‘എനിക്ക് എത്ര സ്വർണം തരുമെന്ന് ചോദിക്കുന്ന പെൺകുട്ടികളുമുണ്ട്, അത് പാടില്ല..’ – സ്ത്രീധനത്തെ കുറിച്ച് നടൻ വിജയരാഘവൻ

താനോ തന്റെ കുടുംബവുമോ സ്ത്രീധനം വാങ്ങിയില്ല വിവാഹം കഴിച്ചതെന്നും അത് പോലൊരു തെണ്ടിത്തരം ലോകത്തില്ലെന്നും നടൻ വിജയരാഘവൻ. ഒരു സിനിമയുടെ പ്രൊമോഷന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം സ്ത്രീധനത്തിന് എതിരെ സംസാരിച്ചത്. തനിക്ക് എത്ര തരുമെന്ന് ചോദിക്കുന്ന പെൺകുട്ടികളും ഉണ്ടെന്നും പഠിത്തം കഴിഞ്ഞാൽ മക്കളെല്ലാം അവരവരുടെ കാര്യം നോക്കണമെന്നും വിജയരാഘവൻ പറഞ്ഞു.

“സ്ത്രീധനം പോലൊരു തെണ്ടിത്തരം ലോകത്തില്ല.. എന്റെ അച്ഛൻ സ്ത്രീധനം വാങ്ങിച്ചിട്ടില്ല. ഞാൻ സ്ത്രീധനം വാങ്ങിച്ചിട്ടില്ല. എന്റെ സഹോദരിമാർക്ക് കൊടുത്തിട്ടില്ല. എന്റെ മക്കൾക്ക് സ്ത്രീധനം കൊടുത്തിട്ടുമില്ല ഞാൻ ചോദിച്ചിട്ടുമില്ല. എന്റെ രണ്ടാമത്തെ മകന്റെ കല്യാണം നടന്നപ്പോൾ പെണ്ണിന്റെ അച്ഛൻ എന്നെ വിളിച്ചു. ഞങ്ങൾക്ക് ചില കാര്യങ്ങൾ പറയാനുണ്ട്. എനിക്ക് കുറച്ച് സ്ഥലമുണ്ട്. ഞാൻ പറഞ്ഞു എനിക്ക് ആ വക കാര്യങ്ങൾ ഒന്നും അറിയേണ്ട.

ഞാൻ നിങ്ങളുടെ വീടും പരിസരവും അറിഞ്ഞിട്ടായിരിക്കുമല്ലോ നിങ്ങൾ കാണാമെന്ന് പറഞ്ഞത്. വേറെ ഒന്നും ആവശ്യമില്ല, എനിക്ക് ഒന്നും അറിയേണ്ട ആവശ്യമില്ലെന്നാണ് ഞാൻ പറഞ്ഞത്. ആ സംസാരമേ വേണ്ടെന്നാണ് ഞാൻ പറഞ്ഞത്. അത് ഏറ്റവും വലിയ ചെറ്റത്തരമായിട്ടാണ് ഞാൻ കാണുന്നത്. അങ്ങനെയാണേൽ തിരിച്ചുചോദിക്കേണ്ടേ! ഇവന് എന്താ ഉള്ളതെന്ന് ചോദിക്കാൻ പെണുങ്ങൾക്ക് ഒരു ധൈര്യം വേണം.

എന്ത് കിട്ടുമെന്ന് ചോദിച്ചുവരുന്നവനെ ഒരിക്കലും കല്യാണം കഴിക്കരുത്. വിശ്വസിക്കാനേ കൊള്ളില്ല. ഞാൻ എന്റെ മക്കളുടെ കല്യാണത്തിനും ഒന്നും ചോദിച്ചിട്ടുമില്ല, അന്വേഷിച്ചിട്ടുമില്ല. എന്റെ മൂത്തമകന്റെ കല്യാണം കഴിഞ്ഞിട്ട് 13 വർഷത്തോളമായി. ഞങ്ങളുടെയും അവരുടെയും വീട്ടുകാരുമായി നല്ല ബന്ധമാണ്. നമ്മുക്ക് ഒരു കുട്ടിയെ ഇഷ്ടപ്പെട്ടു, ആ കുട്ടി നമ്മുക്ക് പറ്റുന്നതാണോ നമ്മുടെ വീട്ടിൽ താമസിക്കാൻ പറ്റുന്നതാണോ എന്നൊക്കെയാണ് ഞാൻ നോക്കുന്നത്.

സ്ത്രീധനം കൊടുക്കുന്നവരുണ്ടല്ലോ.. അവരും കുറ്റക്കാരാണ്. എന്തിനാണ് സ്ത്രീധനം കൊടുത്തിട്ട് കുഞ്ഞിനെ കൊടുക്കുന്നത്. വിലയ്ക്ക് കൊടുക്കുകയല്ലേ അത്. അച്ഛനും അമ്മയും ചെയ്യുന്ന തെറ്റാണ് അത്. പെണുങ്ങൾക്കും ഈ കുഴപ്പമുണ്ട്. പറയുന്നതുകൊണ്ട് മറ്റൊന്നും വിചാരിക്കരുത്. ഞാൻ പോവല്ലേ.. എനിക്ക് എന്ത് കിട്ടും, എന്ത് തരും വീട്ടിൽ നിന്ന്.. ഞാൻ ഒന്നും ഇല്ലാതെ അങ്ങോട്ട് ഇറങ്ങി ചെന്നാൽ എങ്ങനെയാ, എനിക്കും ഒരു വിലയൊക്കെ വേണ്ടേ.

ഇവിടുന്ന് എത്ര കിട്ടുമെന്നാണ് ഉദ്ദേശം. കാരണം അച്ഛൻ കുറച്ച് പൈസയുണ്ടാക്കി വച്ചിട്ടുണ്ട്. ഞാൻ ഒന്നും പറയാതെ പോയാൽ മുഴുവനും ചേട്ടന് കൊടുത്താൽ എന്ത് ചെയ്യും! ഈ ഒരു ബോധമുള്ള പെൺകുട്ടികളുമുണ്ട്. അത് പാടില്ല. അച്ഛനുണ്ടാക്കിയതൊക്കെ അച്ഛനുള്ളതാണ്. മക്കളെ പഠിപ്പിച്ചു കഴിഞ്ഞാൽ അവർ അവരവരുടെ കാര്യങ്ങൾ നോക്കണം. അങ്ങനെ ആയിരിക്കണം കുട്ടികൾ ചിന്തിക്കേണ്ടത്. ഇതാണ് എന്റെ ഇതിനെ കുറിച്ചുള്ള അഭിപ്രായം..”, വിജയരാഘവൻ പറഞ്ഞു.