‘വേൾഡ് വൈഡ് 100 കോടി പിന്നിട്ട് മാളികപ്പുറം! അയ്യപ്പന് നന്ദി പറഞ്ഞ് ഉണ്ണി മുകുന്ദൻ..’ – ചരിത്രമെന്ന് ആരാധകർ

ഉണ്ണി മുകുന്ദൻ നായകനായി എത്തിയ മാളികപ്പുറം സിനിമ തിയേറ്ററുകളിൽ വളരെ അപ്രതീക്ഷിത ഹിറ്റായി മാറിയ ചിത്രമാണ്. നാല്പത് ദിവസമായി തിയേറ്ററുകളിൽ ഓടി കൊണ്ടിരിക്കുന്ന ചിത്രം ഇപ്പോഴും ചില ദിവസങ്ങളിൽ പ്രതേകിച്ച് ഞായറാഴ്ചകളിൽ മിക്ക തിയേറ്ററുകളിലും ഹൗസ് ഫുളായി ഓടാറുണ്ട്. 25, 50 കോടികൾ പിന്നിട്ട മാളികപ്പുറം 75, 100 കോടികൾ പിന്നിടുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നു.

ഇപ്പോഴിതാ സിനിമ റിലീസായി നാല്പതാം ദിവസം മാളികപ്പുറം 100 വേൾഡ് വൈഡ് പിന്നിട്ടു കഴിഞ്ഞതിന്റെ സന്തോഷം ഉണ്ണി മുകുന്ദൻ പങ്കുവച്ചിരിക്കുകയാണ്. 50 കോടിയിൽ നിന്ന് വളരെ പെട്ടന്നാണ് 100 കോടിയിലേക്ക് എത്തിയത്. ഈ സമയത്താണ് മാളികപ്പുറം അന്യഭാഷകളിലേക്ക് ഡബ് ചെയ്തു റിലീസ് ചെയ്തിരുന്നത്. അതുകൊണ്ട് തന്നെ തമിഴ് നാട്, തെലുങ്ക് പ്രദേശങ്ങളിൽ നിന്ന് നല്ല കളക്ഷനും ലഭിച്ചിട്ടുണ്ട്.

മോഹൻലാൽ ചിത്രമായ പുലിമുരുകനും ലൂസിഫറുമാണ് ഇനി ഉണ്ണി മുകുന്ദന്റെ മാളികപ്പുറത്തിന് മുന്നിലുള്ളത്. വരും ദിവസങ്ങളിൽ ഒ.ടി.ടിയിലേക്ക് എത്തുന്നതുകൊണ്ട് തന്നെ ആ റെക്കോർഡ് മറികടക്കുമോ എന്നത് സംശയമാണ്. തന്റെ സിനിമയെ ഹൃദയത്തോട് ചേർത്ത് സ്നേഹിച്ച എല്ലാവർക്കും നന്ദി പറയുന്നതിനോടൊപ്പം തന്നെ ഉണ്ണി അയ്യപ്പനും നന്ദി പറഞ്ഞ് എഴുതിയാണ് സന്തോഷം പങ്കുവച്ചത്.

ഇത് കൂടാതെ മാളികപ്പുറം സിനിമയിൽ തനിക്ക് ഒപ്പം പ്രവർത്തിച്ചവർക്ക് എല്ലാവർക്കും ആശംസകൾ അറിയിക്കുകയും ചെയ്തു. ഉണ്ണിക്ക് അഭിനന്ദനങ്ങൾ അറിയിച്ച് നിരവധി പേരാണ് കമന്റുകൾ ഇട്ടിരിക്കുന്നത്. പക്ഷേ ചിലർ ഇത് തള്ള് അല്ലേ ഇത്രയും ആയോ എന്നൊക്കെ സംശയം ഉന്നയിക്കുന്നുണ്ട്. എന്തായാലും പല യുവതാരങ്ങൾക്കും ഇതുവരെ കഴിയാത്ത നേട്ടമാണ് ഉണ്ണി മുകുന്ദൻ ഈ ചിത്രത്തിലൂടെ നേടിയെടുത്തത്.