‘ഞാൻ ആരുടെയോ കൂടെ ഒളിച്ചോടിയെന്ന് അവർ കരുതി..’ – ഓർമ്മ പങ്കുവച്ച നടി അനുസിത്താര

മലയാള സിനിമയുടെ ഭാഗ്യനായികയെന്ന് അറിയപ്പെടുന്ന താരമാണ് നടി അനു സിത്താര. സത്യൻ അന്തിക്കാട് ചിത്രമായ ഒരു ഇന്ത്യൻ പ്രണയകഥയിലൂടെയാണ് അനുവിനെ പ്രേക്ഷകർ തിരിച്ചറിഞ്ഞ് തുടങ്ങിയത്. അതിന് മുമ്പ് പൊട്ടാസ് ബോംബ് എന്നൊരു ചിത്രം ചെയ്‌തിരുന്നു. സിനിമയിൽ നായികയായി അരങ്ങേറ്റം കുറിക്കുന്നതിന് മുമ്പ് തന്നെ വിവാഹിതയായ താരമാണ് അനു.

കാമുകനായ വിഷ്‌ണു പ്രസാദിനെയാണ് അനു വിവാഹം ചെയ്തത്. അഭിനയത്തിന് പുറമേ നൃത്തത്തിലും കഴിവ് തെളിയിച്ച താരമാണ് അനു. ഇപ്പോഴിതാ വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ കലാമണ്ഡലത്തിൽ പഠിക്കുമ്പോളുള്ള ഒരു അനുഭവം പങ്കുവച്ചിരിക്കുകയാണ് താരം. 8 ക്ലാസ്സിൽ പഠിക്കുമ്പോളാണ് അനു കലാമണ്ഡലത്തിൽ ചേർന്നത്.

പെട്ടന്ന് ഒരു ദിവസം അനു കലാമണ്ഡലത്തിലെ ജീവിതത്തോട് ഫുൾ സ്റ്റോപ്പ് ഇടാൻ തീരുമാനിച്ചു. ‘വീട്ടിലേക്ക് ഒളിച്ചോടുക അതല്ലാതെ വേറെ വഴിയൊന്നുമില്ല. ഹോസ്റ്റലിലായിരുന്നു താമസം. അവിടെ നിന്ന് ഇറങ്ങിയ ഒറ്റയ്ക്ക് കല്‍പ്പറ്റ വരെ എങ്ങനെ പോകുമെന്ന് ആലോചിച്ചിട്ട് പേടിയായിരുന്നു. പിറന്നാളാണെന്നും അമ്പലത്തിൽ പോകണമെന്നും കളവ് പറഞ്ഞ് പുറത്തുചാടുക അതായിരുന്നു ലക്ഷ്യം.

പിറന്നാളല്ലേ.. അതുകൊണ്ട് തന്നെ കണ്ണൊക്കെ എഴുതി പൊട്ടൊക്കെ തൊട്ട് പച്ച ബ്ലൗസും ചന്ദന കളര്‍ പട്ടുപാവാടയും ഇട്ട് അമ്പലത്തിലേക്ക് പോകാൻ ഇറങ്ങിയപ്പോൾ സീനിയറായ ചേച്ചിയും കൂടെ വന്നു. പണി പാളിയെന്ന് മനസ്സിൽ ഉറപ്പിച്ചു. പക്ഷേ അമ്പലത്തിൽ എത്തിയ ശേഷം പുള്ളികാരിയെ നൈസായി ഒഴിവാക്കി ഓട്ടോറിക്ഷ പിടിച്ച് നേരെ റെയിൽവേ സ്റ്റേഷനിലേക്ക് പോയി. അവിടെ നിന്ന് ട്രെയിനിൽ കോഴിക്കോട്ടേക്കും പിന്നീട് ബസിൽ കൽപ്പറ്റയിലേക്കും പേടിച്ച് വിറച്ച് എത്തി.

വീട്ടുകാര് നേരത്തെ തന്നെ വിവരങ്ങൾ അറിഞ്ഞു. കോളേജിൽ ഉള്ളവർ കരുതിയത് ഞാൻ ആരുടെയോ കൂടെ ഒളിച്ചോടിയെന്നാണ്. പക്ഷേ ഉമ്മ ഉറപ്പിച്ചു പറഞ്ഞു അവൾ എങ്ങും പോകില്ല നേരെ ഇങ്ങോട്ട് വരുമെന്ന്. ഞാൻ വീട്ടിൽ എത്തിയപ്പോൾ എല്ലാവരും വിവരമറിഞ്ഞ് എന്നെ കാത്ത് നിൽപ്പുണ്ടായിരുന്നു. എന്നെ കണ്ടതും എല്ലാവരും കരച്ചിലായി. പിന്നീട് അരങ്ങേറ്റത്തിനാണ് കലാമണ്ഡലത്തിലേക്ക് പോയത്..’ അനു പറഞ്ഞു.

CATEGORIES
TAGS