‘പുതിയ തുടക്കം!! സോഷ്യൽ മീഡിയ അടക്കി ഭരിക്കാൻ നടി മീര ജാസ്മിൻ..’ – സ്വാഗതമേകി മറ്റു നായികമാർ

ദിലീപ് നായകനായ സൂത്രധാരൻ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി മീര ജാസ്മിൻ. കസ്തൂരിമാൻ എന്ന സിനിമയിലെ പ്രിയംവദ എന്ന കഥാപാത്രമാണ് താരത്തിനെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കി മാറ്റിയത്. ഗ്രാമഫോൺ, സ്വപ്നക്കൂട്, പാഠം ഒന്ന് ഒരു വിലാപം, ചക്രം തുടങ്ങിയ ഗംഭീര സിനിമകളിൽ അതെ വർഷം മീര ജാസ്മിൻ നായികയായി.

പിന്നീട് ഇങ്ങോട്ട് മീരയുടെ വർഷങ്ങളായിരുന്നു. പെരുമഴക്കാലം, അച്ചുവിന്റെ അമ്മ, രസതന്ത്രം, വിനോദയാത്ര, ഫോർ ഫ്രണ്ട് സ്, ഒരേ കടൽ തുടങ്ങിയ സിനിമകളിൽ മീര അഭിനയിച്ചു. മികച്ച നടിയായി ഒരു തവണ ദേശീയ അവാർഡും രണ്ട് തവണ സംസ്ഥാന അവാർഡും നേടിയിട്ടുള്ള ഒരാളുകൂടിയാണ് മീര. ഒരു മികച്ച അഭിനയത്രിയായിരുന്നു മീരയ്ക്ക് പക്ഷേ ഇടയ്ക്ക് താളംതെറ്റി.

2014-ലാണ് മീര ജാസ്മിൻ വിവാഹിതയാകുന്നത്. അതിന് ശേഷം വളരെ കുറച്ച് സിനിമകളിൽ മാത്രമേ താരം അഭിനയിച്ചിട്ടുള്ളു. ഇപ്പോഴിതാ സത്യൻ അന്തിക്കാട് ചിത്രത്തിലൂടെ അതിശക്തമായി തിരിച്ചുവരവ് നടത്താൻ ഒരുങ്ങുകയാണ് മീര. മകൾ എന്നാണ് സിനിമയുടെ പേര്. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി കഴിഞ്ഞു. മീര ഇപ്പോൾ മറ്റൊരു സന്തോഷ വാർത്ത ആരാധകർക്ക് ഒപ്പം പങ്കുവച്ചിരിക്കുകയാണ്.

സമൂഹ മാധ്യമങ്ങളിൽ അധികം സജീവമായ ഒരാളല്ലായിരുന്നു മീര. എന്നാൽ ഇപ്പോഴിതാ ഇൻസ്റ്റാഗ്രാമിൽ ഒഫീഷ്യൽ അക്കൗണ്ട് തുടങ്ങിയിരിക്കുകയാണ് മീര. സോഷ്യൽ മീഡിയ അടക്കി ഭരിക്കാൻ മീര എത്തിയെന്ന് ആരാധകർ അഭിപ്രായപ്പെട്ടു. താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് മീരയെ ഇൻസ്റ്റയിലേക്ക് സ്വാഗതം ചെയ്ത കമന്റുകളും പോസ്റ്റുകളും ഇട്ടിരിക്കുന്നത്.