‘ഞാൻ അഭിനയിച്ചിട്ടുള്ളതിൽ ഏറ്റവും മികച്ച സിനിമ, ജയ് ഗണേഷ് രോമാഞ്ചം ഉണ്ടാക്കും..’ – പ്രതികരിച്ച് ഉണ്ണി മുകുന്ദൻ

ഉണ്ണി മുകുന്ദനെ നായകനാക്കി രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്യുന്ന ജയ് ഗണേഷ് എന്ന ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ഏവരും കാത്തിരിക്കുന്ന സിനിമ ഏപ്രിൽ മാസം പതിനൊന്നാം തീയതിയാണ് റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. ഉണ്ണി മുകുന്ദന്റെ ഏറെ വ്യത്യസ്തമായ ഒരു കഥാപാത്രമായിരിക്കും ജയ് ഗണേഷിൽ ഉള്ളതെന്ന് സിനിമ അന്നൗൻസ് ചെയ്ത സമയത്ത് തന്നെ സംവിധായകൻ വെളിപ്പെടുത്തിയതാണ്.

ഇപ്പോഴിതാ സിനിമ ചിത്രീകരണം പൂർത്തിയായി റിലീസ് പ്രഖ്യാപിച്ച സമയത്ത് ഉണ്ണി തന്നെ സിനിമയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ജയ് ഗണേഷ് സിനിമ കണ്ടുവെന്നും താരം അറിയിച്ചു. “ജയ് ഗണേഷ് കണ്ടു തീർത്തു. എന്റെ എളിമ മാറ്റിവെച്ചുകൊണ്ട്, ഒരു അഭിനേതാവെന്ന നിലയിലും ഞാനും അഭിനയിച്ചിട്ടുള്ളതിൽ ഏറ്റവും മികച്ച സിനിമ ജയഗണേഷ് ആണെന്ന് ഞാൻ സത്യസന്ധമായി പറയും.

ഏപ്രിൽ 11ന് സ്‌ക്രീനിലെത്തുമെന്നും രോമാഞ്ചം നൽകുമെന്നും ഞാൻ ഉറപ്പ് നൽകുന്നു..”, ഉണ്ണി മുകുന്ദൻ കുറിച്ചു. ജയ് ഗണേഷും മാളികപ്പുറം പോലെ ഭക്തി ആസ്പദമാക്കിയ ചിത്രമാണോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. അല്ലെന്നാണ് രഞ്ജിത്ത് ആദ്യം പറഞ്ഞത്. ഉണ്ണിയുടെ കോൺഫിഡൻസ് കണ്ടതോടെ പ്രേക്ഷകരും ഏറെ പ്രതീക്ഷയാണ് ചിത്രത്തെ കുറിച്ച് അർപ്പിച്ചിരിക്കുന്നത്. വെക്കേഷൻ സീസണിലാണ് സിനിമ ഇറങ്ങുന്നത്.

അതേസമയം പോസ്റ്റിന് താഴെ ഒരാൾ മോശമായി കമന്റ് ഇട്ടപ്പോൾ അയാൾക്ക് ഉണ്ണി മറുപടിയും കൊടുത്തു. “ഇങ്ങനെ ഒക്കെ പടം എടുത്താലേ വിജയിക്കു മാർക്കറ്റിംഗ് കൊള്ളാം..”, ഇതായിരുന്നു കമന്റ്. “നീ മാറ്റി പറയും.. ഒരു മനുഷ്യനെ കുറിച്ചും അവന്റെ പ്രയത്നത്തെ കുറിച്ചും മുൻവിധി കാണിച്ചതിന് നിങ്ങൾ സ്വയം ലജ്ജിച്ചു ഇരിക്കും..”, ഇതായിരുന്നു ഉണ്ണിയുടെ കലക്കൻ മറുപടി. ഉണ്ണിയുടെ ആരാധകർ പിന്തുണച്ച് മറുപടികൾ ഇടുകയും ചെയ്തു.