‘ആകാശം കറുത്താൽ പുറത്തിറങ്ങാൻ പേടിക്കുന്ന ഒരു മുഖ്യമന്ത്രിയാണ് ഭരിക്കുന്നത്..’ – സത്യഭാമയെ ന്യായീകരിച്ച് അഖിൽ മാരാർ

ആർഎൽവി രാമകൃഷ്ണന് എതിരെ നർത്തകിയായ കലാമണ്ഡലം സത്യഭാമ നടത്തിയ വർണ അധിക്ഷേപത്തിൽ പ്രതികരിച്ച് സംവിധായകനും മുൻ ബിഗ് ബോസ് താരവുമായ അഖിൽ മാരാർ. സത്യഭാമ പറഞ്ഞതിൽ ഇത്രയേറെ ചർച്ചകളും പ്രഹേസനങ്ങളും ഒന്നും വേണ്ടെന്നും കറുപ്പ് കണ്ടാൽ ഓടി ഒളിക്കുന്ന മുഖ്യമന്ത്രിയാണ് ഉള്ളതെന്നുമൊക്കെ അഖിൽ മാരാർ കുറിച്ചു. കറുപ്പ് എന്തിനാണ് പ്രതിഷേധത്തിന്റെ കളറാക്കി മാറ്റിയതെന്നും അഖിൽ മാരാർ ചോദിക്കുന്നു.

“ഓരോരുത്തരും അവരുടെ കണ്ണിൽ കാണുന്നതാണ് മറ്റൊരാളുടെ സൗന്ദര്യം. കേരളത്തിൽ പലവിധ അഭിപ്രായങ്ങൾ പറയുന്ന നിരവധി മനുഷ്യരുണ്ട്. അവരൊക്കെ ദിവസേന പറയുന്നത് ഷൂട്ട് ചെയ്ത് പ്രചരിപ്പിച്ചാൽ ചർച്ചകൾക്ക് ആയിരം കാരണങ്ങൾ ലഭിക്കും. നമ്മൾ പൊതുവെ പ്രതിഷേധം അറിയിക്കുന്നത് പൊതു മണ്ഡലത്തിൽ വലിയ സ്വാധീനം ചെലുത്താൻ ശേഷിയുള്ള വ്യക്തിത്വങ്ങൾ പറയുന്ന കാര്യങ്ങളിൽ തിരുത്തപെടേണ്ട വിഷയങ്ങളുണ്ടെങ്കിൽ അത് ചൂണ്ടികാണിക്കുക സ്വഭാവികമാണ്.

അടുത്തിടെ മമ്മൂക്ക നടത്തിയ കഷണ്ടി പരാമർശവും ചക്കര പഞ്ചാര പരാമർശവും വിമർശനവിധേയമായത് അത് കൊണ്ടാണ്. മണിയാശാൻ നടത്തുന്ന സ്ത്രീ വിരുദ്ധ പരാമർശങ്ങൾ നമ്മൾ എതിർക്കുന്നത് അദ്ദേഹം ഒരു മന്ത്രിയായതുകൊണ്ട് കൂടിയാണ്.. അല്ലെങ്കിൽ അതൊരു സാധാരണക്കാരന്റെ നാട്ടുഭാഷ. കേരളത്തിൽ അത്രയൊന്നും സുപരിചിതയല്ലാത്ത ഒരു സ്ത്രീ, അതും 66 വയസുള്ള ഒരു നർത്തകി വായിൽ തോന്നിയ വിവരക്കേട് പറഞ്ഞതിന് ഇത്രയേറെ ചർച്ചയും പ്രഹസനങ്ങളും ഒന്നുംവേണ്ട.

പിന്നെ ആരാ ഇതൊക്കെ ചർച്ച ചെയ്യുന്നത്.. സ്വന്തം കളർ മറച്ചുവെച്ച് പുട്ടിയും വാരിപൊത്തി ചർച്ചകളിൽ വന്നിരിക്കുന്ന അവതാരികമാരും സൗന്ദര്യമുണ്ടാക്കി വന്നിരിക്കുന്ന ചിന്താശേഷിയില്ലാത്ത ചില മഹതികളും. സ്വന്തം നിറം അഭിമാനത്തോടെ ഇവർ സമൂഹത്തിന് മുന്നിൽ ആദ്യം കാണിക്കട്ടെ. പിന്നെ കറുപ്പ് എന്തിനാണ് പ്രതിഷേധത്തിന്റെ കളറാക്കി മാറ്റിയത്. കാക്ക എന്തുകൊണ്ടാണ് ബലിയുടെ പക്ഷി ആയത്. വെളുപ്പ് സമാധാനം ആക്കിയത് ആരാണ്!

മുഖ്യമന്ത്രി കറുപ്പ് കണ്ടാൽ ഓടി ഒളിക്കുന്നത് എന്തിനാണ്? കേരള നിയമസഭയിൽ എങ്കിലും ഒരു നിയമം കൊണ്ട് വരണം. ഇനി മുതൽ കറുപ്പ് ശാന്തിയുടെയും സമാധാനത്തിന്റെയും സ്നേഹത്തിന്റെയും കളറാണ്. പിന്നെ ഈ വലിയ പുരോഗമനം പറഞ്ഞു എതിർക്കുന്നവർ ഇൻസ്റ്റാഗ്രാമിൽ ഫിൽറ്റർ ഉപയോഗികാത്തവരും സൗന്ദര്യവർധക ക്രീമുകൾ ജീവിതത്തിൽ കാണുകപോലും ചെയ്യാത്തവരും അതിലുപരി കറുക്കാൻ വേണ്ടി മനപ്പൂർവം വെയിൽ കൊള്ളുന്നവർകൂടി ആണെന്നറിയുമ്പോൾ അവരെക്കുറിച്ചു എനിക്ക് അഭിമാനം മാത്രം.

സത്യഭാമ ഇത് പോലെ തന്നെ ഇനിയും ജീവിക്കും.. രാമകൃഷ്ണന് നിരവധി വേദികൾ പലരും നൽകും.. പക്ഷേ പലരിലും ഉള്ള വർണ്ണവിവേചനം മാറണമെങ്കിൽ സർക്കാർ വിചാരിക്കണം.. അതെങ്ങനാ ആകാശം കറുത്താൽ പുറത്തിറങ്ങാൻ പേടിക്കുന്ന ഒരു മുഖ്യമന്ത്രിയാണ് ഭരിക്കുന്നത്. കറുപ്പിനൊപ്പം..”, ഇതായിരുന്നു അഖിൽ മാരാർ എഴുതിയത്. വിഷയം സത്യഭാമയ്ക്ക് എതിരെയാണെങ്കിലും അഖിൽ അത് ഉപയോഗിച്ചത് മുഖ്യമന്ത്രിയെ വിമർശിക്കാൻ ആണെന്നും ചിലർ കമന്റുകൾ ഇട്ടിട്ടുമുണ്ട്.