‘ആൾക്കാർ എന്ത് വിചാരിക്കും എന്ന് കരുതി എന്റെ വ്യക്തിത്വം മാറ്റാനാകില്ല..’ – തുറന്ന് പറഞ്ഞ് നടൻ ഉണ്ണി മുകുന്ദൻ

ഉണ്ണി മുകുന്ദൻ നായകനായ ജയ് ഗണേഷ് എന്ന സിനിമ റിലീസിന് ഒരുങ്ങുകയാണ്. സിനിമ അന്നൗൻസ് ചെയ്ത സമയം മുതൽ സമൂഹ മാധ്യമങ്ങളിൽ യാതൊരു ആവശ്യമില്ലാത്ത വിവാദങ്ങൾ ഉയർന്നിരുന്നു. എങ്കിലും സിനിമ റിലീസിനോട് അടുത്തിരിക്കുകയാണ്. ഏപ്രിൽ പതിനൊന്നിനാണ് റിലീസ് ചെയ്യുന്നത്. രഞ്ജിത്ത് ശങ്കറാണ് സിനിമയുടെ സംവിധാനം. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി അഭിമുഖങ്ങൾ നൽകികൊണ്ടിരിക്കുകയാണ് താരങ്ങൾ.

ഇതിൽ ഒരു അഭിമുഖത്തിൽ ഉണ്ണി പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. “കഴിഞ്ഞ 12 വർഷമായി എന്നെ മലയാള സിനിമ കണ്ടുകൊണ്ടിരിക്കുകയാണ്. ഞാൻ പ്രതേക വിഭാഗത്തിന്റെ ആളാണെന്ന് പെട്ടന്ന് ഒരു സുപ്രഭാതത്തിൽ പ്രചാരണം ആരംഭിച്ചതാണ്. അത് ആസൂത്രിതം ആണെന്ന് എനിക്ക് തോന്നാറുണ്ട്. എന്റെ നിലപാടുകൾ അതിന് കാരണം ആയിട്ടുണ്ടാകാം. നേട്ടങ്ങൾക്ക് വേണ്ടി ചിലത് പറയുക, ചിലത് പറയാതിരിക്കുക എന്നത് എനിക്ക് ഇഷ്ടമല്ല.

അങ്ങനെ ആരുടേയും ഗുഡ് ബുക്കിൽ കയറാനും എനിക്ക് താല്പര്യമില്ല. ചിലർക്ക് എന്നെ ഇഷ്ടമാണ്.. മറ്റു ചിലർക്ക് വെറുപ്പും. ആൾകാർ എന്ത് വിചാരിക്കുമെന്ന് കരുതി, എന്റെ വ്യക്തിത്വം മാറ്റാൻ എനിക്ക് താല്പര്യമില്ല. ഞാൻ ഇങ്ങനെയാണ്, അതിലൊരു മാറ്റവും ഉണ്ടാകില്ല. സ്വന്തം വ്യക്തിത്വം പണയപ്പെടുത്തി ആരുടെയും ഗുഡ് ബുക്കിൽ എനിക്ക് കയറേണ്ട. ഞാൻ എനിക്ക് ഇഷ്ടമുള്ള ചിത്രങ്ങളിലാണ് അഭിനയിക്കുന്നത്.

പ്രധാനമന്ത്രിക്ക് ഒരു ആശംസ അറിയിച്ചതും ഹനുമാൻ ജയന്തിക്ക് ഒരു ഫോട്ടോ പോസ്റ്റ് ചെയ്തതും വലിയ സംഭവമാണോ എന്ന് ചോദിച്ചാൽ എനിക്ക് അറിയില്ല. രാഷ്ട്രീയവും സിനിമയും മതവും കൂട്ടികുഴച്ച സംസാരിക്കുന്നവരോട് എനിക്ക് ഒന്നും പറയാനില്ല. ഈ വിവാദങ്ങൾ എല്ലാം ചിലർ ഉണ്ടാക്കുകയാണ്. മലയാള സിനിമയെ ഇഷ്ടപ്പെടുന്ന സാധാരണ കുടുംബങ്ങളാണ് എന്നെ ഇവിടെ വരെ എത്തിച്ചത്. ഞാൻ മുന്നോട്ട് പോകണോ എന്ന് അവർ തന്നെ തീരുമാനിക്കട്ടെ..”, ഉണ്ണി അഭിമുഖത്തിൽ പറഞ്ഞു.