‘ഇദ്ദേഹമാണ് യഥാർത്ഥ സൂപ്പർസ്റ്റാർ!! പാവപ്പെട്ട 11 യുവതികളുടെ വിവാഹം നടത്തി വിശാൽ..’ – കൈയടിച്ച് ആരാധകർ

തെന്നിന്ത്യയിൽ ഒട്ടാകെ ആരാധകരുള്ള ഒരു നടനാണ് വിശാൽ. സൂപ്പർസ്റ്റാറായി പ്രേക്ഷകരുടെ മനസ്സിൽ നിൽക്കുന്ന വിശാൽ പല ജീവകാരുണ്യ പ്രവർത്തനങ്ങളിലും സഹായ ഹസ്തവുമായി എത്തുന്ന കാഴ്ച പലപ്പോഴും കണ്ടിട്ടുണ്ട്. പാവപ്പെട്ട 11 യുവതികളുടെ വിവാഹം നടത്തി കൊടുത്തിരിക്കുകയാണ് ഇപ്പോൾ വിശാൽ. വിശാലിന്റെയും അദ്ദേഹത്തിന്റെ ഫാൻസ്‌ അസോസിയേഷന്റെയും നേതൃത്വത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.

ചടങ്ങിൽ പങ്കെടുത്ത അദ്ദേഹം പതിനൊന്ന് പെൺകുട്ടികളുടെ വരന്മാർക്കും താലി എടുത്തുനൽകിയത് വിശാൽ ആയിരുന്നു. താലികെട്ടിന്റെ സമയത്ത് മുന്നിൽ നിന്ന് തന്നെ അവർക്ക് എല്ലാവർക്കും പൂവിട്ട് അനുഗ്രഹവും വിശാൽ നൽകിയിരുന്നു. തമിഴ് നാട്ടിലെ തിരുവള്ളൂരിലെ സ്കൂളിൽ വച്ചാണ് വിവാഹ ചടങ്ങ് നടന്നത്. വിവാഹത്തിന്റെ ചിലവിന് പുറമേ വിശാൽ ദമ്പതിമാർക്ക് കൈ നിറയെ സമ്മാനങ്ങളും നൽകി.

വിശാലിന്റെ ജന്മദിനത്തോടനുബന്ധിച്ച് ആവശ്യക്കാർക്ക് സാധനങ്ങൾ എത്തിച്ചു നൽകിയതിനും അതിമനോഹരമായ വിവാഹ ചടങ്ങുകൾക്ക് കാരണമായതിനും വിശാൽ ഫാൻസ്‌ അംഗങ്ങളെ സ്വർണ്ണ മോതിരവും ചെയിനും സമ്മാനിച്ച് താരം ആദരിക്കുകയും ചെയ്തു. ഇത്തരമൊരു സമൂഹ വിവാഹം നടത്തുക തന്റെ ഏറെ നാളത്തെ ആഗ്രഹമായിരുന്നുവെന്ന് വിശാൽ ചടങ്ങിൽ പറഞ്ഞു.

തനിക്ക് പതിനൊന്ന് സഹോദരിമാരാണ് ഇപ്പോഴുള്ളതെന്നും അവരുടെ സന്തോഷമാണ് തനിക്ക് വലുതെന്നും വേദിയിൽ വിശാൽ പറഞ്ഞിരുന്നു. വിശാലിന്റെയും ആരാധകരുടെയും നല്ല മനസ്സിനെ അഭിനന്ദിച്ച് സമൂഹ മാധ്യമങ്ങളിൽ ധാരാളം പോസ്റ്റുകളും വന്നിട്ടുണ്ട്. മറ്റ് ജില്ലകളിലും സമാനമായ രീതിയിൽ ഇത്തരം സമൂഹ വിവാഹങ്ങൾ സംഘടിപ്പിക്കുമെന്ന് വിശാൽ വ്യക്തമാക്കുകയും ചെയ്തു. ലാത്തി എന്ന സിനിമയാണ് ഇനി വിശാലിന്റെ ഇറങ്ങാനുള്ളത്.