ഗായിക സിത്താര കൃഷ്ണകുമാർ തന്റെ മുപ്പത്തിയേഴാം ജന്മദിനം ആഘോഷിക്കുകയാണ് ഇന്ന്. പ്രിയഗായികയ്ക്ക് ആശംസകൾ നേർന്ന് നിരവധി പേരാണ് പോസ്റ്റുകൾ ഇട്ടിരിക്കുന്നത്. ആരാധകരെ കൂടാതെ സിത്താരയുടെ അടുത്ത സുഹൃത്തുക്കളും പിറന്നാൾ ആശംസിച്ചിട്ടുണ്ട്. മഴവിൽ മനോരമയിലെ സൂപ്പർ ഫോറിലെ സഹ വിധികർത്താക്കളായിരുന്ന മൂന്ന് പേരും സിത്താരയ്ക്ക് ആശംസകൾ നേർന്ന് പോസ്റ്റുകൾ ഇട്ടിട്ടുണ്ട്.
റിമി ടോമി, ജ്യോത്സന രാധാകൃഷ്ണൻ, വിധു പ്രതാപ് എന്നിവർ സിത്താരയ്ക്ക് ജന്മദിനം ആശംസിച്ച് പോസ്റ്റുകൾ ഇട്ടിരിക്കുന്നത്. ഇതിൽ സിത്താരയ്ക്ക് ഇന്നേവരെ കിട്ടാത്ത രീതിയിലുള്ള ഒരു ജന്മദിനം വിധു പ്രതാപിന്റെ വക ഉണ്ടായിരുന്നു. സിത്താരയെ പോസ്റ്റിൽ ആദ്യ അവസാനം ട്രോളിയാണ് വിധു ആശംസകൾ നേർന്നത്. സിത്താരയെക്കാൾ ചെറുപ്പമാണ് താനെന്നും വിധു പോസ്റ്റിലൂടെ വാദിക്കുന്നുണ്ട്.
“സിത്തു.. ഞാൻ ഒരുപാട് ആലോചിച്ചു, പിറന്നാൾ ആയിട്ട് നിന്നെ പറ്റി നല്ല രണ്ട് വാക്ക് എഴുതാൻ.. സംഭവം നീയൊരു തല്ലിപ്പൊളിയാണെങ്കിലും നാട്ടുകാരുടെ മുന്നിൽ എനിക്കുഅത് വിളിച്ചു പറയാൻ പറ്റുവോ? പിന്നെ നമ്മൾ തമ്മിൽ എന്ത് സൗഹൃദം!! ഞാൻ ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ തൊട്ടേ നീ എന്റെ റോൾ മോഡലായിരുന്നു. അന്ന് നീ അഞ്ചിലോ മറ്റോ ആണ്!!
ഇന്നും ആ മുട്ടുവേദനയും നടു വേദനയും വെച്ച് നീ സ്റ്റേജിൽ ജനങ്ങളെ കൈയിലെടുക്കുന്നത് കാണുമ്പോൾ ഞാൻ ആശ്ചര്യത്തോടെ നോക്കി നിൽക്കാറുണ്ട്. എന്നും ആയുരാരോഗ്യ സൗഖ്യത്തോടെ ഒരു ഇരുനൂറ്, അല്ലേൽ വേണ്ട.. ഒരു നൂറ് വയസ്സുകൂടെ നീ സന്തോഷത്തോടെ ജീവിക്കാൻ ഞാൻ ആശംസിക്കുന്നു.. എന്ന് നിന്റെ കൊച്ച് അനിയൻ – വിധു പ്രതാപ്..”, വിധു കുറിച്ചു. ഇങ്ങനെയൊരു പണി കൊടുക്കണ്ടായിരുന്നു ചേട്ടാ എന്നായിരുന്നു പലരും രസകരമായ രീതിയിൽ കമന്റ് ചെയ്തിരിക്കുന്നത്.