‘ക്ഷേത്ര ദർശനം നടത്തിയ ലാലേട്ടനെയും ഇപ്പോൾ മമ്മൂക്കയെയും വർഗീയ വാദിയാക്കുന്നവർ നമ്മുക്ക് ഇടയിലുണ്ട്..’ – അഖിൽ മാരാർ

സമൂഹ മാധ്യമങ്ങളിലൂടെ നടൻ മമ്മൂട്ടി നേരിടുന്ന അധിക്ഷേപങ്ങൾക്ക് മറുപടിയുമായി സംവിധായകനും കഴിഞ്ഞ ബിഗ് ബോസ് വിജയിയുമായ അഖിൽ മാരാർ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മമ്മൂട്ടിക്ക് എതിരെ സംസാരിക്കുന്നവർക്ക് എതിരെ അദ്ദേഹം പ്രതികരിച്ചത്. പോസ്റ്റിന്റെ തുടക്കത്തിൽ നരസിംഹം കാലഘട്ടത്തിലെ മോഹൻലാൽ ആരാധകരെ പരിഹസിച്ചുകൊണ്ടാണ് തുടങ്ങുന്നത്. അടുത്തിടെ ക്ഷേത്ര ദർശനം നടത്തിയ മോഹൻലാലിന് എതിരെ നിരവധി മോശം കമന്റുകൾ വന്നപ്പോൾ അഖിൽ പോസ്റ്റ് ഒന്നും ഇട്ടിരുന്നില്ല. പക്ഷേ ആ കാര്യം കൂടി ഈ പോസ്റ്റിൽ അഖിൽ സൂചിപ്പിച്ചിട്ടുണ്ട്.

ഒരു മുഴുനീള മോഹൻലാൽ ഷാജി കൈലാസ് ചിത്രത്തിൽ മമ്മൂക്കയുടെ ചിത്രം കാണിക്കുമ്പോൾ തീയറ്ററിൽ ലാലേട്ടൻ ആരാധകർ കൂവുന്നു.. തൊട്ടടുത്ത ഫ്രമിൽ ഘന ഗംഭീര്യമായ മമ്മൂക്കയുടെ ശബ്ദത്തിൽ സംഭാഷണം വരുന്നു.. “പ്പാ.. നിർത്തെടാ എരപ്പാളികളെ നിന്റെയൊക്കെ ശബ്ദം പൊങ്ങിയാൽ രോമത്തെ തൊടില്ല എന്റെ..” പറഞ്ഞത് മണപ്പള്ളി പവിത്രന്റെ ശിങ്കിടികളോടാണെങ്കിലും കൊണ്ടത് ചില അന്തങ്ങളായ ആരാധകർക്കാണ്. ഈ ഡയലോഗ് ഇപ്പോൾ മമൂക്ക വീട്ടിലിരുന്നു പറയുന്നുണ്ടാവും.

പുഴു സിനിമയുടെ സംവിധായകയുടെ ഭർത്താവ് പറഞ്ഞത് കേട്ട് മമ്മൂക്ക എന്ന മനുഷ്യനെ ആക്ഷേപിക്കുന്ന ഒരുപറ്റം വർഗീയ കോമരങ്ങൾ ഈ നാടിനെ തകർക്കാൻ നോക്കുന്ന വിഷ ജന്മങ്ങളാണ് എന്ന് പറയാതെ വയ്യ. തന്റെ അഭിനയ ജീവിതത്തിന്റെ അൻപത് വർഷങ്ങൾ അടുക്കുന്ന ഒരു മനുഷ്യൻ. നാളിത് വരെ മലയാളികൾക്ക് എത്രത്തോളം പ്രിയങ്കരനായിരുന്നോ അത്രത്തോളം അല്ലെങ്കിൽ അതിനേക്കാൾ പ്രിയങ്കരനായി തന്നെ ഇനിയും മുന്നോട്ട് പോകും.

