‘സ്കൂളിൽ പഠിക്കുന്ന കാലത്ത് ആർഎസ്എസ് ശാഖയിൽ പോയിട്ടുണ്ട്..’ – വിടാനുള്ള കാരണം വ്യക്തമാക്കി അഖിൽ മാരാർ

സ്കൂളിൽ പഠിക്കുന്ന സമയത്ത് താൻ ആർ.എസ്.എസിന്റെ ശാഖയിൽ പോയിട്ടുണ്ടെന്നും അതിൽ പ്രവർത്തിച്ചിരുന്നെന്നും ബിഗ് ബോസ് വിജയിയായ അഖിൽ മാരാർ. “കോൺഗ്രസിൽ വരുന്നതിന് മുമ്പ് ഞാൻ ആർ.എസ്.എസിന്റെ ശാഖയിൽ പോയിട്ടുണ്ട്. സ്കൂൾ കാലഘട്ടത്തിൽ, ആർ.എസ്.എസിന്റെ മുഖ്യശിക്ഷക് ആയിരുന്നിട്ടുണ്ട്. പിന്നീട് ഞാൻ ആർ.എസ്.എസിൽ നിന്ന് ഇറങ്ങാൻ കാരണം, കൊട്ടാരക്കരയിൽ ആർ.എസ്.എസിന്റെ ഒരു ഭയങ്കര പരിപാടി നടന്നിരുന്നു.

അതിൽ എന്റെയൊരു സുഹൃത്ത്, അവൻ അൽഫോൻസ് പുത്രേന്റെ കൂടെ ചെന്നൈയിൽ പഠിച്ചിട്ടുള്ള ആളാണ്. കക്ഷി ഇപ്പോൾ ഇന്ത്യയിൽ അറിയപ്പെടുന്ന ഒരു ശിൽപക്കാരനാണ്. അവനെ അന്ന് ഞാൻ ശ്രീരാമന്റെ ഒരു പടം വരയ്ക്കാൻ ഏൽപ്പിച്ചിരുന്നു. അവന്റെ കഴുത്തിൽ ഒരു കൊന്ത കിടപ്പുണ്ടായിരുന്നു. അപ്പോൾ അന്ന് വന്ന ആർ.എസ്.എസ് നേതാക്കളിൽ ഒരാളാണ് അവന്റെ കഴുത്തിൽ കിടക്കുന്ന കൊന്ത എടുത്തിട്ട്(അവൻ ഹിന്ദുവാണ്) ഇതൊക്കെ എന്തിനാടെ കഴുത്തിൽ ഇട്ടുകൊണ്ട് നടക്കുന്നത്, എടുത്തു കളയടെ എന്ന് പറഞ്ഞു.

എനിക്ക് അത് ഇഷ്ടപ്പെട്ടില്ല. അത് കഴിഞ്ഞ് വീടിന് അകത്തേക്ക് കയറിയപ്പോൾ ദൈവങ്ങളുടെ പടങ്ങൾ വച്ചിരിക്കുന്നിടത് എല്ലാവരുടെയും ഉണ്ടായിരുന്നു.. ഞാൻ പറയുന്നത് എല്ലാ ആർ.എസ്.എസുകാരും മോശമാണെന്നല്ല. ഇദ്ദേഹത്തിന്റെ ഈ സംസാരം എനിക്ക് തീരാ ഇഷ്ടപ്പെട്ടില്ല. ഞാൻ ആ ഒരു സംഭവത്തെ തുടർന്ന്, ആർ.എസ്.എസ് വിട്ടു. നമ്മുക്ക് മനുഷ്യനെ മനുഷ്യനായിട്ടെ കാണാൻ പറ്റൂ. നമ്മൾ പോയത് കബഡി കളിയും മറ്റ് കാര്യങ്ങളും കണ്ടിട്ടാണ്. കാരണം നമ്മൾ ഒരു സ്പോർട്സ് പേഴ്സൺ ആയിരുന്നു.

ഇത് വന്നേ പിന്നെ പതിനേഴ് വയസ്സ് തൊട്ട് പിന്നീട് ഒരിക്കലും പോയിട്ടില്ല. ഞാൻ അവരുടെ ക്ലാസ്സുകളിലൊക്കെ ഇരുന്നിട്ടുളളതാണ്. ഒരു മതത്തെയും അവിടെ മോശമായി പറഞ്ഞിട്ടില്ല. ഇതുപോലെ ചില വ്യക്തികൾ അവിടെ കുഴപ്പക്കാരാണ്. സംഘടനയുടെ ഭാഗത്ത് നിന്നും എനിക്ക് അങ്ങനെയൊരു ക്ലാസ് പോലും പോയ സമയത്ത് കിട്ടിയിട്ടില്ല. രാഷ്ട്രീയത്തിൽ പോകണമെന്ന് തീരുമാനിച്ചപ്പോഴാണ് ഞാൻ കോൺഗ്രസിൽ ചേർന്നത്..”, അഖിൽ മാരാർ ഒരു അഭിമുഖത്തിൽ പറഞ്ഞു.