‘ഓരോ കഥകളും എനിക്ക് കിട്ടുന്നത് എന്റെ ചുറ്റുമുള്ള ജീവിതങ്ങളിൽ നിന്ന്..’ – വെളിപ്പെടുത്തി അഭിലാഷ് പിള്ള

സിനിമയ്ക്ക് വേണ്ടി കഥയും തിരക്കഥയും എഴുതുക എന്ന് പറയുന്നത് അത്ര എളുപ്പമായ കാര്യമല്ല. ഒരു കഥ ആലോചിച്ച് അത് തിരക്കഥയാക്കി വിജയകരമാക്കുക എന്ന് പറയുന്നത് എളുപ്പം ആണെന്നാണ് പലരുടെയും വിചാരം. ഒരു സിനിമയുടെ തിരക്കഥ മോശം ആണെങ്കിൽ അതിൽ എത്ര മേക്കിങ് കൊണ്ടും അഭിനയം കൊണ്ടും വിജയിപ്പിക്കാൻ സാധിക്കുകയില്ല എന്ന് പലരും പറയുള്ള ഒരു കാര്യമാണ്.

ഈ കാലഘട്ടത്തിൽ മലയാള സിനിമ നല്ല തിരക്കഥകൾ ഇല്ലാതെ മുന്നോട്ട് പോവുകയാണെന്ന് ഒരു ആക്ഷേപം തന്നെ നിലനിൽക്കുന്നുണ്ട്. ഈ വർഷമിറങ്ങിയ സിനിമകളിൽ ആ പേര് മാറികിട്ടിയിട്ടുമുണ്ട്. തനിക്ക് ലഭിക്കുന്ന കഥകളും കഥാപാത്രങ്ങൾ എവിടെ നിന്നുമാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് തിരക്കഥാകൃത്തായ അഭിലാഷ് പിള്ള. മലയാളത്തിലെ വലിയ ഹിറ്റുകളിൽ ഒന്നിന്റെ തിരക്കഥാകൃത്താണ് അഭിലാഷ്.

“ഞാൻ എഴുതുന്ന ഓരോ കഥകളും കഥാപാത്രങ്ങളും എനിക്ക് കിട്ടുന്നത് ഞാൻ കാണുന്ന എന്റെ ചുറ്റുമുള്ള ജീവിതങ്ങളിൽ നിന്നും തന്നെയാണ്, ആ കഥകളിൽ നിങ്ങളിൽ പലരും കഥാപാത്രങ്ങളാകാറുണ്ട്. ഈ യാത്രയുടെ അവസാനം വരെ ആ കഥാപാത്രങ്ങൾ എന്റെ ഒപ്പം തന്നെ കാണും..”, ഇതായിരുന്നു അഭിലാഷ് പിള്ള ഫേസ്ബുക്കിൽ കുറിച്ചത്. മാളികപ്പുറം എന്ന സിനിമയിലൂടെയാണ് മലയാളികൾ അഭിലാഷിന്റെ പേര് കേൾക്കാൻ തുടങ്ങിയത്.

അതിന്റെ തിരക്കഥ എഴുതിയത് അഭിലാഷാണ്. ഇത് കൂടാതെ മലയാളത്തിലും തമിഴിലുമായി വേറെയും സിനിമകൾക്ക് തിരക്കഥ എഴുതിയിട്ടുണ്ട് അഭിലാഷ്. പത്താം വളവ്, നൈറ്റ് ഡ്രൈവ്, കഡവർ(തമിഴ്) എന്നീ സിനിമകൾക്ക് തിരക്കഥ എഴുതിയത് അഭിലാഷാണ്. ഇതിൽ കഡവറിൽ അഭിലാഷ് അഭിനയിച്ചിട്ടുമുണ്ട്. വിനയന് വേണ്ടി അത്ഭുതദ്വീപിന്റെ രണ്ടാം ഭാഗത്തിന്റെ തിരക്കഥ എഴുതാൻ പോകുന്നതും അഭിലാഷ് ആണ്.