ടും ഇത്രയും താമസിക്കാൻ കാരണമായത്. എന്തായാലും കനേഡിയൻ പൗരത്വം എടുത്തതിന്റെ പേരിൽ വിമർശനങ്ങൾ കേട്ട അക്ഷയ് കുമാറിന് ഇതോടെ ആ പ്രശ്നങ്ങൾ അവസാനിച്ചു. അക്ഷയ് കുമാർ പ്രധാന വേഷത്തിൽ എത്തുന്ന ഓ മൈ ഗോഡ് 2 ഇപ്പോൾ തിയേറ്ററിൽ ഇറങ്ങിയിരിക്കുകയാണ്. അക്ഷയ് കുമാറിന്റെ അടുത്തിറങ്ങിയ സിനിമകളിൽ ഏറ്റവും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.