‘സീരിയലിൽ മുഴുവൻ സവർണ മേധാവിത്വം! മുസ്ലീമിന്റെയോ ക്രിസ്ത്യാനിയുടെയോ കഥയുണ്ടോ..’ – നടി ഗായത്രി

മലയാള സിനിമയിൽ സജീവമായി അഭിനയിച്ചുകൊണ്ടിരിക്കുന്ന ഒരു അഭിനയത്രിയാണ് ഗായത്രി വർഷ. ആ പേര് പറയുന്നതിനേക്കാൾ മീശ മാധവനിലെ ‘സരസു’ എന്ന കഥാപാത്രത്തിന്റെ പേര് പറയുന്നതായിരിക്കും പ്രേക്ഷകർക്ക് കുറച്ചുകൂടി എളുപ്പം. സി.ഐ.ഡി ഉണ്ണികൃഷ്ണൻ ബിഎ,ബിഎഡ് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് വന്ന ഒരാളാണ് ഗായത്രി. സീരിയലുകളിലും ഗായത്രി അഭിനയിക്കുന്നുണ്ട്. ഇപ്പോഴിതാ ഗായത്രി ഒരു വേദിയിൽ പറഞ്ഞ വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്.

“ഞാൻ അഭിനയിക്കുന്ന സീരിയലുകളുടെ കാര്യം പറയാം. ഒരു ന്യൂനപക്ഷ കഥയുണ്ടോ, മുസ്ലിമിന്റെയോ ക്രിസ്ത്യന്റെയോ ഏതെങ്കിലും ഒരു ന്യൂനപക്ഷത്തിന്റെ കഥയുണ്ടോ? എത്ര ചാനലുകളുണ്ട് ഇവിടെ! എത്ര സീരിയലുകളുണ്ട്. ഇതിൽ എന്തെങ്കിലും ഒരു സീരിയലുകളിൽ ഒരു മുസൽമാൻ കഥാപാത്രമുണ്ടോ? ചട്ടയും മുണ്ടുമുടുത്ത അമ്മ കഥാപാത്രമുണ്ടോ? ഒരു പള്ളീലച്ഛനുണ്ടോ.. ഒരു മൊല്ലാക്കയുണ്ടോ.. ഒരു ദളിതനുണ്ടോ?

മാറ് മുറിച്ച് കൊടുത്തിട്ട് ന.ഗ്നത മറയ്ക്കുന്ന അവകാശം വേണമെന്ന് പറഞ്ഞ നങ്ങേലിയുടെ അദ്ധ്വാനിക്കുന്ന ജനതയുടെ കൊയ്ത്ത് അരിവാൾ പാട്ടുപാടുന്ന ഒരു പെണ്ണിനെ നമ്മൾ നമ്മുടെ ടിവിയിൽ കാണുന്നുണ്ടോ? എന്തുകൊണ്ടാണ് ഇത്. അവരാരും കാണാൻ കൊള്ളില്ലേ? ഇപ്പോൾ സുന്ദരിയെന്ന പേരിട്ട് ഒരു കറുത്ത പെണ്ണിനെ സീരിയലിൽ കൊണ്ടുവന്നിട്ട് അവളെ വെളുപ്പിച്ചിട്ടാണ് കാണിക്കുന്നത്. അവളെ പൊട്ടിട്ട് പട്ടുസാരി ഉടുപ്പിച്ച് ചന്ദനകുറിയിട്ട് വലിയ സിന്ദൂര പൊട്ടണിഞ്ഞിട്ട് ഒരു സവർണ മേധാവിത്വം തോന്നിപ്പിക്കുന്ന തരത്തിലാണ് അവളെ ഇറക്കുന്നത്.

എന്തുകൊണ്ട്? ചുമ്മാതെയാ? വെറുതെയല്ല.. ഒരു ട്രയാങ്കളാണിത് തീരുമാനിക്കുന്നത്. നമ്മൾ എപ്പോഴും കരയുന്ന, ഭീതിപ്പെടുന്ന, എങ്ങനെ ജീവിക്കുമെന്ന് കരുതുന്ന 126 പേരടങ്ങുന്ന ഒരു ഗ്രൂപ്പുണ്ട്. ആരാണ് അത് ഇന്ത്യയിൽ അറിയുമോ? അവർക്ക് വേണ്ടിയാണ് ഈ രാജ്യം ഭരിക്കപ്പെടുന്നത്. ആരാ കോർപറേറ്റുകൾ! ഇതിൽ ഒന്നോ രണ്ടോ മൂന്നോ കോർപറേറ്റുകൾ തീരുമാനിക്കും ഈ ട്രയാങ്കളിന്റെ ഒരു കോൺ, ട്രയാങ്കളിനെ മറ്റെ രണ്ട് കോൺ അടങ്ങിയ ബേസ് ആര് തീരുമാനിക്കും. നരേന്ദ്ര മോദിയുടെയും അമിത ഷായുടെയും സവർണ ഫാസിസ്റ്റ് ഭരണകൂടം തീരുമാനിക്കും!

ഇതിന്റെ ഇടയിലുള്ള ട്രയാങ്കളിലാണ് ചാനലുകളുള്ളത്. ഈ പറഞ്ഞ കോർപറേറ്റ് ആണ് ചാനലുകൾക്ക് പൈസ കൊടുക്കുന്നത്. കോർപറേറ്റിന് വേണ്ട എല്ലാ കാര്യങ്ങളും സർക്കാർ നോക്കിക്കോളും. അങ്ങനെ നമ്മുടെ സാംസ്കാരിക ലോകത്തെയും വച്ചുകൊടുത്തു. സെൻട്രൽ ബ്രോഡ്കാസ്റ്റിംഗ് മിനിസ്റ്റി തീരുമാനിക്കും എന്ത് കാണിക്കണം, എന്ത് കാണിക്കേണ്ടന്ന്.. കോർപറേറ്റുകൾക്ക് ഗുണമുണ്ടാക്കുന്ന പരസ്യങ്ങളും പാട്ടുകളും സിനിമകളും സീരിയലുകളും കാണിക്കുക.. ഇതാണ് നടക്കുന്നത്..”, ഗായത്രി വേദിയിൽ പറഞ്ഞു.