ഇന്ത്യൻ സിനിമ എന്ന് പറയുമ്പോൾ ഒരു സമയം വരെ പ്രേക്ഷകരുടെ മനസ്സിൽ ആദ്യം ഓർമ്മ വരിക ബോളിവുഡ് ചിത്രങ്ങളായിരുന്നു. പക്ഷേ ഇന്ന് ബോളിവുഡ് സിനിമയെക്കാൾ മുന്നിൽ നിൽക്കുന്നത് തെന്നിന്ത്യൻ സിനിമകളാണ്. മുമ്പും തെന്നിന്ത്യൻ സിനിമകൾ കണ്ടന്റിന്റെ കാര്യത്തിൽ മുന്നിൽ തന്നെയായിരുന്നു. പക്ഷേ ബോക്സ് ഓഫീസിൽ ബോളിവുഡ് സിനിമകളെ പോലെ ചിലനം സൃഷ്ടിക്കാൻ കഴിയാറില്ല.
ഇപ്പോൾ ബോക്സ് ഓഫീസിലും ബോളിവുഡ് സിനിമകളേക്കാൾ കളക്ഷൻ നേടുന്നത് തെന്നിന്ത്യൻ സിനിമകളാണ്. തെലുങ്ക് സിനിമകളാണ് ഇതിൽ മുന്നിൽ നിൽക്കുന്നത്. ഇത് കൂടാതെ തമിഴ് സിനിമയിലും കളക്ഷൻ ലഭിക്കാറുണ്ട്. കന്നഡ സിനിമ മേഖല കെജിഎഫും കാന്താരയും ഇറങ്ങിയതോടെ പാൻ ഇന്ത്യ ലെവലിൽ അറിയപ്പെടുന്നുണ്ട്. മലയാള സിനിമ മാത്രമാണ് കളക്ഷന്റെ കാര്യത്തിൽ തെന്നിന്ത്യയിൽ പിന്നിൽ നിൽക്കുന്നത്.
ഇപ്പോഴിതാ ഇന്ത്യ സിനിമയിലെ ഏറ്റവും ജനപ്രിയരായ പത്ത് നായകന്മാരുടെ ലിസ്റ്റ് ഓർമക്സ് മീഡിയ പുറത്തുവിട്ടിരിക്കുകയാണ്. ബോളിവുഡ് നായകനടന്മാരെ പിന്തള്ളി തമിഴിന്റെ സ്വന്തം ദളപതി വിജയ് ആണ് ഒന്നാമത് നിൽക്കുന്നത്. പത്താൻ നൂറ് കോടി നേടിയതോടെ ഷാരൂഖ് ഖാൻ രണ്ടാമത് എത്തി. തെലുങ്കിൽ നിന്നുള്ള പ്രഭാസും ജൂനിയർ എൻടിആറുമാണ് മൂന്നും നാലും സ്ഥാനങ്ങളിൽ.
തമിഴിൽ നിന്ന് അജിത് അഞ്ചാം സ്ഥാനം നേടിയപ്പോൾ, തെലുങ്ക് സൂപ്പർസ്റ്റാറുകളായ റാം ചരണും അല്ലു അർജുനും ആറും ഏഴും സ്ഥാനങ്ങൾ നേടി. തുടരെ പരാജയങ്ങൾ സമ്മാനിച്ച അക്ഷയ് കുമാർ എട്ടാമത് ഇപ്പോഴും ഉണ്ടെന്നതും ശ്രദ്ധേയമാണ്. സൽമാൻ ഖാനാണ് ഒൻപതാം സ്ഥാനത്ത്. കന്നഡ സിനിമയിൽ നിന്ന് കെജിഎഫ് നായകൻ യാഷ് പത്താം സ്ഥാനത്തുണ്ട്. മലയാളത്തിൽ നിന്ന് ഒറ്റ നടൻമാർ പോലുമില്ല എന്നത് ഏറെ വിഷമം ഉണ്ടാക്കുന്ന ഒന്നാണ്.