ഉണ്ണി മുകുന്ദൻ നായകനായി തിയേറ്ററിൽ ഗംഭീര അഭിപ്രായം നേടി വൻ വിജയമായി തീർന്ന ചിത്രമായിരുന്നു മേപ്പടിയാൻ. ഉണ്ണി മുകുന്ദന്റെ കരിയറിലെ മികച്ച വേഷങ്ങളിൽ ഒന്ന് കൂടിയായിരുന്നു ഇത്. നവാഗതനായ വിഷ്ണു മോഹനാണ് ചിത്രം സംവിധാനം ചെയ്തത്. ഉണ്ണി മുകുന്ദനെ കൂടാതെ സൈജു കുറുപ്പ്, അജു വർഗീസ്, അഞ്ജു കുര്യൻ തുടങ്ങിയ താരങ്ങളും സിനിമയിൽ ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു.
സിനിമയുടെ വൻ വിജയം മാത്രമായിരുന്നില്ല. ഉണ്ണി മുകുന്ദനെ തേടി ധാരാളം പുരസ്കാരങ്ങളും എത്തിയിരുന്നു. ഇപ്പോഴിതാ സിനിമയുടെ സംവിധായകനായ വിഷ്ണു മോഹന് ഉണ്ണി മുകുന്ദൻ ഒരു സമ്മാനം നൽകിയിരിക്കുകയാണ്. ബെൻസിന്റെ എസ്.യു.വി മോഡലായ ജി.എൽ.എ 200 ആണ് ഉണ്ണി മുകുന്ദൻ വിഷ്ണുവിന് സമ്മനമായി നൽകിയത്. ഇതിന് വിഷ്ണു അർഹനാണ് എന്നും ഉണ്ണി മുകുന്ദൻ അഭിപ്രായപ്പെട്ടു. 56 ലക്ഷം രൂപയാണ് വാഹനത്തിന്റെ കൊച്ചിയിലെ ഓൺ റോഡ് വില.
“പ്രിയ വിഷ്ണു, നീ ഓർക്കുന്നുവെങ്കിൽ, 2 വർഷം മുമ്പ് കൃത്യം ഈ ദിവസം, നമ്മൾ മേപ്പാടിയാൻ എന്ന സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചത്. എന്റെ ഭാഗത്ത് നിന്നുള്ള ഏറ്റവും ധീരമായ പ്രവർത്തിയാണ്. എന്റെ ഒപ്പം ഒരു പർവതം പോലെ നിന്നതിന് നന്ദി. രണ്ട് വർഷത്തിന് ശേഷം ഞാൻ ഒരുപാട് നേട്ടങ്ങൾ നേടി. ഹൃദയങ്ങളും അംഗീകാരങ്ങളും നേടി..! ബാംഗ്ലൂർ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ മികച്ച ഇന്ത്യൻ ചിത്രം ദുബായ് എക്സ് പോയിൽ പ്രദർശിപ്പിച്ച ആദ്യ ഇന്ത്യൻ സിനിമ.
ജെ.സി ഡാനിയൽ അവാർഡിലെ മികച്ച നടൻ ജൂറി അവാർഡ്, നവാഗത സംവിധായകനുള്ള അവാർഡ്, അങ്ങനെ നിരവധി അവാർഡുകൾ. എനിക്കറിയാം, ഇത് വളരെ വൈകിയിരിക്കുന്നു, പക്ഷേ നീ അത് അർഹിക്കുന്നു. ഇതാ നിങ്ങളുടെ ഡ്രൈവ്! നീ എടുത്ത പരിശ്രമങ്ങൾക്ക് എന്റെ ഭാഗത്തുനിന്നും മേപ്പാടിയൻ ടീമിൽ നിന്നും ഒരു ചെറിയ അഭിനന്ദനം. ഇത് ഒരു തുടക്കം മാത്രമാണ്. ഇത് ഒരു സമ്മാനമല്ല, ഇത് നീ അർഹിക്കുന്നത്. ബ്രോ, അടുത്ത തവണ വരെ! സ്നേഹം, ഉണ്ണി..’, ഉണ്ണി മുകുന്ദൻ കുറിച്ചു.