‘ഈ അച്ഛനെ ഓർമ്മയുണ്ടോ, ഉണ്ടാവില്ല! കാരണം മറക്കാൻ നമ്മൾ മിടുക്കരാണല്ലോ..’ – കുറിപ്പുമായി നടൻ ടിനി ടോം

മിമിക്രി കലാരംഗത്ത് നിന്നും സിനിമയിലേക്ക് എത്തിയ ഒരാളാണ് നടൻ ടിനി ടോം. ഇന്ന് സിനിമയിൽ തന്റേതായ ഒരു ഇടം നേടിയെടുത്ത ടിനി നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം പിടിച്ചുപറ്റിയ ഒരാളാണ്. ടെലിവിഷൻ കോമഡി ഷോകളിലൂടെയാണ് കരിയറിന്റെ തുടക്കത്തിൽ ടിനി ശ്രദ്ധനേടിയത്. ഇപ്പോൾ പല കോമഡി പ്രോഗ്രാമുകളിലും മെന്ററായി വരുന്ന ഒരാളായി ടിനി മാറി കഴിഞ്ഞു.

സമൂഹ മാധ്യമങ്ങളിൽ സജീവമായ ടിനി സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് എത്തിയ ഒരു അച്ഛന്റെ ഫോട്ടോ പങ്കുവച്ചുകൊണ്ട് ഇതാരാണെന്ന് മനസ്സിലായോ എന്ന രീതിയിൽ ചോദ്യം ഉന്നയിച്ച് ഒരു കുറിപ്പ് പങ്കുവച്ചത് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. “ഈ അച്ഛനെ ഓർമ്മയുണ്ടോ ഉണ്ടാവില്ല കാരണം നമ്മൾ മറക്കാൻ മിടുക്കരാണല്ലോ.. കൃത്യം 8 മാസം മുൻപ് നമുക്ക് ഒരു മകളെ നഷ്ടപ്പെട്ടു.

ഡോക്ടർ വന്ദന ദാസ്, ആ കുഞ്ഞിന്റെ അച്ഛനാണ് ഇത്! ഇദ്ദേഹത്തെ ഞാൻ പരിചയപ്പെട്ടത് സുരേഷ്‌ഗോപി ചേട്ടന്റെ മകളുടെ തിരുവനന്തപുരത്ത് നടന്ന വിവാഹ റിസപ്ഷനിൽ വച്ചാണ്. ഭാഗ്യയുടെ കല്യാണ ചടങ്ങുകളിൽ വച്ച് ഏറ്റവും മഹനീയ സാന്നിധ്യമായി എനിക്ക് തോന്നിയത് ഈ അച്ഛന്റെ സാന്നിധ്യം തന്നെയാണ്. ഒരു ചാനലുകളും ഇദ്ദേഹത്തിനെ തിരിച്ചറിഞ്ഞില്ല. ഒരു അച്ഛൻ മകളുടെ കല്യാണം നടത്തുന്നത്‌ കൺനിറയെ കാണുകയായിരുന്നു ഈ അച്ഛൻ.

ഞാൻ അഡ്രെസ്സ് മേടിച്ചു. ഇപ്പോൾ വീട്ടിൽ കാണാൻ എത്തി. നിങ്ങളും ഈ മുട്ടുചിറ കോട്ടയം വഴി പോകുമ്പോൾ ഒന്ന് ഈ വീട്ടില് വരുക ഒന്നിനും അല്ല എന്ത് നമ്മൾ കൊടുത്താലും പകരം ആവില്ലല്ലോ.. ഒരു സാന്ത്വനം അത് വലിയ ഒരു ആശ്വാസം ആയിരിക്കും ഈ അച്ഛന്..”, ടിനി ടോം കുറിച്ചു. ടിനി ചേട്ടൻ ചെയ്തത് വളരെ നല്ലയൊരു കാര്യമാണ്, അവർക്ക് ഒരു ആശ്വാസമായി കാണും എന്നൊക്കെ അഭിനന്ദിച്ച് കമന്റുകളും ലഭിച്ചു.