‘ആറ് വർഷമായി ഹിറ്റില്ല!! അഭിനയ ജീവിതത്തിൽ നിന്ന് ഇടവേള എടുക്കുന്നു..’ – പ്രഖ്യാപിച്ച് നടൻ ആമിർ ഖാൻ

ബോളിവുഡിൽ ഒരുപാട് ആരാധകരുള്ള നടനാണ് ആമിർ ഖാൻ. ബോക്സ് ഓഫീസിലെ പ്രകടനം മാത്രമല്ല, അഭിനയത്തിലും ആമിർ ഖാൻ എന്ന നടൻ പലപ്പോഴും ഖാൻ നിരയിൽ മുന്നിൽ നിന്നു. സിനിമ ജീവിതത്തിലും അത്ര നല്ല സമയത്തിലൂടെയല്ല ആമിർ ഖാൻ കടന്നു പോയികൊണ്ടിരിക്കുന്നത്. 2016-ൽ പുറത്തിറങ്ങിയ ദംഗലിന് ശേഷം ആമിർ ഖാനൊരു ഹിറ്റ് സിനിമ ഉണ്ടായിട്ടില്ലെന്നതും ശ്രദ്ധേയമായ കാര്യമാണ്.

ഈ വർഷം പുറത്തിറങ്ങിയ ലാൽ സിംഗ് ചാദ്ധയും തിയേറ്ററിൽ പരാജയപ്പെട്ടിരുന്നു. 35 വർഷത്തെ അഭിനയ ജീവിതത്തിന് ഇടവേള എടുക്കാൻ ഒരുങ്ങുകയാണ് ആമിർ ഖാൻ. ഈ കാര്യം ആമിർ ഖാൻ തന്നെയാണ് ഒരു പരിപാടിയിൽ പറഞ്ഞത്. ആമിർ ഖാന്റെ പ്രഖ്യാപനം കേട്ട് സങ്കടത്തിൽ ആയിരിക്കുകയാണ് അദ്ദേഹത്തിന്റെ ആരാധകർ. എന്ത് കൊണ്ട് ഇടവേള എടുക്കുന്നുവെന്നും ആമിർ തന്നെ പറഞ്ഞിട്ടുണ്ട്.

“ലാൽ സിംഗിന് ശേഷം ഞാൻ ചാമ്പ്യൻസ് എന്നൊരു സിനിമ ചെയ്യാൻ ഇരുന്നതാണ്. നല്ല തിരക്കഥയാണ് അതിന്റെ.. നല്ലയൊരു സിനിമയുമായിരിക്കും. പക്ഷേ ഒരു ബ്രെക്ക് എടുക്കണമെന്ന് എന്റെ മനസ്സ് പറയുന്നു. എനിക്ക് കുടുംബത്തിന് ഒപ്പം സമയം ചെലവഴിക്കണം. എന്റെ അമ്മയുടെയും കുട്ടികളുടെയും കൂടെ ഉണ്ടാവണമെന്ന് ഒരു ചിന്ത. 35 വർഷമായി ഞാൻ സിനിമയിൽ അഭിനയിക്കുന്നുണ്ട്. ഈ 35 വർഷവും ഞാൻ ഒരേ മനസ്സോടെ എന്റെ വർക്കുകളിൽ ശ്രദ്ധ കൊടുത്തു.

എന്റെ ഒപ്പമുള്ളവരോട് ഞാൻ ചെയ്യുന്ന തെറ്റാണെന്ന് അറിയാം. ഇതാണ് കറക്റ്റ് സമയമെന്ന് എനിക്ക് തോന്നുന്നു. അടുത്ത ഒന്ന്-ഒന്നര വർഷം ഞാൻ അഭിനേതാവായി ഉണ്ടായിരിക്കില്ല. ഒരു നിർമ്മാതാവായി ഞാനുണ്ടായിരിക്കും. ചാമ്പ്യൻസ് എന്ന സിനിമ നിർമ്മിക്കുന്നത് ഞാനാണ്..”, ആമിർ ഖാൻ പറഞ്ഞു. ആമിറിനെ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ലുക്കിലാണ് പരിപാടിയിൽ കാണാൻ കഴിയുന്നത്. നരച്ച മുടിയും താടിയുമായിട്ടാണ് ആമിർ പരിപാടിയിൽ പങ്കെടുത്തത്.