ഒടിടിയിൽ പോലും ആരും കാണാത്ത തീയറ്ററിൽ യാതൊരു ശ്രദ്ധയും കിട്ടാത്ത ഒരു ചിത്രം ചെയ്തിട്ട് വേണം മമ്മൂട്ടിക്ക് അജണ്ട നടപ്പിലാക്കാൻ എന്ന സാമാന്യ ബോധം പോലും ഇല്ലാത്ത കുറെ വിഷ ജന്തുക്കൾ. വ്യത്യസ്തമായ കഥാപാത്രങ്ങൾ തേടി പലരെയും അങ്ങോട്ട് ബന്ധപ്പെട്ട് അഭിനയത്തിന്റെ പുതിയ സാധ്യതകൾ തേടി അലയുന്ന ഇന്ത്യയിൽ തന്നെ പലരും ഒഴിവാക്കുന്ന കഥാപാത്രങ്ങൾ അദ്ദേഹം സ്വീകരിക്കുന്നതും അത് നിർമ്മിക്കുന്നതും അഭിനയം എന്ന കലയോടുള്ള അടങ്ങാത്ത അഭിനിവേശമാണ്.

അത് കൊണ്ടാണ് മറ്റാരും നിർമിക്കാൻ താല്പര്യപെടാത്ത സാമ്പത്തിക നഷ്ടങ്ങൾ വരുന്ന പുഴു, കാതൽ, നൻപകൽ പോലെയുള്ള ചിത്രങ്ങൾ അദ്ദേഹം നിർമിച്ചത്. ഈ ചിത്രങ്ങൾ വളരെ ചെറിയ തുകയ്ക്ക് ഒടിടിയിൽ വിറ്റ് പോയവയാണ്. അതിൽ തന്നെ കാതൽ പേ പേർ വ്യൂ എന്നാണ് എന്റെ അറിവ്. പാകിസ്താന്റെ പിടിയിൽ പെട്ട സൈനികനായി അഭിനയിച്ചപ്പോൾ മമ്മൂക്ക അവരോട് പറയുന്ന സംഭാഷണം. “പെറ്റ തള്ളയെ കൂട്ടികൊടുക്കുന്ന പെണ്ണൂട്ടി നാ.യിന്റെ മോനെ ആണുങ്ങളുടെ ചോരയ്ക്ക് വില പറയുന്നോ..”

രാജ്യ സ്നേഹം നിറയുന്ന ഈ വാക്കുകൾ ആരുടെ അജണ്ട പ്രകാരമാണ് മമ്മൂക്ക പറഞ്ഞത്. സിനിമയെ സിനിമയായി കാണാനുള്ള ബോധം മലയാളി സമൂഹത്തിന് ഉണ്ടായിരുന്നത് കൊണ്ടും ഇത് പോലെയുള്ള വർഗീയവിഷങ്ങൾ നമുക്കിടയിൽ സജീവമല്ലാതിരുന്നത് കൊണ്ടുമാണ്. മലയാളികളുടെ കലാ സാംസ്‌കാരിക രംഗത്തെ അതുല്യ പ്രതിഭകളാണ് മമൂക്കയും ലാലേട്ടനും. ക്ഷേത്ര ദർശനം ചെയ്ത ലാലേട്ടനെ ആക്ഷേപിക്കുന്ന വർഗീയ വിഷങ്ങളും അനാവശ്യമായി മമ്മൂക്കയെ വർഗീയ വാദിയാക്കുന്ന വർഗീയ വിഷങ്ങളും നമ്മുടെ ഇടയിലുണ്ട്.

ഇവരെയൊക്കെ തിരിച്ചറിയാൻ മലയാളിക്ക് കഴിയട്ടെ എന്നാശംസിക്കുന്നു. അഞ്ച് നേരം നിസ്കരിച്ചാലും വെള്ളിയാഴ്ച പള്ളിയിൽ പോയാലും അസ്സലാമു അലൈക്കും പറഞ്ഞാലൊന്നും ആരും തീവ്ര,വാദി ആകില്ല. മറിച്ചു സ്വന്തം വിശ്വാസം പുലർത്തുന്നതിനൊപ്പം മറ്റുള്ളവരുടെ വിശ്വാസത്തെ ബഹുമാനിക്കാൻ കൂടി കഴിയണം. മതപരമായ എല്ലാ ആചാരങ്ങളും പുലർത്തി മതേതര മൂല്യം ഉയർത്തി പിടിച്ചും ഞങ്ങളുടെ പ്രിയപ്പെട്ട മമൂക്കയായി ഇനിയും അഭ്രാപാളിയിൽ അത്ഭുതം തീർക്കാൻ അങ്ങേയ്ക്ക് കഴിയട്ടെ. ഹൃദയം നിറഞ്ഞ പിന്തുണ അറിയിക്കുന്നു..”, അഖിൽ മാരാർ കുറിച്ചു.