‘ഇത് ശരിക്കുമൊരു ബഹുമതിയാണ്..’ – പ്രധാനമന്ത്രിയെ നേരിട്ട് കണ്ട് വിവാഹം ക്ഷണിച്ച് നടി വരലക്ഷ്മി ശരത്കുമാർ

തമിഴ് സിനിമകലയിൽ വളരെ സജീവമായി നിൽക്കുന്ന ഒരു താരപുത്രിയാണ് നടി വരലക്ഷ്മി ശരത്കുമാർ. നടൻ ശരത്കുമാറിന്റെ മകളായ വരലക്ഷ്മി ഈ അടുത്തിടെയാണ് താൻ വിവാഹിതയാകാൻ പോകുന്നുവെന്ന സന്തോഷം ആരാധകരുമായി പങ്കുവച്ചിട്ടുണ്ടായിരുന്നത്. നിക്കോളായ് സച്‌ദേവ് എന്നാണ് വരലക്ഷ്മിയെ വിവാഹം ചെയ്യാൻ പോകുന്നയാളുടെ പേര്. വിവാഹനിശ്ചയത്തിന്റെ ഫോട്ടോസാണ് വരലക്ഷ്മി അന്ന് പങ്കുവച്ചത്.

ഇപ്പോഴിതാ തങ്ങളുടെ വിവാഹത്തിന് ക്ഷണിക്കാൻ വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിട്ട് കാണാൻ പോയതിന്റെ സന്തോഷം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് വരലക്ഷ്മി. അദ്ദേഹത്തിന്റെ വിലപ്പെട്ട സമയം അനുവദിച്ചതിന് നന്ദിയും പറഞ്ഞു. “നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിയെ കാണാൻ സാധിച്ചത് എന്തൊരു ഭാഗ്യമായിരുന്നു. ഞങ്ങളുടെ റിസപ്ഷന് അദ്ദേഹത്തെ ക്ഷണിച്ചു. വളരെ ഊഷ്മളവും സ്വാഗതവും ആയതിന് നന്ദി.

നിങ്ങളുടെ തിരക്കുകൾക്കിടയിലും നിങ്ങളുടെ വിലയേറിയ സമയം ഞങ്ങളോടൊപ്പം ചിലവഴിച്ചു. ശരിക്കും ഒരു ബഹുമതിയാണ് സർ.. നന്ദി അച്ഛാ ഇത് സാധ്യമാക്കിയതിന്..”, ചിത്രങ്ങൾക്ക് ഒപ്പം വരലക്ഷ്മി കുറിച്ചു. നിരവധി പേരാണ് വരലക്ഷ്മിയ്ക്ക് ആശംസകൾ നേർന്ന് കമന്റ് ഇട്ടിട്ടുള്ളത്. ഭാവിവരനെയും കൂട്ടിയാണ് വിവാഹം ക്ഷണിക്കാൻ വരലക്ഷ്മി പ്രധാനമന്ത്രിയെ കാണാൻ പോയത്. ആ ഫോട്ടോയും പങ്കുവച്ചിട്ടുണ്ട്.

തമിഴ് നാട്ടുകാരികൂടിയായ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെയും വരലക്ഷ്മി വിവാഹത്തിന് ഡൽഹിയിൽ എത്തിയപ്പോൾ ക്ഷണിച്ചു. ഇത് കൂടാതെ കേന്ദ്രമന്ത്രി എൽ മുരുഗദാസിനെയും വിവാഹത്തിന് ക്ഷണിച്ചതിന്റെ ഫോട്ടോസ് പങ്കുവച്ചിട്ടുണ്ട്. ശരത്കുമാറും താരത്തിന് ഒപ്പമുണ്ടായിരുന്നു. ഈ വർഷം മാർച്ചിലാണ്‌ ശരത്കുമാറിന്റെ ഓൾ ഇന്ത്യ സമത്വ മക്കൾ കാച്ചി പാർട്ടി ബിജെപിയുടെ സഖ്യകക്ഷിയായി മാറിയത്.