‘ഇംഗ്ലീഷ് സാഹിത്യത്തിൽ പി.എച്ച്.ഡി കരസ്ഥമാക്കി ചിന്ത ജെറോം..’ – കൈയടിച്ച് സോഷ്യൽ മീഡിയ
യുവജന കമ്മീഷൻ അധ്യക്ഷയും ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗവുമായ ചിന്താ ജെറോമിന് കേരള സർവ്വകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് ലഭിച്ചു. കേരള സർവ്വകലാശാലയിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ചിന്താ ജെറോം പി.എച്ച്.ഡി കരസ്ഥമാക്കി. ‘നവലിബറൽ കാലഘട്ടത്തിലെ മലയാള കച്ചവട സിനിമയുടെ പ്രത്യയശാസ്ത്രം’ എന്ന വിഷയത്തിലാണ് ചിന്താ ജെറോം ഗവേഷണ പ്രബന്ധം തയ്യാറാക്കിയത്.
കേരള സർവ്വകലാശാലയിലെ ഇംഗ്ലീഷ് വിഭാഗം ‘ഇൻസ്റ്റിട്യൂട്ട് ഓഫ് ഇംഗ്ലീഷില്‍’ ആണ് ചിന്താ ഗവേഷണം നടത്തിയത്. തിരക്കിട്ട സംഘടനാ-ഔദ്യോഗിക കൃത്യനിർവഹണങ്ങൾക്കിടയിലാണ് ചിന്ത ജെറോം ഗവേഷണ പ്രവർത്തനത്തിന് സമയം കണ്ടെത്തിയത്. ചിന്ത തന്നെയാണ് പി.എച്ച്.ഡി ലഭിച്ച കാര്യം തന്റെ പ്രവർത്തകരെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.
‘പുതുവർഷാരംഭം.. പുതു തുടക്കവും.. പുതിയ സന്തോഷവും.. ഇന്ന് ചേർന്ന കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗം എനിക്ക് പി.എച്ച്.ഡി. അവാർഡ് ചെയ്തു. എന്റെ ഗവേഷണ പ്രബന്ധം സമർപ്പിച്ചിരിക്കുന്നത് അനീതിക്കെതിരെയും അസമത്വത്തിനെതിരെയും നിലയ്ക്കാത്ത പോരാട്ടം തുടരുന്ന ലോകമെമ്പാടുമുള്ള യുവത്വത്തിനാണ്.
‘പഠിക്കുക പോരാടുക’ എന്ന മുദ്രാവാക്യം ഹൃദയത്തിൽ പതിപ്പിച്ചു തന്ന എസ്.എഫ്.ഐയാണ് ഈ അക്കാദമിക യാത്രയിലെ നേട്ടത്തിന് പിന്നിലെ ചാലകശക്തി. പപ്പയ്ക്കും മമ്മിയ്ക്കും ഒപ്പമുണ്ടായിരുന്ന എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി..’, ചിന്ത ഫേസ്ബുക്കിൽ കുറിച്ചു. ‘ചുംബനം, സമരം, ഇടതുപക്ഷം’, ‘ചങ്കിലെ ചൈന’, ‘അതിശയപ്പത്ത്’ എന്നീ മൂന്ന് കൃതികളും രചിച്ചിട്ടുണ്ട്.