തമിഴ് സിനിമ നടനും രാഷ്ട്രീയ നേതാവുമായ വിജയകാന്തിന്റെ ആരോഗ്യനില തൃപ്തികരമല്ലെന്ന് മെഡിക്കൽ ബുള്ളറ്റിൻ പുറത്തുവന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം ഇപ്പോൾ. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ ഉള്ളതിനാൽ രണ്ടാഴ്ചയോളം ആശുപത്രിയിൽ തുടരേണ്ടി വരുമെന്നാണ് റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. ചികിത്സയുമായി ബന്ധപ്പെട്ട് പല വാർത്തകളും പ്രചരിച്ചിരുന്നു.
ഈ മാസം ഇരുപതിനാണ് അദ്ദേഹത്തിനെ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്. അദ്ദേഹം വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കഴിയുന്നതെന്ന് റിപ്പോർട്ടുകൾ വന്നപ്പോൾ ബന്ധുക്കളും പാർട്ടി നേതാക്കളും തള്ളിയിരുന്നു. ഉടനെ ഡിസ്ചാർജ് ചെയ്യുമെന്നും പറഞ്ഞിരുന്നു. രണ്ടാഴ്ച കൂടി ആശുപത്രിയിൽ കഴിയേണ്ടി വരുമെന്ന് റിപ്പോർട്ട് വന്നതോടെ ആരാധകർ ടെൻഷനിലായി.
അദ്ദേഹം പൂർണാരോഗ്യവാനായി തിരിച്ചുവരുന്നത് കാണാൻ പ്രാർത്ഥനകളോടെ കാത്തിരിക്കുകയാണ് ആരാധകരും പാർട്ടിയിലെ അണികളും. ഡി.എം.ഡി.കെ എന്ന പേരിൽ 2005-ൽ സ്വന്തമായി രൂപീകരിച്ച വ്യക്തിയാണ് വിജയകാന്ത്. 2006ലെ ഇലെക്ഷനിൽ എല്ലാ സീറ്റിലും പാർട്ടി മത്സരിച്ചെങ്കിലും വിജയകാന്ത് മത്സരിച്ച സീറ്റിൽ മാത്രമാണ് വിജയിക്കാൻ കഴിഞ്ഞത്. രണ്ട് തവണ അദ്ദേഹം എംഎൽഎയായി.
വിജയകാന്തിനെ മലയാളികൾക്ക് കൂടുതൽ സുപരിചിതം സിനിമകളിലൂടെയാണ്. ഇനിക്കും ഇളമൈ എന്ന ചിത്രത്തിലൂടെയാണ് വിജയകാന്ത് അരങ്ങേറ്റം കുറിക്കുന്നത്. 2010 വരെ അദ്ദേഹം സിനിമയിൽ സജീവമായി നിന്നു. പിന്നീട് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയപ്പോൾ അഭിനയ ജീവിതത്തോട് ഗുഡ് ബൈ പറയുകയും ചെയ്തു വിജയകാന്ത്. ക്യാപ്റ്റൻ എന്ന പേരിലാണ് വിജയകാന്ത് അറിയപ്പെടുന്നത്. പ്രേമലതയാണ് ഭാര്യ. രണ്ട് മക്കളുണ്ട്.