‘കൊച്ചിയിൽ പുതിയ ഫ്ലാറ്റ് സ്വന്തമാക്കി അഖിൽ മാരാർ! പാലുകാച്ചൽ ചടങ്ങിൽ തിളങ്ങി ബിഗ് ബോസ് കുടുംബം..’ – വീഡിയോ വൈറൽ

ബിഗ് ബോസ് മലയാളം സീസൺ ഫൈവിലെ വിജയിയായ അഖിൽ മാരാർ ആഡംബര ഫ്ലാറ്റ് സ്വന്തമാക്കിയ സന്തോഷം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. മാർച്ച് 25-നായിരുന്നു അഖിലിന്റെ പുതിയ ഫ്ലാറ്റിന്റെ പാലുകാച്ച് ചടങ്ങ് നടന്നത്. ഏറെ സന്തോഷം നിറഞ്ഞ മുഹൂർത്തത്തിൽ ബിഗ് ബോസിൽ സഹമത്സരാർത്ഥികളായിരുന്നു താരങ്ങളിൽ പലരും ചടങ്ങിൽ നേരിട്ട് എത്തി അടിപൊളിയാക്കുകയും ചെയ്തു.

“എല്ലാം അവസാനിച്ചു എന്ന തോന്നലിൽ നിന്നായിരുന്നു വലിയ തുടക്കങ്ങളുടെ ആരംഭം.. മാർച്ച്‌ 25-ന് സ്വന്തം ഫ്ലാറ്റിൽ കയറണം എന്ന് തീരുമാനിച്ചത് വെറും ഇരുപത് ദിവസം മുൻപാണ്. പിന്നീട് കണ്ണടച്ച് തുറക്കും വേഗത്തിൽ ഇന്റീരിയർ തുടങ്ങി.. മേടിച്ചത് ഫർണിഷ്ഡ് ഫ്ലാറ്റ് ആയിരുന്നു. എന്നാൽ അത് പൊളിച്ചുമാറ്റി എന്റെ ഇഷ്ടത്തിന് അനുസരിച്ച് ചെയ്യാൻ തീരുമാനിച്ചപ്പോൾ കട്ടയ്ക്ക് കൂടെ നിന്നത് എലൈറ്റ് ഇന്റീരിയേഴ്സിന്റെ ഓണർ എന്റെ നാട്ടുകാരൻ കൂടി ആയ അജി ആയിരുന്നു.

മാർച്ച്‌ 25 വെളുപ്പിന് മൂന്നു മണിക്ക് പറഞ്ഞ വാക്ക് പാലിച്ച അജിയോട് പ്രത്യേക നന്ദി അറിയിക്കുന്നു.. അല്ലറ ചില്ലറ പണി കൂടി തീർത്ത ശേഷം വീടിന്റെ വിശേഷങ്ങൾ മറ്റൊരു വീഡിയോയിൽ ചെയ്യാം.. എല്ലാ പ്രിയപെട്ടവർക്കും ഒരായിരം നന്ദി..”, അഖിൽ മാരാർ വീഡിയോയോടൊപ്പം കുറിച്ചു. പാലുകാച്ചൽ ചടങ്ങിന് ബിഗ് ബോസ് കുടുംബങ്ങളെ കൂടാതെ സംവിധായകൻ മേജർ രവി, ഷെഫ് പിള്ള എന്നിവരും പങ്കെടുത്തിട്ടുണ്ട്.

ബിഗ് ബോസിലെ അഖിലിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളായ ഷിജു, വിഷ്ണു ജോഷി എന്നിവരെ കൂടാതെ അനിയൻ മിഥുൻ, ജുനൈസ് വിപി, ശോഭ വിശ്വനാഥ്, മനീഷ, ശ്രുതി ലക്ഷ്മി, സെറീന ജോൺസൺ, നാദിറ മെഹറിൻ തുടങ്ങിയവർ എത്തിയിരുന്നു. സെറീന രാവിലെ പാലുകാച്ചൽ ചടങ്ങ് മുതൽ ഉണ്ടായിരുന്നെങ്കിൽ ബാക്കിയുള്ളവർ വൈകിട്ടാണ് എത്തിയത്. ബിഗ് ബോസ് സീസൺ ഫൈവ് തുടങ്ങിയ അതെ ദിവസം ഒരുവർഷം കഴിഞ്ഞാണ് അഖിൽ ഫ്ലാറ്റ് സ്വന്തമാക്കിയത്.