‘അനശ്വരയും പ്രിയ വാര്യരും ബോളിവുഡിൽ!! യാരിയാൻ 2 ടീസർ കണ്ട് കണ്ണുതള്ളി മലയാളികൾ..’ – വീഡിയോ കാണാം

2014-ൽ പുറത്തിറങ്ങിയ മലയാള ചിത്രമായ ബാംഗ്ലൂർ ഡേയ്സിന്റെ ഹിന്ദി റീമേക്ക് ചിത്രത്തിൽ പ്രധാന വേഷത്തിൽ മലയാളിയായ നടി അനശ്വര രാജൻ. അനശ്വരയെ കൂടാതെ പ്രിയ വാര്യരും സിനിമയിൽ അതിഥി വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്. ‘യാരിയാൻ 2’ എന്നാണ് സിനിമയുടെ പേര്. 2014-ൽ ഹിന്ദിയിൽ ഇറങ്ങിയ യാരിയാന്റെ രണ്ടാം ഭാഗമായിട്ടാണ് സിനിമ ഇറങ്ങുന്നതെങ്കിലും ബാംഗ്ലൂർ ഡേയ്സിന്റെ കഥയാണ്.

ബാംഗ്ലൂർ ഡേയ്സിന്റെ കഥയിൽ മാറ്റങ്ങൾ വരുത്തിയാണ് സിനിമ റിലീസ് ചെയ്യുന്നത്. ബാംഗ്ലൂർ ഡേയ്സിൽ ബന്ധുക്കളായ മൂന്ന് പേരുടെ കഥയാണെങ്കിൽ ഇതിൽ കോളേജിൽ അടുത്ത സുഹൃത്തുക്കളായ മൂന്ന് പേരുടെ കഥയാണ് എന്നാണ് സൂചനകൾ. ഇപ്പോഴിതാ സിനിമയുടെ ടീസർ പുറത്തിറങ്ങിയിരിക്കുകയാണ്. സിനിമയിൽ അനശ്വര രാജന്, ബാംഗ്ലൂർ ഡേയ്സിൽ പാർവതി ചെയ്ത റോളിലാണ് അഭിനയിക്കുന്നത്.

രാധിക റാവു, വിനയ് സപ്രു എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന യാരിയാൻ 2-വിൽ ദിവ്യ ഖോസ്ല കുമാർ, യാഷ് ദാസ്‌ഗുപ്ത, മീസാൻ ജഫ്രി, പെർള വി പുരി, വാറിന ഹുസൈൻ, രാഹുൽ ബോസ് തുടങ്ങിയ താരങ്ങൾ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. പ്രിയ വാര്യർ ചെറിയ ഒരു വേഷത്തിലാണ് അഭിനയിക്കുന്നത്. അനശ്വരയുടെ ബോളിവുഡ് അരങ്ങേറ്റം ചിത്രം കൂടിയാണ് ഇത്. പ്രിയ നേരത്തെ തന്നെ ബോളിവുഡിൽ അഭിനയിച്ചിട്ടുണ്ട്.

ടി സീരീസ്, റാവു ആൻഡ് സപ്രു ഫിലിംസ് പ്രൊഡക്ഷൻസും ബിഎൽഎം പിച്ചേഴ്സിന്റെയും ബാനറിൽ ഭൂഷൻ കുമാർ, കൃഷ്ണൻ കുമാർ, ദിവ്യ ഖോസ്ല കുമാർ, ആയുഷ് മഹേശ്വരി എന്നിവർ ചേർന്നാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. ഒക്ടോബർ ഇരുപത്തിനാണ് സിനിമ റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. മന്നൻ ഭരദ്വാജ്, യോ യോ ഹണി സിംഗ്, ഖലീഫ്‌ എന്നിവർ ചേർന്നാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. സി.ആർ രവി യാദവാണ് ക്യാമറ.