‘എനിക്ക് ആകെ 2 കുട്ടികളെ ഉള്ളൂ, വേറെ ആരുമില്ല! അവരുടെ കാര്യങ്ങൾ അന്വേഷിക്കാൻ പോയതാണ്..’ – നടൻ വിജയകുമാർ

ഈ കഴിഞ്ഞ ദിവസമാണ് നടൻ വിജയകുമാറിന് എതിരെ മകളും നടിയുമായ അർത്ഥന ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. വീടിന്റെ മതിൽ ചാടിക്കടന്ന് അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തി എന്നായിരുന്നു ആരോപണം. വിജയകുമാറും അർത്ഥനയുടെ അമ്മ ബിനുവും ബന്ധം വേർപിരിഞ്ഞാണ് താമസിക്കുന്നത്. സംഭവത്തിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് വിജയകുമാർ.

തനിക്ക് ഷൂട്ട് ഇല്ലാതിരുന്ന ഇടവേളയിൽ മക്കളെ കാണാൻ പോയതാണെന്നും അവരുടെ വിവരങ്ങൾ അന്വേഷിക്കാൻ പോയതാണെന്നും വിജയകുമാർ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. ഇളയമകൾ പ്ലസ് ടു പാസ്സായത് ഇപ്പോഴാണെന്നും ഇനി എന്ത് കോഴ്സ് ആണ് പഠിക്കാൻ പോകുന്നതെന്നും എവിടെയാണ് ചേരുന്നതെന്നും അറിയാൻ വേണ്ടിയാണ് താൻ പോയത്.

താൻ വിളിച്ചാൽ അമ്മ കുട്ടികൾക്ക് ഫോൺ കൊടുക്കില്ലെന്നും അതുകൊണ്ടാണ് നേരിൽ കാണാൻ പോയതെന്നും അദ്ദേഹം പറഞ്ഞു. തന്റെ മക്കളുടെ ആവശ്യത്തിന് കുറച്ച് പണം തന്റെ സിനിമയുടെ നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫനിൽ നിന്ന് വാങ്ങിച്ച് ഭാര്യയുടെ അക്കൗണ്ടിലേക്ക് ഇട്ടിരുന്നു. അത് കിട്ടിയോ എന്ന് ഉറപ്പുവരുത്താൻ കൂടിയാണ് പോയത്. ഇളയമകൾ ഗേറ്ററിന് വെളിയിൽ നിൽക്കുന്നുണ്ടായിരുന്നു. മഴ പെയ്യുന്നുവെന്ന് പറഞ്ഞ് അവൾ ഗേറ്റ് തുറന്നു തന്നിട്ടാണ് അകത്തേക്ക് പോയത്.

പക്ഷേ വീടിന്റെ ഡോർ അടച്ചെന്നും അതിനാലാണ് ജനലിൽ ഇപ്പുറത്ത് നിന്ന് സംസാരിച്ചത്. ഇളയമകളോട് കാര്യം പറയുമ്പോഴാണ് മൂത്തമകൾ അർത്ഥന വരുന്നതെന്നും കാനഡയിൽ ആണെന്നാണ് ഭാര്യ പറഞ്ഞതെന്നും നീ ഇവിടെ ഉണ്ടായിരുന്നോ എന്നും ചോദിച്ചെന്നും അദ്ദേഹം പറഞ്ഞു. തന്റെ അനുവാദം ഇല്ലാതെ മകളെ കാനഡയിൽ വിട്ടതിന് പൊലീസിൽ പരാതി നൽകിയിരുന്നു. മകൾ പഠനത്തിനാണ് പോയതെന്ന് അറിയില്ലായിരുന്നു. അത് അറിയേണ്ട കടമ ഒരു അച്ഛനില്ലേ എന്നും അദ്ദേഹം ചോദിച്ചു.

ഒരു വർഷം കഴിഞ്ഞ് മകൾ അന്വേഷിപ്പിൻ കണ്ടെത്തും എന്ന സിനിമയിൽ അഭിനയിച്ചേന്ന് അറിഞ്ഞപ്പോൾ ഞെട്ടിപ്പോയെന്നും കാനഡയിലുള്ള മകൾ എങ്ങനെ അത് ചെയ്യും? ഇതും താൻ ചോദിച്ചു. തനിക്ക് ഇഷ്ടമുള്ള സിനിമയിൽ അഭിനയിക്കുമെന്നായിരുന്നു മകളുടെ മറുപടി. കുട്ടികൾ സിനിമയിൽ അഭിനയിക്കരുതെന്ന് തനിക്കില്ല, പക്ഷേ ഏത് സിനിമയാണ് ആരുടെ സിനിമയാണെന്ന് അറിയാനുള്ള അവകാശം തനിക്കുണ്ട്. സിനിമയിൽ തനിക്ക് ശത്രുക്കളുണ്ടെന്നും അവരുടെ വലയിൽ പോയി വീഴാതിരിക്കാനാണ് അങ്ങനെ ചോദിക്കുന്നതും അദ്ദേഹം പറഞ്ഞു.

അവർ എത്ര തള്ളി പറഞ്ഞാലും തനിക്ക് അവരെ തള്ളി പറയാൻ പറ്റില്ലെന്നും അവർ തന്റെ മക്കളാണെന്നും വിജയകുമാർ പറഞ്ഞു. തനിക്ക് ആകെ രണ്ട് കുട്ടികളെ ഉള്ളുവെന്നും വേറെയാരുമില്ലെന്നും അദ്ദേഹം പറഞ്ഞു. അവരുടെ കാര്യങ്ങൾ ഇനിയും താൻ ശ്രദ്ധിക്കുമെന്നും താൻ പറയുന്നത് സത്യമാണെന്നും വിജയകുമാർ പറഞ്ഞു. തന്റെ കുട്ടികൾക്ക് വേണ്ടി കൂടിയാണ് താൻ കഷ്ടപ്പെടുന്നത്. ആറ് സിനിമകളിൽ ഇതുവരെ ഈ വർഷം അഭിനയിച്ചെന്നും എന്നെങ്കിലും ഒരിക്കൽ അവർ തന്നെ മനസ്സിലാക്കുമെന്നും വിജയകുമാർ പറഞ്ഞു.